‘നിഴല്‍പ്പോര്’ പത്തോ പന്ത്രണ്ടോ പേജുകളില്‍ ഒതുങ്ങുന്ന ഒരു കഥയാകുമെന്നു കരുതി എഴുതി തുടങ്ങിയ നോവല്‍: വിനീഷ് കെ എന്‍
പാമ്പുകളെപ്പോലെയും മനുഷ്യരെപ്പോലെയും ഇതര മൃഗങ്ങളെപ്പോലെയും മറ്റൊരു ജീവിവര്‍ഗമായി പുലരുന്ന ദൈവങ്ങളുള്ള ഒരു തീരദേശ നാട്ടുമ്പുറമാണ് ഈ നോവലിന്റെ ഭൂമിക. അവിടെ തലമുറകളായി ജീവിക്കുന്നവരാകട്ടെ, മറ്റുള്ളവര്‍ക്ക് തിരുത്താന്‍ കഴിയാത്ത ഓരോരോ അവനവന്‍ കഥകളില്‍ അഭിരമിക്കുന്ന മനുഷ്യര്‍. കെട്ടുകഥകളും ആഭിചാരങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന കഥാഗാത്രത്തെ അനാര്‍ഭാട ഭാഷകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു.
ചെറുപ്പത്തില്‍ കേട്ട കഥകളും ആ സംഭവവും ചേര്‍ന്ന് പത്തോ പന്ത്രണ്ടോ പേജുകളില്‍ ഒതുങ്ങുന്ന ഒരു കഥയാകുമെന്നു കരുതി ഞാന്‍ എഴുതി തുടങ്ങിയതാണ് ഈ നോവല്‍. നോവലെഴുത്ത് സ്വപ്നത്തില്‍ പോലുമില്ലാത്തതിനാല്‍ അത്തരം ആലോചനകളൊന്നുമുണ്ടായില്ല. പക്ഷേ, എനിക്കെഴുതി നിര്‍ത്താനായില്ല. ജീവിതം ഒരത്ഭുതമായതിനാല്‍ ഇന്നത് ഇവിടെ എത്തി നില്‍ക്കുന്നു. ഇനിയും ഏറെ എഴുതാനുണ്ടായിരുന്നുവല്ലോ എന്നെനിക്ക് ഈ നോവല്‍ പൂര്‍ത്തിയായിട്ടും തോന്നി. പക്ഷേ, നോവലില്‍ ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നതു പോലെ എല്ലാം പറയേണ്ടതില്ല എന്നതോര്‍ത്ത് ആശ്വാസം കൊള്ളുന്നു. ഇതിലെ ഒരൊറ്റ കഥാപാത്രങ്ങളും എനിക്ക് പരിചയമില്ലാത്തവരായിയില്ല. കേട്ടറിഞ്ഞ ചിലരുണ്ട്. നേരിട്ട് കണ്ടവരുണ്ട്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പലരോടും ഈ നോവലിന്റെ കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ട്.
ഞാന്‍ കേട്ട കഥകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനോ നിങ്ങള്‍ കേട്ട കഥകള്‍ എനിക്ക് കേള്‍ക്കാനോ ഒരിക്കലും കഴിയുകയില്ല. നമ്മളുള്ള ഭൂമികയും സാഹചര്യങ്ങളും കഥപറച്ചിലുകാരുടെ കഥനരീതിയും ചേര്‍ന്ന് ഒരേ കഥ തന്നെ പലതായി മാറും. ആ കഥകളില്‍ നിന്നും മറ്റൊരു കഥ ജനിക്കും. അതങ്ങനെ തുടര്‍ന്ന് പോകും. അവിശ്വാസിയെക്കാള്‍ വലിയ അവിശ്വാസികളാണ് വിശ്വാസികളെന്നു ഞാന്‍ കരുതുന്നു. തങ്ങളുടെയുള്ളിലെ യുക്തിയെ അവര്‍ പരസ്യപ്പെടുത്തുന്നില്ലയെന്നു മാത്രം. ദൈവം നിരര്‍ത്ഥകമായ ഒന്നാണോ എന്നുകൂടി നോവല്‍ തിരയാന്‍ ശ്രമിക്കുന്നുണ്ട്. പ്രണയം, ചതി, കാമം, പക, ഭീതി തുടങ്ങിയ മനുഷ്യജീവിതത്തിലുള്ള എല്ലാ വികാരവിചാരങ്ങളും ഒരു കഥയില്‍ അറിഞ്ഞും അറിയാതെയും ഉള്‍പ്പെടും. ഇതിലും അതുണ്ട്. പുതിയ ചിന്തകള്‍ രൂപപ്പെടുന്നതും കഥകള്‍ രൂപപ്പെടുന്നതും പഴയ കഥകളുടെ വേരുകളില്‍നിന്നും തന്നെയാണെന്ന തോന്നലുണ്ടെന്നു പറഞ്ഞല്ലോ. അതങ്ങനെയല്ലെങ്കിലും എന്നെ ശക്തമായി ഭൂമിയില്‍ നിലനിര്‍ത്തിയതില്‍ ചില മനുഷ്യരെപ്പോലെ കഥകള്‍ക്കും വലിയൊരു പങ്കുണ്ട്.
Comments are closed.