നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ വെച്ച് അറസ്റ്റിലായി. അറസ്റ്റ് ചെയ്ത നീരവ് മോദിയെ ഇന്നുതന്നെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും. ഈ മാസം 25-ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് വെസ്റ്റ്മിനിസ്റ്റര്‍ കോടതി നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ നല്‍കിയത്. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ അധികൃതര്‍ ഇന്ത്യക്ക് കൈമാറും.
നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയിനത്തില്‍ 13,400 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്. നീരവ് മോദിയെ കണ്ടെത്തുന്നതിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നാല് രാജ്യങ്ങളിലുള്ള നീരവ് മോദിയുടെ സ്വത്തുവകകള്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
Comments are closed.