‘ഭൂമിയുടെ കനം അത് കഥകളായി ഏറ്റുവാങ്ങുന്ന രഹസ്യങ്ങളുടേതാകുന്നു’…
വിനീഷ് കെ എന്‍ എഴുതിയ ‘നിഴല്‍പ്പോര്’ എന്ന നോവലിന് രേഷ്മ അക്ഷരി എഴുതിയ വായനാനുഭവം
“ഭൂമിയുടെ കനം അത് കഥകളായി ഏറ്റുവാങ്ങുന്ന രഹസ്യങ്ങളുടേതാകുന്നു ” “നിഴൽപ്പോര് ” എന്ന നോവലിലെ ആദ്യ വാക്യമാണിത്. വായനയിലൂടെ മുന്നോട്ടു സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സ് ഭാരം പേറുന്ന ഒരു കപ്പലാണെന്നും അത് രഹസ്യങ്ങൾ പേറുന്ന അനേകം കഥളുടെ ഭാരമാണെന്നും നാം തിരിച്ചറിയുന്നു.സ്വർണ്ണവർണ്ണമുള്ള മിത്തുകളുടെ പായ്ക്കപ്പലിൽ ഒഴുകിയെത്തി മനുഷ്യമനസ്സിൻറെ തണലിലും തണുപ്പിലും ഇരുന്ന് ദാഹം തീർക്കുന്ന ദൈവങ്ങൾ .ഇരിക്കുന്ന ഗ്രാമത്തിനു മാത്രം ദൈവമായി, വിധിയെ മാറ്റാനും തിരുത്താനും അധികാരമില്ലാത്ത മൂത്തവരുടെയും ഇളയവരുടെയും നിസ്സഹായത .
ദൈവലോകത്തിന്റെ സ്ത്രീവിരുദ്ധത. “പിന്നെ എന്ത്ന്ന് ദൈവമാന്ന് നിങ്ങ ?” എന്ന കമ്മാരന്റെ പരിഹാസധ്വനിയുള്ള ചോദ്യവും മൂത്തവരുടെ തൊണ്ടയിൽ കുടുങ്ങിയ കരച്ചിലും നോവലിലുടനീളം പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ചുട്ട മീനും, കള്ളും കഴിച്ച് അരികുവത്ക്കരിക്കപ്പെട്ടവരുടെ ദൈവമാകാൻ മൂത്തവർക്ക് കഴിയുന്നതും.ഒരു കണിയാന് മുമ്പിൽ ഒരിക്കലും ദൈവം പ്രത്യക്ഷപ്പെടില്ലെന്ന് , സ്വന്തംജാതിയിൽ ഊറ്റം കൊണ്ട് ഒച്ചയിടുന്നവരും , കമ്മാരന് ലഭിക്കുന്ന സിദ്ധികൾ കണ്ട് അത്ഭുതപ്പെടുന്ന ആരാധിക്കുന്ന സാധാരണക്കാരും വൈരുദ്ധ്യങ്ങൾക്ക് പുറത്ത് കീഴടങ്ങലിന്റെ സ്വരവും പുറപ്പെടുവിക്കുന്നുണ്ട്. തലമുറകടന്ന് ചാത്തുവിലൂടെ , കേളുവിലൂടെ, പവിത്രനിലൂടെ ,നോവൽ സഞ്ചരിക്കുമ്പോൾ കഥകളും ഉപകഥകളുമായി ആകാംഷയുടെ വലിയ ലോകമാണ് വടക്കൻ മലബാറിന്റെ ശൈലിയിൽ എഴുത്തുകാരൻ നമുക്കു മുന്നിൽ കാട്ടിത്തരുന്നത്..കമ്മാരൻ,ചാത്തു,ചിരൂണ്ടൻ, കേളു,കണ്ണൻ, കുഞ്ഞൻ ഇരുട്ടും തണുപ്പും മരങ്ങളും നിറഞ്ഞ കാടു പോലെ നിഗൂഢത നിറഞ്ഞ മനുഷ്യർ. പ്രണയത്തിന്റെ , അഗമ്യഗമനങ്ങളുടെ , ചതിയുടെ , വഞ്ചനയുടെ , ഭയത്തിന്റെഅന്ധവിശ്വാസങ്ങളുടെ ഇരുണ്ടകാലം. ഉമ്മാച്ച, ചീരു, ദേവകി, കല്യാണിക്കുട്ടി, മാധവി, ലക്ഷ്മി തുടങ്ങി നിഴലായും നിലപാടായും സാന്നിധ്യമറിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ.
ഓരോ കഥയിൽ നിന്നും അടുത്തകഥയിലേക്കും, കഥാപാത്രങ്ങളിലേക്കും സഞ്ചരിക്കുമ്പോൾ ആഖ്യാനത്തിലും അവതരണത്തിലും വിനീഷ് പുലർത്തുന്ന കൈയ്യടക്കം ശ്രദ്ധേയമാണ്. ഒട്ടും സങ്കീർണ്ണതയില്ലാതെ, ആശയക്കുഴപ്പങ്ങൾക്കിടനൽകാതെ ഓരോ അധ്യായവും അടുത്തതിലേക്ക് വഴി കാട്ടുന്നു. ഇരുട്ട് നീങ്ങി വെളിച്ചം കടന്നുവരുന്ന പുതിയകാലവും നോവലിലുണ്ട് . ചീരൂണ്ടനെന്ന ശ്രീകണ്ഠനും ,കുന്നത്തെ നമ്പൂതിരിയും ഒരേ വഴിയിലൂടെ കാവിലേക്ക് നടക്കുന്ന കാലം, ഇടവഴികൾ പാതകളാവുകയും, കാടിനെ മനുഷ്യൻ ചെന്ന് തൊടുകയും ചെയ്യുന്ന തെളിച്ചമുള്ള പുതിയ കാലത്താണ് നോവൽ അവസാനിക്കുന്നത്. ദേശവും, മിത്തുകളും, വിശ്വാസങ്ങളും കഥകളും ചേർന്ന് ഉന്മത്തമായ ഒരു മനസ്സ് . അവിടെ എന്നോ എങ്ങനെയോ വീണു പോയ രഹസ്യങ്ങൾ കാലങ്ങൾക്ക് ശേഷം കഥയുടെ ഉറവകളാകുന്ന കാഴ്ച . നിഴലിനോട് യുദ്ധം ചെയ്യുന്ന മനുഷ്യമനസ്സിന്റെ സങ്കീർണ്ണത..നിഴൽപ്പോര്. വായനയുടെ ആനന്ദവും ഉന്മാദവുംഅനുഭവിപ്പിക്കുന്ന നോവൽ.
Comments are closed.