ഇത് നീതിയുടെ പുലരി; നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി
ന്യൂഡല്‍ഹി; വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ നിര്‍ഭയ കേസില്‍ നീതി നടപ്പായി. ഇന്ത്യന്‍ ജനതയുടെ മനസ്സുകളില്‍ എക്കാലവും ഉണങ്ങാത്ത മുറിവായ നിര്‍ഭയ കേസിലെ നാലു പ്രതികളെയും ഇന്നു പുലര്‍ച്ചെ 5.30ന് ഒരുമിച്ച് തൂക്കിലേറ്റി. തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത്.
നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്‌റ്റേ ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി വാദം കേട്ടതിന് ശേഷം തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി. താന്‍ സംതൃപ്തയാണെന്നും അവര്‍ പറഞ്ഞു. ഏഴ് വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നിര്‍ഭയയ്ക്ക് നീതി ലഭിച്ചത്. വധശിക്ഷ നീട്ടിവയ്ക്കാന്‍ പ്രതികള്‍ പലവഴികളിലൂടെ ശ്രമിച്ചപ്പോഴും നിര്‍ഭയയുടെ അമ്മ ആശാദേവി പതറാതെ ഉറച്ചുനിന്നു.
2012ല്‍ നിര്‍ഭയ കൊല്ലപ്പെട്ടതിന് പിന്നാലെ ആളിപ്പടര്‍ന്ന പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. 2012 ഡിസംബര്‍ 16ന് രാത്രിയാണ് സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഓടുന്ന ബസിനുള്ളില്‍ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തത്. പീഡനത്തിനിരയാക്കിയ ശേഷം പ്രതികള്‍ ഇരുവരെയും റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
Comments are closed.