DCBOOKS
Malayalam News Literature Website

രാഷ്ട്രീയനുണകളെ പ്രതിരോധിക്കുന്ന എം.ബി രാജേഷിന്റെ വസ്തുനിഷ്ഠമായ ലേഖനങ്ങള്‍

സമകാലിക ഇന്ത്യയില്‍ നടന്ന വിവിധ സംഭവങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ നുണകളെ ചരിത്രത്തിന്റെയും തെളിവുകളുടെയും പിന്‍ബലത്തില്‍ പ്രതിരോധിക്കുന്ന വസ്തുനിഷ്ഠമായ ലേഖനങ്ങളുടെ സമാഹാരമാണ് എം.ബി രാജേഷ് എം.പിയുടെ നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന ഏറ്റവും പുതിയ കൃതി. പല കാലങ്ങളിലായി വിവിധ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലെഴുതിയ കുറിപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്തവയാണ് ഇതിലെ ലേഖനങ്ങള്‍. ആനുകാലിക സംഭവവികാസങ്ങളെയും രാഷ്ട്രീയ പ്രശ്‌നങ്ങളെയും സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിലപാടുകളും നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന കൃതിയില്‍ എം.ബി.രാജേഷ് രേഖപ്പെടുത്തുന്നു.

രാഷ്ട്രീയ സാമൂഹ്യവിഷയങ്ങളും പല തരത്തില്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളും ചില അനുഭവക്കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. സംവരണം, മതതീവ്രവാദം, സോഷ്യല്‍ മീഡിയ, ആള്‍ക്കൂട്ട ഹിംസ, പൊതുവിദ്യാഭ്യാസം തുടങ്ങി നിരവധി കാലികപ്രസക്തമായ വിഷയങ്ങളെക്കുറിച്ചും മഹാത്മാഗാന്ധി, കാറല്‍ മാക്‌സ്, ചെഗുവാര, ഫിദല്‍ കാസ്‌ട്രോ, സൈമണ്‍ ബ്രിട്ടോ എന്നിവരെക്കുറിച്ചുള്ള ചരിത്രവിശകലനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സത്യാനന്തരകാലം സൃഷ്ടിക്കുന്ന ആശയസങ്കീര്‍ണ്ണതകളെയും വൈകാരികതകളെയും അഴിച്ചു കളഞ്ഞ് രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്കും പ്രതീക്ഷകളിലേക്കുമാണ് ഈ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? ഇപ്പോള്‍ പുസ്തകശാലകളില്‍ ലഭ്യമാണ്.

Comments are closed.