ഗുരു നിത്യചൈതന്യയതി : ആധുനിക മലയാളിയുടെ മാര്‍ഗദര്‍ശി
നവംബര്‍ 2- ഗുരു നിത്യചൈതന്യ യതി ജന്മദിനം
ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ കർമ്മയോഗിയായിരുന്നു നിത്യചൈതന്യയതി. പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതി ജനിച്ചത്.
തത്ത്വചിന്തയില്‍ ബിരുദാനന്തരബിരുദത്തിനുശേഷം കൊല്ലം ശ്രീനാരായണ കോളേജില്‍ മനഃശാസ്ത്രാധ്യാപകനായും മദ്രാസ് വിവേകാനന്ദ കോളേജില്‍ തത്ത്വചിന്താധ്യാപകനായും ജോലിനോക്കി. കാശി, ഹരിദ്വാര്‍, ഋഷികേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1952–ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. കുറച്ചുകാലം ഡല്‍ഹിയിലെ സൈക്കിക് ആന്റ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1969 മുതല്‍ 1984 വരെ ആസ്‌ത്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍. 1984 മുതല്‍ അന്തരിക്കുന്നതുവരെ ഫേണ്‍ഹില്‍ നാരായണഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെയും അധിപനായിരുന്നു. അക്കാലത്ത് ലോകപ്രശസ്തരായ ചിത്രകാരും എഴുത്തുകാരും തത്ത്വചിന്തകരും ഫേണ്‍ഹില്ലിലെ നിത്യസന്ദര്‍ശകരായിരുന്നു. വിപുലമായൊരു ഗ്രന്ഥശേഖരം ഫേണ്‍ഹില്ലില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1999 മെയ് 14-ന് സമാധിയായി.