DCBOOKS
Malayalam News Literature Website

നിപാ വൈറസ്: കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും

അപകടകാരികളായ നിപാ വൈറസ് മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധനകള്‍ നടത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വിദഗ്ധ സംഘം ഇന്ന് പരിശോധനയ്‌ക്കെത്തുന്നത്.

നിപാ വൈറസ് വവ്വാലുകളില്‍നിന്ന് മുയല്‍, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയില്‍നിന്ന്് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്.

ഇതുവരെ നിപാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. അവസാനമായി മരിച്ചത് രോഗികളെ പരിചരിച്ച നഴ്‌സ് ലിനിയാണ്. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കാതെ ആരോഗ്യ വകുപ്പ് നേരിട്ട് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. കൂടുതല്‍ പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ പരിശോധനകളിലൂടെ നിപാ വൈറസാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂക്ഷമമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനത്തിനുണ്ടായ ആശങ്കയും ഭയവും പരിഹരിക്കാന്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്( 04952376063). ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പടെ പനി ക്ലിനിക്ക് ആരംഭിക്കാന്‍ ജില്ല കലക്ടറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു
ആവശ്യമുള്ളിടത്ത് ഐസോലേഷന്‍ വാര്‍ഡുകളും തുറക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായവും തേടിയിട്ടുണ്ട്.

Comments are closed.