‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’
ഇരുളടഞ്ഞകാലം; ബ്രിട്ടീഷ് ഇന്ത്യയോട് ചെയ്തത് എന്ന മികച്ച കൃതിക്കു ശേഷം പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരീന്റേതായി പുറത്തിറങ്ങിയ പുസ്തകമാണ് ”ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവാണ്”. വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയില്‍ വളരെയധികം പ്രസക്തിയുള്ള പുസ്തകമാണിത്. തരൂര്‍ എഴുതിയ WHY I AM A HINDU എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ഈ പുസ്തകം.
പുസ്തകത്തെക്കുറിച്ച് ഈശ്വരന്‍ നമ്പൂതിരി എഴുതുന്നു;
നമുക്കു വേണ്ടത് ഹിന്ദുന്ദമല്ല, ഹൈന്ദവികതയാണ് –
ഇന്ത്യയുടെ പുരാതനസംസ്‌കൃതിയും പാരമ്പര്യവും ഇന്നു നാം’ഹിന്ദുമതം’ എന്നു വിവക്ഷിക്കുന്ന ജീവിതചര്യ/ദാര്‍ശനികത (നിങ്ങള്‍ക്കിഷ്ടമുള്ള പേര് അതിനെ വിളിക്കാം,അതാണതിന്റെ അന്യാദൃശമായ സവിശേഷത) ആണെന്നതില്‍ നമുക്കു സംശയമില്ല. എന്നാല്‍ ഇന്ന് അധികാരസ്ഥാനത്തിരിക്കുന്ന ബി.ജെ.പി.യും സമാനസംഘടനകളും മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വംഅത് നാം ആദ്യമേ പ്രസ്താവിച്ച പൗരാണികമായ ജീവിതചര്യതന്നെയാണോ? അതോ അതിനെ നിക്ഷിപ്തതാത്പര്യങ്ങളോടെ പലരും രാഷ്ട്രീയപരമായും മറ്റും വളച്ചൊടിച്ചതാണോ? അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടണ്ട് ഒരു യഥാര്‍ത്ഥഹിന്ദു തന്റെ ഹൈന്ദവികതയല്ല അവര്‍ പറയുന്ന ഹിന്ദുത്വമെന്ന് നിരാകരിക്കാത്തത്? ഹിന്ദുവായിരിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇത്തരം ചില ചോദ്യങ്ങളുടെ ഉത്തരം തേടലാണ് ശശി തരൂരിന്റെപുതിയ പുസ്തകം ‘ഞാന്‍ എന്തു
കൊണ്ടൊരു ഹിന്ദുവാണ്’ എന്നതിലൂടെ ശ്രമിക്കുന്നത്. എന്റെ ഹൈന്ദവികത, രാഷ്ട്രീയഹൈന്ദവികത, ഹൈന്ദവികതയുടെ വീണ്ടെടുപ്പ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളായിട്ടാണ് ശശി തരൂരിന്റെ പുസ്തകത്തില്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.
മതവിശ്വാസത്തിന്റെ പ്രമുഖ ദര്‍ശനങ്ങള്‍, പ്രമാണങ്ങള്‍, ആചാര്യന്മാര്‍, ഉപദേശങ്ങള്‍, മതം എന്നനിലയില്‍ സമകാലിക ലോകത്ത് അതിന്റെ ഏറ്റവും സന്ദിഗ്ദ്ധമായ സാമൂഹ്യവ്യവഹാരങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പര്യവേക്ഷണം നടത്തുകയാണ് ആദ്യഭാഗം. ചുരുക്കിപ്പറഞ്ഞാല്‍ ഹൈന്ദവികതയുടെ ഒരു ലഘുപരിചയമാണ് ഒന്നാംഭാഗത്ത് നിര്‍വഹിച്ചിരിക്കുന്നത്. അത് ആ ദര്‍ശനത്തിലെ ബഹുലതയും ബഹുസ്വരതയും വൈവിധ്യവും ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയിലെ മധ്യവര്‍ഗ ഹിന്ദുക്കളില്‍രൂഢമൂലമായ വിശ്വാസമുണ്ടെന്നിരിക്കത്തന്നെ അവര്‍ ഏറ്റവും ഉദാരമായും സഹിഷ്ണുതയോടെയുമാണ് സഹവിശ്വാസികളോടു പെരുമാറുന്നത്. ”ഈശ്വരനും മനുഷ്യനുംപ്രപഞ്ചവും പരസ്പരബന്ധമുള്ളവയാണെന്ന അസാധാരണമായ ദര്‍ശനവും ഹൈന്ദവികതയുടേതു മാത്രമാണ്” എന്ന് ഗ്രന്ഥകാരന്‍ ആദ്യം തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്ന് ”ഒന്നിലധികം കേന്ദ്രബിന്ദുക്കളുള്ള ഒരു മതമാണ് ഹൈന്ദവികത. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നിരവധി കേന്ദ്രബിന്ദുക്കള്‍ അനുവദിക്കുന്നതുകൊണ്ട് ഏകീകൃതമായ ഒരു ആകാരമോപൗരോഹിത്യ പ്രാമാണ്യമോ ആരാധനാശക്തിയോ ഇതിനില്ല. കേന്ദ്രബിന്ദുവില്ലാത്തതുകൊണ്ട് പ്രത്യേകിച്ച് അരികുകളുമില്ല; ഒരു വിശ്വാസപ്രമാണത്തെയും പുറത്തു നിര്‍ത്താത്ത സനാതനധര്‍മ്മം എല്ലാം സ്വീകരിക്കുന്നതാണ്.” എന്നുകൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
ശശി തരൂര്‍ രജ്ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖം
”ഹൈന്ദവികതയില്‍നിന്നു വ്യത്യസ്തമായി സെമിറ്റിക് അഥവാ അബ്രഹാമിക് മതങ്ങള്‍ തങ്ങള്‍ ദൈവത്തില്‍നിന്ന് ഉണ്ടായവരാണെന്ന് സ്വയം വിശ്വസിക്കുന്നു… എന്നാല്‍ സനാതനധര്‍മ്മമാകട്ടെ, അതിന്റെ അനുഗാമികളെ നിത്യമായ ഒരു സത്യാന്വേഷണത്തിനാണ് പ്രേരിപ്പിച്ചത്; അത് ഉയരങ്ങളില്‍നിന്ന് ഒരുദൈവം അല്ലെങ്കില്‍ ഒരു പ്രവാചകന്‍ വെളിപ്പെടുത്തിയതല്ല, മറിച്ച്,ജപധ്യാനങ്ങള്‍കൊണ്ടും ധര്‍മ്മനിഷ്ഠമായ ജീവിതംകൊണ്ടും അനുഭവംകൊണ്ടും അന്വേഷിച്ചറിയേണ്ടതാണ്” എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഹൈന്ദവികതയെ ഒരു വലിയ വടവൃക്ഷത്തിനു സമാനം ഈ മണ്ണില്‍ വേരുറപ്പിച്ച, അതിന്റെ വളര്‍ച്ച തുടരുന്ന ഒരു ‘ജൈവജാതി’യായിട്ടാണ് ശശി തരൂര്‍ കാണുന്നത്. അത് വളരുന്നതോടൊപ്പം ഈ മണ്ണിലേക്കെത്തുന്ന എല്ലാ സംസ്‌കാരങ്ങളെയും അല്പാല്പം തന്നിലേക്കു ചേര്‍ത്തുകൊണ്ടിരിക്കുന്നു. അത് ഈ സംസ്‌കാരത്തിന്റെ മാത്രം മറ്റൊരു പ്രത്യേകതയാണ്. അദ്ദേഹംപറയുന്നു, ”ഒരു ഹിന്ദുവിന് തന്റെ വിശ്വാസത്തിന്റെ തലങ്ങളില്‍ ഒന്നോ അതിലധികമോ തെരഞ്ഞെടുക്കാം; ക്ഷേത്രാചാരങ്ങളുടെയും മതപര മായ അനുഷ്ഠാനങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയും പുണ്യപ്രവൃത്തികളുടെയും നിത്യവൃത്തിയാവാം(കര്‍മ്മമാര്‍ഗം); വിപുലമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ഒരു പ്രത്യേക ദേവതാസങ്കല്പത്തെ സേവിച്ച് ആരാധിക്കുന്നതിന്റെയും ഉപവാസതപാദികളുടെയും ആത്മീയതയാവാം (ഭക്തിമാര്‍ഗം); വേദാന്തത്തിന്റെയും തത്ത്വമീമാംസകളുടെയും ആഴത്തിലുള്ള പഠനത്തിന്റെ ബൗദ്ധികതയാവാം(ജ്ഞാനമാര്‍ഗം). ” ഹിന്ദുവിന്ഈ ശ്വരാന്വേഷണത്തിന്റെ വഴികള്‍ പലതാവാം, പക്ഷേ ‘സര്‍വ്വദേവ നമസ്‌കാരം കേശവം പ്രതി ഗച്ഛതി’ എന്ന ചിന്തയാണ് നാം അറിഞ്ഞിരിക്കേണ്ടത്. പവിത്രഗ്രന്ഥങ്ങളുടെ കാര്യമെടുത്താലോ: നാലുവേദങ്ങള്‍, 108 ഉപനിഷത്തുക്കള്‍, 18 പുരാണങ്ങള്‍,ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍,ഭഗവദ്ഗീത. പുണ്യമല്ലാത്തത് ഏതാണ്? ആചാരങ്ങളുടെ വൈവിദ്ധ്യവും വൈപുല്യവും ഇതുപോലെതന്നെയാണ്. ”ജാതിവ്യവസ്ഥയുടെ പ്രശ്‌നങ്ങളില്‍നിന്ന് ഹൈന്ദവികതയെ ഒഴിവാക്കാനാകും എന്ന് നടിക്കുവാന്‍ ബുദ്ധിമുട്ടാണ്” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജാതീയതയെ വിചാരം ചെയ്യാന്‍ മടിക്കുന്നില്ല.
”ഇന്ത്യന്‍ ഭൂമികയില്‍നിന്ന് ജാതി മുഴുവനായും മാഞ്ഞുപോകില്ല: രാഷ്ട്രീയവും ഭരണഘടനാപരവുമായ പല അവകാശങ്ങളും (അസൗകര്യങ്ങളും) നിങ്ങളുടെ ജാതിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്; കൂടാതെ മിക്ക ഇന്ത്യക്കാര്‍ക്കും ജാതി ഒരു ജീവിതയാഥാര്‍ഥ്യമാണ്.” എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ”ഹൈന്ദവസമൂഹംഒരു മോശമായ ആചാരം പിന്തുടര്‍ന്നിരുന്നു എന്നതുകൊണ്ടുമാത്രം അത് മതത്തിന് അത്യന്താപേക്ഷിതമാണ് എന്നു വാദിക്കാനൊന്നും കഴിയില്ല.” എന്നു പറഞ്ഞുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്, പരിഷ്‌കരണങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ‘ഹൈന്ദവികതയിലെ മഹാരഥന്മാര്‍’ എന്ന അദ്ധ്യായം ഹിന്ദുദര്‍ശനത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വ്യാഖ്യാനത്തിന്റെയും ചിത്രമാണ് നല്‍കുന്നത്. ഈ അധ്യായത്തില്‍ ക്രിസ്തുവിനുമുമ്പ് മൂന്നുസഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് (ഇവിടെയും ഗ്രന്ഥകാരന്‍ വിയോജിപ്പിനുള്ള അവസരം, തികച്ചും ‘ഹൈന്ദവിക’മായിത്തന്നെ, നീക്കിവച്ചിട്ടുണ്ട്.) രൂപപ്പെട്ടതുമുതല്‍, ആദിശങ്കരന്‍ നല്‍കിയ ഉണര്‍വ്വും ജൈന-ബുദ്ധമതങ്ങളെ സ്വാംശീകരിച്ചശേഷമുള്ള പുനര്‍ജനനം, ഭക്തിപ്രസ്ഥാനങ്ങള്‍, കൊളോണിയല്‍ ഭരണകാലത്തുണ്ടായ പരിണാമദശകള്‍, പരിഷ്‌കരണങ്ങള്‍ എന്നിവയിലൂടെ സ്വാമി വിവേകാനന്ദനിലെത്തുന്നു. അതിനിടയില്‍ രാജാറാം മോഹന്‍ റോയ്, ബ്രഹ്മസമാജം, ആര്യസമാജം,സ്വാമി ദയാനന്ദസരസ്വതി, രമണ മഹര്‍ഷി, ശ്രീ അരബിന്ദോ തുടങ്ങിയവരൊക്കെ പരാമൃശമാകുന്നു.
”പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഹൈന്ദവികതയ്ക്ക് ആഗോളഭൂപടത്തില്‍ ഒരു സ്ഥാനം നേടിക്കൊടുത്തതില്‍ മറ്റാരേക്കാളും വലിയ പങ്കുവഹിച്ച” സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളെ സാമാന്യം സമഗ്രമായിത്തന്നെ ശശി തരൂര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ”സാമ്രാജ്യത്വഭരണാധികാരികള്‍ വെച്ചുനീട്ടിയ ക്രിസ്തീയ മേല്‍ക്കോയ്മയുടെ വര്‍ഗ്ഗവിവേചനപരമായ ആശയങ്ങള്‍ക്കു മുന്‍പിലും സ്വാമി വിവേകാനന്ദനും മറ്റു ഹിന്ദു പരിഷ്‌കരണവാദികളും ചിന്തകരും അവരുടെ വിശ്വാസസംഹിതയെ വീണ്ടും ഉറപ്പിച്ചുനിര്‍ത്തി.” എന്നു ശശി തരൂര്‍ ഒരു കാലഘട്ടത്തെ ഉപസംഹരിക്കുന്നു. ”വേദാന്ത പാരമ്പര്യത്തിന്റെ സ്വഭാവവും ഉള്ളടക്കവും വ്യക്തമാക്കുന്നത് സാമ്രാജ്യത്വ ഭരണത്തിനെതിരെ ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിനില്‍ക്കുവാന്‍ സഹായകമായെങ്കിലും സങ്കുചിതമായ ഒരു ഹിന്ദു ദേശീയവാദം അത് സൃഷ്ടിച്ചില്ല” എന്നതും അദ്ദേഹം ഊന്നിപ്പറയുന്നു. മഹാത്മാഗാന്ധിയെ ശശി തരൂര്‍ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട് ഈ അധ്യായത്തില്‍. ”ഹൈന്ദവികതയുടെ പരിഷ്‌കര്‍ത്താവ് എന്നതിലുപരി ഒരു പുനര്‍വ്യാഖ്യാതാവാണ്; തന്റെ വിശ്വാസങ്ങള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കും യോജിച്ചതെല്ലാം അദ്ദേഹം അതില്‍നിന്ന് കോരിയെടുത്തു; ഹൈന്ദവികതയുടെ പരമ്പരാഗതമായ പദസമ്പത്തിനെ അദ്ദേഹം അതില്‍നിന്നു വ്യതിചലിക്കാതെതന്നെപൊളിച്ചെഴുതി. ഹൈന്ദവികതയുടെ വിവേചനപരമായ പല സാമൂഹികസമ്പ്രദായങ്ങളെയും, അവയുടെ ഉത്ഭവസ്ഥാനമായ മതത്തെ തള്ളിപ്പറയാതെതന്നെ അദ്ദേഹം വിമര്‍ശിച്ചു. മറ്റുമതങ്ങളില്‍ വിശ്വസിച്ചിരുന്ന ഇന്ത്യക്കാരെയുംകൂടി വിശാലവും പലതും ചേര്‍ന്നതുമായ തന്റെ ഹൈന്ദവികതയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ഗാന്ധിജി ശ്രദ്ധിച്ചിരുന്നു” എന്നു തരൂര്‍ നിരീക്ഷിക്കുന്നു.
രാഷ്ട്രീയഹൈന്ദവികത എന്ന രണ്ടാം ഭാഗം ഇന്ത്യയില്‍ ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയും നിലപാടുകളുമാണ് വിശകലനവിധേയമാക്കുന്നത്. ലേഖകന്‍ പൗരാണികമായ ഇന്ത്യന്‍ സാംസ്‌കാരികതയെ അടയാളപ്പെടുത്താനും അതിനെ ആധാരമാക്കിയതെന്ന് അവകാശപ്പെട്ട് ഇന്നു പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സൈദ്ധാന്തികതയെ സൂചിപ്പിക്കാനും വ്യത്യസ്തപദങ്ങള്‍തന്നെ ഉപയോഗിക്കുന്നു എന്നത് ഇവ തമ്മിലുള്ള വൈജാത്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ആദ്യത്തേതിനെ അദ്ദേഹം ‘ഹൈന്ദവികത’ എന്നും രണ്ടാമത്തേതിനെ ‘ഹിന്ദുത്വം’ എന്നുമാണ് അദ്ദേഹം വിളിക്കുന്നത്.’ഹൈന്ദവികത എല്ലായ്‌പോഴും വൈരുദ്ധ്യങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ആരുമായി പൊരുത്തപ്പെട്ടിരുന്നു…” എന്നാല്‍ ഹിന്ദുത്വത്തിന് ഇതു സാധ്യമായിരുന്നില്ല. അവര്‍ ഒരു അധീശത്വമനോഭാവമാണ് പുലര്‍ത്തുന്നത്. ഹൈന്ദവികതയുടെ ഏറ്റവും വലിയ സവിശേഷതയായ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുക, ഒന്നിനെയും നിരാകരിക്കാതിരിക്കുക എന്നത് അവര്‍ കണ്ടില്ലെന്നു നടിച്ചു.ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ ആശയങ്ങളെ ജനങ്ങളിലെത്തിച്ചതിന്റെ, ഇന്ത്യയില്‍ ഹിന്ദുത്വരാഷ്ട്രീയം അതിന്റെ വേരുറപ്പിച്ചതിന്റെ നാള്‍വഴിയാണ് ഈ ഖണ്ഡത്തില്‍ തരൂര്‍ ചര്‍ച്ച ചെയ്യുന്നത്. സവര്‍ക്കറുടെയും ആര്‍.എസ്.എസ്സിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ ദയാല്‍ ഉപാധ്യായയുടെയും ആശയങ്ങളെ എടുത്തുവച്ച് അത് ‘ഭിന്നിപ്പിന്റെ’ രാഷ്ട്രീയമാകുന്നതെങ്ങനെ എന്നു വാദിക്കുന്നു. ഗോസംരക്ഷണത്തിന്റെ സമകാലിക ഹിന്ദുത്വരാഷ്ട്രീയത്തെ അദ്ദേഹം തൊട്ടടുത്ത അധ്യായത്തില്‍ ചോദ്യം ചെയ്യുന്നു. ”ഇന്ത്യയിലെ സെക്കുലറിസം, അങ്ങനെ, മതത്തെ രാജ്യത്തില്‍നിന്നു വേര്‍തിരിച്ചു കാണുന്നതായിരുന്നില്ല…” അദ്ദേഹം പറയുന്നു. ”എല്ലാ മതങ്ങളെയും ഒരുപോലെ കണക്കാക്കുന്ന സര്‍വധര്‍മ്മസമഭാവന രാമകൃഷ്ണനെയും വിവേകാനന്ദനെയും പോലെയുള്ള മഹാന്മാരായ സന്ന്യാസിമാര്‍ പ്രചരിപ്പിച്ച ആശയമാണ്. അതിനെ മഹാത്മാഗാന്ധിയും ഇന്ത്യയുടെ ദേശീയപ്രസ്ഥാനവും ഉയര്‍ത്തിപ്പിടിച്ചു. ഞാന്‍ വളര്‍ന്നുവന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അതു പരക്കെ അംഗീകരിക്കപ്പെട്ട ആശയമായിരുന്നു. ഹിന്ദുത്വത്തിന്റെ പ്രണേതാക്കള്‍ സര്‍വധര്‍മ്മസമഭാവന എന്ന ആശയത്തെ തള്ളിക്കളയുകയും സാര്‍വത്രിക മതം എന്ന ആശയത്തെ ഉപേക്ഷിച്ച് ഹിന്ദുക്കളുടെ സംസ്‌കാര പാരമ്പര്യത്തെയും ഹിന്ദുക്കളുടെ രാഷ്ട്രീയ അവകാശങ്ങളെയും കുറിച്ചു സംസാരിക്കുകയുംചെയ്യുന്നു.” ഹിന്ദുത്വക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുമത സ്വത്വബോധംഇടുങ്ങിയ രീതിയിലാണു നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.
ഗോമാംസ നിരോധനമായാലും പൗരാണിക ഗ്രന്ഥങ്ങളിലെ ശാസ്ത്രവിജ്ഞാനമായാലും അതൊക്കെ ഹൈന്ദവികതയുടെ ദുഷിച്ച വ്യാഖ്യാനങ്ങളില്‍നിന്ന് ഉരുവം കൊള്ളുന്നതാണെന്ന് ശശി തരൂര്‍ സമര്‍ത്ഥിക്കുന്നു. അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദിനെ രാമജന്മഭൂമിയാക്കി ഉയര്‍ത്തിക്കാട്ടി ഹിന്ദുത്വക്കാരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഇന്ധനമാക്കിയതെങ്ങനെ എന്നും അദ്ദേഹം അതിന്റെ നാള്‍വഴി വിശകലനം ചെയ്തുതന്നെ ചൂണ്ടിക്കാട്ടുന്നു. മതംമാറ്റം, മതേതരത്വം, ദേശീയത എന്നിങ്ങനെ സമകാലിക രാഷ്ട്രീയപരിസരങ്ങളില്‍ ഹിന്ദുത്വവാദികളള്‍ ഹൈന്ദവികതയെ വളച്ചൊടിക്കാന്‍ നടത്തുന്ന പലേ ചിന്താധാരകളും ഇവിടെ സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. ”ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു സാര്‍വ്വത്രിക മതവിശ്വാസത്തിന് ചേര്‍ന്ന പല ലക്ഷണങ്ങളും ഹൈന്ദവികതയ്ക്കുണ്ട് –സ്വകാര്യവും വ്യക്തിപരവുമായ ഒരു മതം, ഓരോ വ്യക്തി്ക്കും പ്രാമുഖ്യം നല്‍കുന്ന, ഒരു സമൂഹത്തിനു കീഴ്‌പ്പെടുത്താത്ത മതം; ജീവിതത്തിന്റെ ശരിയായ അര്‍ത്ഥത്തെക്കുറിച്ച് അവന്റേതായ അല്ലെങ്കില്‍ അവളുടേതായ നിഗമനത്തിലെത്തിച്ചേരുവാന്‍ ഒരു വിശ്വാസിക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുന്ന, ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഒരു മതവിശ്വാസം… ഏകദേശം 4,000 വര്‍ഷങ്ങളായി ഈ ധര്‍മ്മം അനശ്വരമായി തുടരുന്നു.” ഇതാണ് ഹൈന്ദവികതയുടെ യഥാര്‍ത്ഥ ചിത്രം.
Comments are closed.