DCBOOKS
Malayalam News Literature Website

നൈല്‍ നദിയുടെ താഴ്‌വരകള്‍…

 

യാത്രാപുസ്തകങ്ങളെ എന്നും നെഞ്ചോടു ചേര്‍ക്കുന്നവരാണ് മലയാളികള്‍. പെട്ടന്ന് എത്തപ്പെടാനാവാത്ത നഗരങ്ങളും രാജ്യങ്ങളും എല്ലാം മനസ്സുകൊണ്ട് പോയിവരുവാനും അവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ചും പ്രകൃതിസൗന്ദര്യങ്ങളെക്കുറിച്ചും മനസിലാക്കാനും ലഭിക്കുന്ന അവസരമാണ് ഇത്തരം യാത്രാവിവരണ പുസ്തകങ്ങളിലൂടെ ലഭിക്കുന്നത്. ലോകത്തിലെ പ്രാചീന സംസ്‌കൃതികളിലൊന്നായ ഈജിപ്തിന്റെ ചരിത്രവും സംസ്‌കാരവുമെല്ലാം തൊട്ടറിയുന്ന ഒരു കൃതി ഇപ്പോള്‍ പുറത്തിറങ്ങി. കുറുമ്പകര മജീദ് എഴുതിയ നൈല്‍നദിയുടെ താഴ്‌വരകള്‍.! അമ്പലങ്ങള്‍, ശവകുടീരങ്ങള്‍, മമ്മികള്‍, ശിലാഖണ്ഡങ്ങള്‍ തുടങ്ങി മഹനീയവിസ്മയങ്ങളുടെ പറുദീസയൊരുക്കുകയാണ് ഈ പുസ്തകം. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ. കെ. എസ്. രവികുമാറും പഠനം തയ്യാറാക്കിയിരിക്കുന്നത് ഡോ. എ. എം. ഉണ്ണിക്കൃഷ്ണനുമാണ്.

പുസ്തകത്തിന് കുറുമ്പകര മജീദ് എഴുതിയ ആമുഖത്തില്‍ നിന്ന്;

ഈജിപ്തിന്റെ സംസ്‌കാരത്തിന് ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനമുണ്ട്. തെക്കുനിന്ന് വടക്കോട്ടൊഴുകുന്ന നൈല്‍നദിയുടെ തീരത്താണ് ഈ സംസ്‌കാരം രൂപപ്പെട്ടത്. കണ്ടതിനെയും കാണാത്തതിനെയും അവര്‍ ആരാധിച്ചു. അപ്രാപ്യമായതും ഭാവനയ്ക്ക് അതീതമായതും അഷ്ടദിക്പാലകരുമെല്ലാം ദൈവഗണത്തില്‍ ഇടം പിടിച്ചത് സ്വാഭാവികം എന്നേ പറയേണ്ടതുള്ളു. ജീവിതരീതികള്‍, ആരാധനാക്രമങ്ങള്‍ എന്നിവയെല്ലാം പുതുതലമുറയ്ക്കുവേണ്ടി അവര്‍ ചിത്രലിപിയില്‍ രേഖപ്പെടുത്തിവച്ചു. ശിലായുഗത്തിനും പിന്നിലേക്ക് നീണ്ടുപോകുന്ന ഈജിപ്തിന്റെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളാണ് ഇവിടുത്തെ പിരമിഡുകളും മഹാക്ഷേത്രങ്ങളും. വെണ്‍ശിലകളില്‍ നിര്‍മ്മിച്ച ഇവയെല്ലാം വരും തലമുറകള്‍ക്കുവേണ്ടി കാലം കാത്തുവച്ചതുപോലെ.

ദുബായില്‍നിന്നാണ് ഈജിപ്ത് സന്ദര്‍ശനത്തിനു പോയത്. 2010 ഡിസംബര്‍ ഇരുപത്തി മൂന്നാം തീയതി യാത്രപുറപ്പെട്ട്, മുപ്പത്തി ഒന്നാം തീയതി വൈകിട്ട് ദുബായില്‍ മടങ്ങിയെത്തി. യാത്രയില്‍ പല ഭാഗത്തുവച്ച് കണ്ടു പരിചയപ്പെട്ടവരില്‍ വിശേഷിച്ചും യുവാക്കള്‍ അന്നത്തെ ഭരണകൂടത്തെ വിലയിരുത്തിയതും നോക്കിക്കണ്ടതും, സ്വേച്ഛാധിപത്യ ഭരണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും അടിച്ചമര്‍ത്തലിന്റെയുമൊക്കെ സിരാകേന്ദ്രമായിട്ടാണ്. ഈ ക്ഷുഭിത യൗവനം ഏതു നിമിഷവും സമരമുഖത്തേക്കിറങ്ങാന്‍ തയ്യാറാണെന്ന് അവരുടെ വാക്കുകളില്‍നിന്നു വ്യക്തമായിരുന്നു. നിലവിലുള്ള നിയമവ്യവസ്ഥയും സാഹചര്യവും പതിറ്റാണ്ടുകളായി രാജ്യത്ത് നിലനില്ക്കുന്ന അടിയന്തരാവസ്ഥയും കണക്കിലെടുക്കുമ്പോള്‍; ഒരിക്കലും സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു വിപ്ലവത്തെക്കുറിച്ചുള്ള അതിമോഹമെന്നേ ഒരു സാധാരണക്കാരന്‍ അന്ന് അതിനെ വിശേഷിപ്പിക്കുകയുള്ളൂ. എന്നാല്‍ പില്ക്കാല സംഭവങ്ങള്‍ ഈ കാഴ്ചപ്പാടിനെയെല്ലാം തകിടം മറിച്ചുകളഞ്ഞു.

ഈജിപ്ത് സന്ദര്‍ശനം കഴിഞ്ഞ് ഡിസംബര്‍ മുപ്പത്തി ഒന്നിനു വൈകിട്ടു മടങ്ങിയെത്തിയപ്പോള്‍ ദുബായ് പുതുവത്സരാഘോഷ തയ്യാറെടുപ്പിലായിരുന്നു. പിറ്റേദിവസം 2011 ജനുവരി ഒന്നാം തീയതി ഈജിപ്തില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത് അതിദാരുണമായൊരു ദുരന്ത വാര്‍ത്തയാണ്. അലക്‌സാണ്ഡ്രിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പുതുവര്‍ഷ പ്രാര്‍ത്ഥനാസമയത്ത് ബോംബുസ്‌ഫോടനമുണ്ടായി. ഇരുപത്തിയൊന്നു പേര്‍ മരിച്ചു. ഏകദേശം നൂറു പേര്‍ക്കു പരിക്കുപറ്റി. ഈ ആക്രമണം മുസ്‌ലിം-ക്രിസ്ത്യന്‍ കലാപത്തിനും ധ്രുവീകരണത്തിനും വഴിവച്ചു. തുടര്‍ന്നങ്ങോട്ട് ഈജിപ്തില്‍ അശാന്തിയുടെ നാളുകളായിരുന്നു. മൂന്നു പതിറ്റാണ്ടുകാലത്തെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചു. രണ്ടായിരത്തി പത്ത് ജനുവരി ഇരുപത്തിയഞ്ചിന് (ചൊവ്വാഴ്ച) പൊട്ടിപ്പുറപ്പെട്ട വിപ്ലവം ആഴ്ചകളോളം നീണ്ടുനിന്നു. പാശ്ചാത്യ ലോകമിതിനെ മുല്ലപ്പൂവിപ്ലവമെന്നു വിശേഷിപ്പിച്ചു. നിരവധിപേര്‍ രക്തസാക്ഷികളായി. ഇതോടെ ഈജിപ്തില്‍ സന്ദര്‍ശകരുടെ വരവ് കുറഞ്ഞു. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നായ വിനോദസഞ്ചാരമേഖല പാടെ തകര്‍ന്നു. ഈ ജനമുന്നേറ്റം ഏകാധിപത്യഭരണത്തെ തൂത്തെറിഞ്ഞെങ്കിലും അത് സാധാരണ ജനങ്ങളുടെ സൈ്വരജീവിതത്തെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും ഉലച്ചുകളഞ്ഞു.

യാത്ര ആസ്വാദനത്തിന്റെ നിലയില്‍നിന്ന് ഒരുപടിയുയര്‍ന്ന് അറിവുകളുടെ തലത്തിലേക്കുകൂടി എത്തണമെന്നാഗ്രഹിച്ചു. അതുകൊണ്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കാഴ്ചകള്‍ കണ്ടു പോകുന്നതിനു മുന്‍പ് കഴിയുന്നത്ര ചരിത്രവസ്തുതകളും കഥകളും അന്വേഷിച്ചറിയുന്നതിന് ഏറെ ശ്രമിച്ചു. മാത്രമല്ല, ഈ യാത്രാഗ്രന്ഥം തയ്യാറാക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായവും ഈജിപ്തിന്റെ ചരിത്രവും പൗരാണിക വിശ്വാസവും സംസ്‌കാരവും പ്രതിപാദിക്കുന്ന പുസ്തകങ്ങളുമെല്ലാം പരിശോധിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈജിപ്ത് സന്ദര്‍ശിക്കാന്‍ ആദ്യം ഉദ്ദേശിച്ചത് 1997-ല്‍, സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലിചെയ്യുമ്പോഴായിരുന്നു. യാത്രയ്ക്കാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം അന്ന് പൂര്‍ത്തിയാക്കി. അപ്പോഴാണ് ഉപരി ഈജിപ്തിലെ പ്രധാനപ്പെട്ട കാഴ്ചയിടങ്ങളിലൊന്നായ ദാര്‍-അല്‍-ബിഹാറിലെ ഹാത്ഷിപ്‌സ്യൂട്ട് ക്ഷേത്രത്തില്‍വച്ച് വിദേശ സന്ദര്‍ശകര്‍ക്കു നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഇത് മദ്ധ്യ-പൂര്‍വ്വ ദേശത്ത് വിശേഷിച്ചും ഗള്‍ഫുരാജ്യങ്ങളില്‍ നടുക്കമുളവാക്കി. ഞാന്‍ ഉടനെ യാത്ര റദ്ദാക്കി. എന്നാല്‍, പിന്നീട് സമയവും സാഹചര്യവും ഒത്തുകിട്ടിയത് ദുബായില്‍ ജോലിചെയ്യുമ്പോഴാണ്.

ഈ യാത്രാവിവരണത്തിന്റെ ഒന്നാം ഭാഗത്തിലെ അദ്ധ്യായങ്ങളില്‍ ചിലത് ജന്മഭൂമി ദിനപത്രത്തിന്റെ വാരാദ്യപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതെല്ലാം കുറച്ചുകൂടി വിപുലപ്പെടുത്തിയും പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തും കൂടുതല്‍ കാഴ്ചാവിശേഷങ്ങള്‍
ഉള്‍പ്പെടുത്തിയുമാണ് ഇത് പുസ്തകമാക്കുന്നത്. രണ്ടാം ഭാഗത്തു ചേര്‍ത്തിട്ടുള്ള പ്രധാനപ്പെട്ട കാഴ്ചയിടങ്ങളുടെ ചരിത്രവിശകലനലേഖനങ്ങള്‍ മലയാള മനോരമ, മാതൃഭൂമി, ജനയുഗം, വീക്ഷണം എന്നീ ദിനപത്രങ്ങളുടെ വാരാന്തപ്പതിപ്പില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചതാണ്.

 

Comments are closed.