‘ഞാന്‍ എന്ന ഭാവം’ ; എഴുത്തനുഭവം പങ്കുവെച്ച് ഡോ.കെ. രാജശേഖരന്‍ നായര്‍
‘ഞാന്‍ എന്ന ഭാവം’ എന്ന പുസ്തകത്തെക്കുറിച്ച് ഡോ.കെ. രാജശേഖരന്‍ നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ആറു പതിറ്റാണ്ടിലേറെയായി വൈദ്യം പഠിക്കുകയും പിന്നെ പഠിപ്പിക്കുകയും ചെയ്ത ഒരാള്‍, വെറും ചികിത്സ എന്നതിലുപരി താന്‍ മനസ്സിലാക്കിയ വൈദ്യത്തിന്റെ മാനവികതയും, അതിന്റെ അര്‍ത്ഥവും, അതിന്റെ അതിവിശാലമായ കാഴ്ചപ്പാടുകളേയും കുറിച്ച് ചിന്തിച്ചപ്പോള്‍ കിട്ടിയ ഉള്ളറിവ് തന്നാലാകുന്ന വണ്ണം സമ്യക്കായ വാക്കുകളില്‍ രേഖപ്പെടുത്താനുള്ള ശ്രമം എത്ര ക്ലേശമുള്ളതായിരുന്നു എന്നറിഞ്ഞു ഈ പുസ്തകം എഴുതിയപ്പോള്‍.
എണ്‍പതു വയസ്സെന്നാല്‍ സാധാരണ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞതാണ്. ആ സമയത്താണ് കിട്ടിയതല്ലാം ഒന്നു ക്രോഡികരിക്കാന്‍ തോന്നിയത്. നമിച്ചുപോയത് പ്രപഞ്ച നിയന്താവിന്റെ കാരുണ്യം ദയാപൂര്‍വ്വം ഇന്നും എനിക്കുണ്ടെന്ന് കണ്ടാണ്. മേധാശക്തിയുടെ തീഷ്ണത പണ്ടെപ്പോലെ നിലനിറുത്തിയത് ജനിതകവൈഭവമായിരിക്കും. എന്നാലും പ്രയാസമായിരുന്നു, വിവരങ്ങള്‍ അടുക്കിനാക്കാന്‍. നറേറ്റിവ് മെഡിസിന്‍ (Narrative medicine) എന്നും എനിക്കു ഹരമായിരുന്നു. അറിവുകളുണ്ടാകുന്നത് ഉപജ്ഞാതാക്കളുടെ മാത്രം സംഭാവനകള്‍ കൊണ്ടു മാത്രമല്ല. അതിനു പറ്റിയ ചരിത്ര/സമയ/ വിജ്ഞാന പശ്ചാത്തലം കൂടി വേണം. മുമ്പേ പോയവര്‍ തെളിച്ചിട്ട പാതകള്‍ വേണം, അവര്‍ കത്തിച്ചുവച്ച ദീപനാളങ്ങള്‍ വേണം. അവര്‍ പറഞ്ഞുവച്ച കഥകളുടെ സാരമറിയണം.
ഒരു വിജ്ഞാനവും, ശാസ്ത്രം പ്രത്യേകിച്ചും, തനിയെ പൂര്‍ണ്ണമാകുന്നുമില്ല. ഒരു സീമ കടന്നാല്‍ അവയുടെ പാരസ്പര്യം അവ്യക്തമായെങ്കിലും അനുഭവപ്പെടും ഏതു പഠിതാവിനും. അതാണ് ഞാന്‍ കണ്ടത്, വൈദ്യമെന്നത് എത്രയോ സ്‌നിഗ്ധമായ അറിവുകളുടെ ഒരുമയാണെന്ന്.
അതില്‍ തനി ശാസ്ത്രം മാത്രമല്ല, ഉദാത്ത ചിന്തകള്‍ വരും, തത്ത്വജ്ഞാനം വരും, കവിത വരും, ജന്മപുണ്യങ്ങളുടെ സഹജമായ പേലവമായ അനുഭൂതികളുണ്ടാവും.
ആദ്യം ലേശം ഒരു പേടിയുണ്ടായിരുന്നു, അവ ഞാനിച്ഛിച്ച രീതിയില്‍ പറഞ്ഞൊപ്പിക്കാനാകുമോ എന്ന്. കഥ തുടങ്ങേണ്ടത് ജീവന്റെ ആദ്യതുടിപ്പുകള്‍ തൊട്ടാവണം. ആ ‘മീന്‍ തൊട്ടു കൂട്ടല്‍’ വരുമ്പോള്‍ ആദ്യത്തെ മൂന്നര നാലു ബില്യണ്‍ കൊല്ലത്തെ കാര്യവും പറയണം. ജീവനുകള്‍ പാടെ കരിഞ്ഞുപോയ പല ചാവു കാലങ്ങളേയും പറയണം. അതൊക്കെ കടന്നു ഇരുകാല്‍ ജീവികളായ ഹോമോ കൂട്ടങ്ങളുടെ ഒന്നു രണ്ടു ലക്ഷം കൊല്ലങ്ങള്‍ കൊണ്ടുവന്ന അത്യവിശ്വസനീയമായ മസ്തിഷ്‌കവികസനത്തിന്റെ തുടക്കക്കഥകളും പറയണം.
അത്രയ്ക്കും മാത്രം വേണം നൂറോളം പേജുകള്‍. ബോറടിപ്പിക്കാതെ ആ കഥകള്‍ പറയാനായി ഉപകഥകളായി എന്തിനേയും കടിച്ചു മുറിച്ച് അകത്തു കയറി ഉള്ളില്‍ നിന്നു തിന്നുന്ന താടിലെല്ലില്ലാത്ത ഹാഗ് ഫിഷിനേയും, ലാബ്രി ഫിഷിനേയും, ഒരു കുത്തുകൊണ്ട് പാറ്റയെ പിന്നുള്ള അതിന്റെ നീണ്ട ആയുഷ്‌ക്കാലം മുഴുവന്‍ കടന്നല്‍ കുഞ്ഞുങ്ങള്‍ക്ക് ജീവനോടെ ആഹരിക്കാന്‍ പാകമാക്കുന്ന മരതക കടന്നലിനേയും (Jewel wasp) ഒക്കെ ഉള്‍ക്കൊള്ളിക്കേണ്ടി വന്നു.
പിന്നെയാണ് പുരാതനമാനവര്‍ തൊട്ടു തുടങ്ങിയ വൈദ്യത്തിന്റെ കഥകള്‍ ആരംഭിക്കുന്നത്. ചികിത്സകളെന്ന പേരില്‍ ഷമാനിസം തുടങ്ങിയത് നിയാഡര്‍ത്താലുകള്‍ മുതലാവും. കുഴികളില്‍, ഗുഹകളില്‍ തുരങ്കങ്ങളില്‍ അവര്‍ ചിത്രം വരച്ചും നൃത്തം ചെയ്തുമൊക്കെ തുടങ്ങിയ ചികിത്സ എങ്ങനെ ശാസ്ത്രീയമായി മാറി എന്നറിയുന്നത് മനുഷ്യകുലത്തിന്റെ ചരിത്രം കൂടിയാണ്.
2021 വരെയുള്ള കഥകള്‍ പറയാനായി പിന്നത്തെ നാന്നൂറിലധികം പേജുകള്‍ വേണ്ടി വന്നു. അവയിലെ അന്വേഷണം ചെന്നു നില്‍ക്കുന്നത് സാധാരണ വൈദ്യത്തില്‍ നിന്നുയര്‍ന്നു മനുഷ്യന്റെ അന്തസത്തയും, ഉള്ളറിവും, ആത്മാവും എങ്ങനെ രൂപപ്പെടുന്നുമാണ്.
ഒരുകാലത്ത് സഹചരരായിരുന്ന മനീഷികളുടെ അന്വേഷണത്തിന്റെ പാത പിന്തുടര്‍ന്നപ്പോള്‍ മനസ്സിലായത് അവര്‍ പാതിവഴിയില്‍ അവ ഉപേക്ഷിച്ചു എന്നാണ്. അവിടെയാണ് ഭാരതീയ ദര്‍ശനങ്ങളുടെ പ്രസക്തി വീണ്ടും ഞാനറിയുന്നത്. അങ്ങനെയാണ് മഹാസ്മൃതിയില്‍ വിലയം ചെയ്യുന്ന ആത്മാവും സാര്‍വ്വലൗകികതയും ഒക്കെ അറിയുന്നത്. ഞാനെന്ന ഭാവം പാടെ അങ്ങു പോകുന്നതും അവിടെയാണ്.
എഴുതിക്കൊണ്ടിരുന്നപ്പോള്‍ വെറുതേ തോന്നിപ്പോയി എന്തിനു തിരികെ ഞാന്‍ നാട്ടില്‍ വന്നെന്ന്, അധ്യാപനനാളുകള്‍ കഴിഞ്ഞപ്പോള്‍ എന്തേ എന്റെ സുഹൃത്തുകളുടെ തിരികെ വരാനുള്ള ആമന്ത്രണത്തിനു ചെവി കൊടുത്തില്ല എന്ന്, ഇത്രയും ഡാറ്റ എന്തിനു എന്റെ മലയാളത്തില്‍ എഴുതുന്നു എന്ന്.
ഒരു ഉത്തരമേ ഉള്ളൂ ഇതിനെല്ലാം. ഈ നാടിലില്ലെങ്കില്‍, ഈ ഭാഷയില്ലെങ്കില്‍ എനിക്കു ഒരു അസ്തികത്വവുമില്ല. അങ്ങനെ മാനത്തു വേരുള്ള മനുഷ്യനായി ജീവിക്കാന്‍ വയ്യ.
എഴുതിക്കൊടുത്ത് ആറുമാസത്തിനകം ഡി.സി. ബുക്‌സ് അതു കമനീയമായ ഒരു പുസ്തകമാക്കി കഴിഞ്ഞ 2021 ഒക്ടോബറില്‍ വിപണിയിലെത്തിച്ചു. എന്റെ പുസ്തകപ്രസിദ്ധീകരണങ്ങള്‍ ആഘോഷമാക്കാനൊന്നും എനിക്കറിഞ്ഞുകൂടാ. അവയ്ക്ക് പെരുമ്പറ കൊട്ടുന്ന അവതാരികകളും പഠനങ്ങളും പഠനശിബിരങ്ങളും സംഘടിപ്പിക്കാനും എനിക്ക് അറിഞ്ഞു കൂടാ. വമ്പന്‍ സാംസ്‌കാരികവ്യക്തികളേയും എനിക്കു അറിഞ്ഞു കൂടാ.
പക്ഷെ ഇവരാരുമല്ലാതെ, എന്റെ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്ന കുറച്ച് വരേണ്യരായ വായനക്കാരുണ്ട്..
ശ്രീ എന്‍.ഇ. സുധീറും, കവയിത്രി ശ്രീമതി വിജയലക്ഷ്മിയും, ശ്രീ ജയചന്ദ്രന്‍ നായരും എഴുതിയ ധന്യമായ വാക്കുകള്‍ എന്നെ സന്തോഷപ്പെടുത്തുന്നു. എന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത (അതു ഏറെക്കുറെ പ്രയാസവുമാണ്, ഞാന്‍ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാറുമില്ല) എന്റെ പേരക്കുട്ടികളുടെ പ്രായമൊക്കെ വരുന്ന കുഞ്ഞുങ്ങളും എന്റെ വായനക്കാരുടെ കൂട്ടത്തിലുണ്ട്, നല്ല വാക്കുകള്‍ പറയുന്നവരുടെ കൂട്ടത്തിലുമുണ്ട്.
എന്റെ പുസ്തകങ്ങള്‍ വെറും ലൈറ്റ് റീഡിങ്ങ് സ്റ്റഫാണെന്ന അവകാശമൊന്നുമില്ല. വായനക്കാരില്‍ നിന്നു ഒരു പരിധിവരെ ബൗദ്ധികമായ പങ്കെടുക്കല്‍, സാന്നിദ്ധ്യം ഞാന്‍ ആവശ്യപ്പെടുന്നുമുണ്ട്. അതിനു പകരം ഞാന്‍ അവര്‍ക്കു നല്‍ക്കുന്നത് അനന്യലഭ്യമായ വിവരങ്ങളാണെന്ന് വിനയത്തോടെ അവകാശപ്പെടുന്നുമുണ്ട്.
ഈ നല്ല വായനക്കാരല്ലാതെ എനിക്ക് വേറൊരു സഹായവും സംരക്ഷണവും എനിക്കു കിട്ടുകയില്ല എന്നുമറിയാം. ഇന്നത്തെ കാലിക പ്രസക്തിയുള്ള സാമൂഹ്യരാഷ്ട്രീയസംരക്ഷണവും, ആശ്രയവും എനിക്കില്ലാത്തതു കൊണ്ട് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല.
പക്ഷെ എന്റെ വായനക്കാര്‍ക്കു ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ നിര്‍ലോഭം തരുന്നു. വായിക്കാന്‍ എളുപ്പമല്ലെന്നു കരുതപ്പെടാവുന്ന ഈ പുസ്തകം എന്റെ പ്രസാധകരുടെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലുണ്ട്. (പതിനഞ്ചാമത്തേതാണെങ്കിലും അത്രയെങ്കിലും)
അടുത്ത പതിപ്പ് ഈ മാസം തന്നെ തുടങ്ങുന്നു എന്നതും നല്ല കാര്യം – ആറു മാസം ഒരു ശാസ്ത്രപുസ്തകത്തിന്റെ ആദ്യപതിപ്പിന്. അതിനു നന്ദി എന്റെ വായനക്കാരോടു രേഖപ്പെടുത്തണം.
Comments are closed.