DCBOOKS
Malayalam News Literature Website

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഒരു മാര്‍ഗദര്‍ശി

സിവില്‍ സര്‍വ്വീസ് പരീക്ഷയെ കുറിച്ച് സമഗ്രമായി പരിചയപ്പെടുത്തുകയും പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന കൃതിയാണ് നിങ്ങള്‍ക്കും ജയിക്കാം സിവില്‍ സര്‍വ്വീസ്. സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ എല്ലാ പേപ്പറുകളും മലയാളം മാധ്യമത്തില്‍ എഴുതി പ്രശംസനീയമായ വിജയം കൈവരിച്ച എം.പി. ലിപിന്‍ രാജാണ് ഈ കൃതി രചിച്ചിരിക്കുന്നത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഘടന, വിവിധ സര്‍വ്വീസുകള്‍, പരീക്ഷയെ സമീപിക്കേണ്ട രീതി, തയ്യാറെടുക്കേണ്ട വിധം, പഠനത്തിന് ഉപയോഗിക്കാവുന്ന പുസ്തകങ്ങള്‍, നോട്ടുകള്‍, കുറിച്ചെടുക്കേണ്ട ശൈലി, മെയിന്‍ പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും തയ്യാറെടുക്കേണ്ട രീതി, എന്നിങ്ങനെ എല്ലാ രംഗങ്ങളെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു.   സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളം മാധ്യമമായി എടുക്കുന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഈ പുസ്തകം ഓണ്‍ലൈന്‍ മീഡിയകളും ആപ്ലിക്കേഷനുകളും പോലുള്ള ആധുനിക സാങ്കേതിക മികവും സാമൂഹിക മാധ്യമങ്ങളും പരീക്ഷാവിജയത്തിനായി ഉപയോഗിക്കാനുള്ള മികച്ച സാധ്യതയും പങ്കുവെക്കുന്നു.

ഓണ്‍ലൈന്‍ വിജ്ഞാന ഖനികളും മറ്റ് ആധുനികസംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തി സ്മാര്‍ട് പഠനത്തിന്റെ സാധ്യതകള്‍, മലയാളം പരീക്ഷാ മാധ്യമമായി സ്വീകരിക്കുന്നവര്‍ക്കുള്ള പ്രത്യേകം നേട്ടങ്ങളും അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സിവില്‍ സര്‍വ്വീസ് പരീക്ഷയെയും പരിശീലനരീതികളെയും പറ്റിയുള്ള സമഗ്രമായ പരിചയപ്പെടുത്തല്‍, പരീക്ഷ എഴുതുമ്പോള്‍, അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്കും ഒപ്പം സ്‌കൂള്‍തലം മുതല്‍ സിവില്‍ സര്‍വ്വീസ് ലക്ഷ്യംവച്ച് പഠന തയ്യാറെടുപ്പുകള്‍ നടത്താനും മികച്ച വിജയം വരിക്കാനും ആവശ്യമായ പ്രാഥമിക വഴികള്‍ അനുഭവ പാഠങ്ങളുടെ വെളിച്ചത്തില്‍ പങ്കുവെയ്ക്കുന്ന മികച്ചൊരു മാര്‍ഗ്ഗനിര്‍ദ്ദേശക ഗ്രന്ഥമാണിത്. ഡി.സി ലൈഫ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിങ്ങള്‍ക്കും ജയിക്കാം സിവില്‍ സര്‍വ്വീസ് എന്ന കൃതിയുടെ മൂന്നാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Comments are closed.