‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’ രണ്ടാം പതിപ്പില്‍
ഇരുളടഞ്ഞകാലം; ബ്രിട്ടീഷ് ഇന്ത്യയോട് ചെയ്തത് എന്ന മികച്ച കൃതിക്കു ശേഷം പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരീന്റേതായി പുറത്തിറങ്ങിയ പുസ്തകമാണ് ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് ‘. വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയില്‍ വളരെയധികം പ്രസക്തിയുള്ള പുസ്തകമാണിത്. തരൂര്‍ എഴുതിയ WHY I AM A HINDU എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ഈ പുസ്തകം. സെനു കുര്യന്‍ ജോര്‍ജ്ജ്, ധന്യ കെ. എന്നിവര്‍ ചേര്‍ന്നാണ് പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചത്.
ലോകമതങ്ങളില്‍ ഏറ്റവും പഴക്കം ചെന്നവയില്‍ ഒന്നും വിശ്വാസങ്ങളിലും ആചാരങ്ങളിലും വലിയതോതില്‍ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതുമായ ഹിന്ദുമതത്തെ സമകാലിക രാഷ്ട്രീയ- സാമൂഹിക ചുറ്റുപാടുകളില്‍ നിരീക്ഷിക്കുകയാണ് ശശി തരൂര്‍. എന്താണ് ഒരാളെ പിന്ദുവാക്കുന്നത്? ഇന്ത്യന്‍ പാരമ്പര്യം ഹിന്ദുമതത്തിന്റെ ചുറ്റുപാടുകളുമായി എങ്ങനെയൊക്കെ യോജിക്കുന്നു, എവിടെയൊക്കെ വിയോജിക്കുന്നു? സര്‍വ്വോപരി ഇന്നു ഹിന്ദുമതത്തെ രാഷ്ട്രീയദാര്‍ശനികതയായി പ്രയോഗിക്കുമ്പോള്‍ പൗരാണിക പാരമ്പര്യത്തെ എത്രമാത്രം വളച്ചൊടിക്കുന്നു? തുടങ്ങി ഒട്ടേറെ മര്‍മ്മപ്രധാനമായ പ്രശ്‌നങ്ങള്‍ക്ക് ഊത്തരം തേടുന്നു ഗ്രന്ഥകാരന്‍.
യഥാര്‍ത്ഥ ഹൈന്ദവികതയും ഇന്നു ഹിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നതെന്നവകാശപ്പെടുന്ന സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വവും തമ്മിലുള്ള കാര്യമായ വൈജാത്യങ്ങളെ എണ്ണിപ്പറയുന്നു എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി.
ഒരു ഹിന്ദുവെന്ന നിലയില്‍ ഞാനെന്റെ വിശ്വാസത്തെക്കുറിച്ച് എഴുതുന്നു, ഹൈന്ദവികതയെക്കുറിച്ചുള്ള സാമ്പ്രദായികമായ പഠനങ്ങളില്‍ പ്രകടമാകുന്ന നിസ്സംഗത എനിക്ക് അപ്രാപ്യമാണ് എന്ന് ഏറ്റുപറഞ്ഞുകൊണ്ടുതന്നെ എന്ന് ശശി തരൂര്‍ പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പില്‍ പറയുന്നു. ചില അനുഷ്ഠാനങ്ങളുടെ പാളിച്ചകളെ മനസ്സിലാക്കിക്കൊണ്ടുതന്നെ ഹിന്ദുത്വത്തോടുള്ള എന്റെ ആരാധനയും അഭിമാനവും എന്റെ വിമര്‍ശന വിചാരങ്ങളെക്കാളും ഒരുപടി മുന്നിലാണ്, അതില്‍ കുറ്റബോധവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Comments are closed.