‘നിഴൽപ്പോര്’ ; അനേകം കഥകളുടെ കഥ
വിനീഷ് കെ എന്‍ എഴുതിയ ‘നിഴല്‍പ്പോര്’ എന്ന നോവലിന് ഷാനിത ഷിയാദ് എഴുതിയ വായനാനുഭവം
2022 ലെ ഡി സി നോവൽ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ‘നിഴൽപ്പോര് ‘ വിസ്മയകരമായ വായനയാണ് നൽകിയത്. ഉത്തരമലബാറിലെ ഏതോ നാടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ രൂപപ്പെടുത്തിയെടുത്ത അജ്ഞാത ലോകത്തിലൂടെയുള്ള യാത്ര ഉദ്വേഗം നിറഞ്ഞതായിരുന്നു. ദൈവങ്ങളുടെ വരവോടു കൂടിയാണ് നോവൽ ആരംഭിക്കുന്നത്. സഹോദരിമാരായ ദേവതകൾ തന്നെ രണ്ടു വ്യത്യസ്‍ത കാവുകളിൽ വസിക്കുന്നതു മുതൽ ‘ നിഴൽപ്പോര് ‘ ദൈവത്തിനു പോലും തൊടാനാകാത്ത ജാതി വ്യവസ്ഥയ്ക്ക് നേരെ വിരൽ ചൂണ്ടി തുടങ്ങുന്നു. ഭീതിത കഥകളെ മറികടന്നു, ജാതി പ്രത്യക്ഷത്തിൽ നിന്നും മാറി ഒളിച്ചു നിൽക്കുന്ന കാലത്തിലേക്ക് മനുഷ്യൻ വരുന്നയിടത്താണ് നോവൽ അവസാനിക്കുന്നത്.
വാമൊഴിയായി പ്രചരിച്ച, യഥാർത്ഥ കഥകളെന്ന് തോന്നിപ്പിക്കുന്ന മാന്ത്രിക പാശ്ചാത്തലം നോവലിന്റെ വായനയെ രസിപ്പിക്കുന്നു. നോവലിൽ ചാത്തു എന്ന കഥാപാത്രത്തിൽ നിന്നുമാണ് കഥ വികസിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രവും ചാത്തുവാണ്. സഹോദരൻ കൂടിയായ കേളുവുമൊന്നിച്ചുള്ള അസാധാരണ ജീവിതത്തെയും പിന്നീട് ഉടലെടുക്കുന്ന പേടി, പക എന്നിവയെയും ചേർത്താണ് കഥ മുന്നോട്ട് പോകുന്നത്. കഥകളുടെ ഭാണ്ഡക്കെട്ട് തുറന്നു വെച്ച് ഒരു നാടിനെ മുഴുവൻ കാൽക്കീഴിലാക്കാൻ അവർ ശ്രമിക്കുന്നു. കേളുവും ചാത്തുവും പരസ്പരം മത്സരിക്കുന്നതിനിടയിൽ രണ്ടുപേരുടെയും മനസ്സിൽ പക ഇരച്ചു വരികയും അത് മരണങ്ങളിലേക്കും കുടിപ്പകയിലേക്കും മാറുകയും ചെയ്യുന്നു.
എന്നാൽ ശത്രുവില്ലാത്ത ജീവിതം ചാത്തുവിനെ മടുപ്പിക്കുന്നു. കൂടാതെ നിരീശ്വരവാദവും പുരോഗമന ചിന്തകളുമായി നടക്കുന്ന മകനും അയാളെ തളർത്തുന്നുമുണ്ട്. ആ സമയം അയാൾ തന്റെ അച്ഛനായ കമ്മാരനെ ഓർക്കുന്നുണ്ട്. എല്ലാ മാതാപിതാക്കളും മക്കളുടെ കാര്യത്തിൽ പൂർണ്ണ നിസ്സഹായരാണ് എന്ന് അപ്പോഴാണ് അയാൾ മനസ്സിലാക്കുന്നത്. വെളിച്ചം വരുന്ന കാലമാകുമ്പോഴേക്കും പഴയപോലെ ചാത്തുവിനെ കാണാൻ ആളുകളുടെ എണ്ണം കുറയുന്നു. നാട്ടിൽ വലിയ മാറ്റങ്ങൾ വരുന്നതിന്റെ സൂചകമായി പുതിയ പാതകളുണ്ടാകുന്നു. ഇരുട്ടിൽ ആയിരുന്ന ആ നാടും നാട്ടുകാരും വെളിച്ചത്തിലേക്ക് കണ്ണുതുറക്കുന്നു. ആളുകൾക്ക് കഥകളിലുള്ള പേടി കുറയുന്നു. ജാതി വിളിച്ചുള്ള പേരിടൽ നീങ്ങുന്നു. ഒരേ വഴിയിൽ സഞ്ചരിക്കാനുള്ള അവകാശം മനുഷ്യരെല്ലാം നേടുന്നു. ചാത്തുവിന്റെ മുൻപിൽ അനുസരിച്ചു നിന്നവർ അയാളിൽ നിന്നും സ്വാതന്ത്ര്യം നേടുന്നു. ഈ സ്ഥിതിയിൽ നിന്നും പെട്ടെന്ന് അതുവരെ ശ്രദ്ധിക്കാതിരുന്ന, അസ്വാഭാവികത ഒട്ടുമില്ലാതിരുന്ന ഒരു കഥാപാത്രം കഥയെ അട്ടിമറിക്കുന്നു. കഥാപാത്രങ്ങളുടെ സ്വഭാവവും കഥയും അന്ത്യത്തോടെ മാറി മറയുന്നു. അതുവരെ നാം അറിഞ്ഞ കഥകൾ വലിയ നുണകളായി മാറുന്നു. പുതിയൊരു കഥാകാലവും സമയം തെറ്റി നമ്മുടെ മുന്നിലേക്ക് കടന്നു വരുന്നു . ഇത് സത്യമോ മിഥ്യയോ എന്നറിയാതെ വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് ഒരു ഉന്മാദാവാസ്ഥയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് ഒടുവിൽ നോവൽ അവസാനിക്കുന്നത്.
ഗഹനമായ വരികളും നിഗൂഢത പേറുന്ന അനേകം കഥാപാത്രങ്ങളും ശക്തരായ സ്ത്രീ കഥാപാത്രങ്ങളും ചേർന്ന നിഴൽപ്പോര് അനേകം കഥകളുടെ കഥയാണ്. കൂടാതെ നാട്ടു ചരിത്രത്തിനൊപ്പം കർഷക പ്രസ്ഥാനങ്ങളുടെ വളർച്ചയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ കുറിച്ചും സൂചനകളും ദാർശനികമായ ചിന്തകളും ആഴത്തിൽ തൊടുന്ന വരികളും നോവലിൽ ഉടനീളമുണ്ട്. കഥകൾക്കുള്ളിൽ നിന്നും തന്നെ അനേകായിരം കഥകൾ പറയുകയും അവ കൂട്ടിയിണക്കുകയും ചെയ്യുന്ന ആഖ്യാനഭംഗി പ്രത്യേകം എടുത്തു പറയേണ്ടതാണ്. എല്ലാ മനുഷ്യരും വലിയ നിഗൂഢത പേറുന്നവരാണെന്നു നോവൽ പറഞ്ഞു വെയ്ക്കുന്നു. ഈ വർഷത്തിലെ വായനയിലേ മികച്ച അനുഭവമായി നിഴൽപ്പോരിനെയും അടയാളപ്പെടുത്തുന്നു.
Comments are closed.