DCBOOKS
Malayalam News Literature Website

കെ.കെ. ശൈലജയുടെ ‘നിശ്ചയദാര്‍ഢ്യം കരുത്തായി’ പ്രകാശനം ചെയ്തു

കെ. കെ. ശൈലജയുടെ ‘നിശ്ചയദാര്‍ഢ്യം കരുത്തായി’ എന്ന പുസ്തകം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പില്‍ എഴുത്തോല വേദിയില്‍ വെച്ചു കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രകാശനം ചെയ്തു. പുസ്തകം പ്രകാശനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അവര്‍ സന്തോഷം പ്രകാശിപ്പിച്ചു.

വനിത സംവരണ ബില്ല് കേന്ദ്രസര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാണെന്ന് കെ. കെ. ശൈലജ അഭിപ്രായപ്പെട്ടു. കോവിഡ്, നിപ പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും എന്നാല്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നിലവില്‍ ഏറ്റവും ശ്രദ്ധ ചെലുത്തുന്ന സംസ്ഥാനം കേരളമാണെന്നും പൊതുപ്രവര്‍ത്തന-രാഷ്ട്രീയമേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വനിത മുഖ്യമന്ത്രി കേരളത്തിന് ആവശ്യമാണോ എന്ന കെ. കെ. ഷാഹിനയുടെ ചോദ്യത്തിന്, കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നല്ല ആശയത്തോട് കൂടിയാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്ന് അവര്‍ മറുപടി നല്‍കി.

കേരളത്തില്‍ മതരാഷ്ട്രീയത്തെ ഇല്ലാതാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മതങ്ങളുടെ വേര്‍തിരിവില്ലാതെ കേരളം മുന്നോട്ട് പോകണമെന്നും സൂചിപ്പിച്ചുകൊണ്ട് മോഡറേറ്റര്‍ കെ. കെ. ഷാഹിന സെഷന്‍ ഉപസംഹരിച്ചു.

Comments are closed.