ഇത് നോവലല്ല കവിതയാണ്!
മനോജ് കുറൂരിന്റെ ‘നിലം പൂത്തു മലര്‍ന്ന നാള്‍’ എന്ന പുസ്തകത്തിന് ജെ.അനന്തകൃഷ്ണന്‍ (ജെ എസ് അനന്ത കൃഷ്ണൻ – എഴുത്തുകാരൻ,വിവർത്തകൻ, പ്രഭാഷകൻ, ദേശീയ-അന്തർ ദേശീയ പുരസ്‌കാരജേതാവ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷണ വിദ്യാർത്ഥി)
എഴുതിയ വായനാനുഭവം
കുറച്ച് വർഷങ്ങൾക്കു മുമ്പാണ്. സുജാത ടീച്ചറോടൊപ്പം (പ്രൊഫ. സുജാതാ ദേവി )ശംഖുമുഖം കടപ്പുറത്തു ഇരിക്കുന്ന ഒരു വൈകുന്നേരം. ഏതാണ്ട് ഇരുട്ടി തുടങ്ങുന്നു. ടീച്ചർ ഏതാണ്ട് ഒരാത്മാഗതം പോലെ ചോദിച്ചു, എന്താണ് നല്ല കവിത! ടീച്ചർ തന്നെ ഉത്തരവും പറഞ്ഞു.
“ഭാഷ ഏറ്റവും മനോഹരമായ രൂപത്തിൽ സാഹിത്യമായി മാറുന്നു. സാഹിത്യത്തിന്റെ ഏറ്റവും മനോഹരമായ രൂപമാകട്ടെ അതു കവിതയാണ്.” ഇരുട്ടിൽ ഒരൽപ്പം വെളിച്ചം കുറുക്കി ഒഴിച്ച പോലെ….
മനോജ് കുറൂരിന്റെ ‘നിലം പൂത്തു മലർന്ന നാൾ’ ഇങ്ങനെ ഒരു കവിതയാണ്. അതു നോവലിന്റെ രൂപത്തിലാണ് എന്ന് മാത്രം. അതൊരു ഇന്ദ്രജാലമാണ്. ഭാഷ കൊണ്ട് വിസ്മയം സാധ്യമാക്കാൻ കഴിയുന്ന വളരെ ചുരുക്കം എഴുത്തുകാരാണ് നമ്മോടൊപ്പം ഈ കാലം പങ്കിടുന്നത്. എന്നാൽ വാക്ക് കൊണ്ട് ഒരു താളപ്രപഞ്ചം സൃഷ്ടിച്ചു അതിലൂടെ ഹൃദയത്തിലേക്കു പടരുന്ന ഒരു അനിർവചനീയമായ സംഗീതപ്രപഞ്ചം തീർക്കാൻ എത്രപേർക്കാവും. മനോജ് കുറൂർ അങ്ങനെ ഒരു പ്രതിഭയാണ്.
നോവലിന്റെ കാതലായ ആ യാത്രയോടൊപ്പം വായനക്കാരൻ ചേരുമ്പോൾ മാറ്റൊരന്വേഷണം അവിടെ തുടങ്ങുന്നു. നൂറ്റാണ്ടുകളേറെ പിന്നിലേക്ക് നീളുന്ന നമ്മുടെ വേരുകൾ തേടി സ്നേഹത്തിന്റെ യാഴ് മീട്ടി ആ ശ്രുതിയിൽ ലയിച്ചുള്ള യാത്ര..
അപൂർണത എന്നതാണ് എല്ലാ അന്വേഷണങ്ങളുടെയും ആദി. ഈ അപൂർണതയുടെ ബോധ്യമാണ്, നമ്മെ പാണരോടും കൂത്തരോടുമുള്ള യാത്രയിൽ അണി ചേർക്കുന്നതു. ഒരുപക്ഷെ ഇരുളാളുന്ന കാടിനെയും പാമ്പൂരുന്ന പാറകളേക്കാളും നമ്മെ പേടിപ്പിക്കുന്നത് ഈ അപൂർണതയെ പറ്റിയുള്ള ബോധ്യമാണ്.യാത്രക്കൊ ടുവിലും ഇത് നമ്മിൽ ശേഷിക്കുന്നു.ഈ യാത്രയിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവരെല്ലാവർക്കും ഏറെ പരിചിതരാണെന്നും നമുക്ക് തോന്നും. നമ്മിലവർ മുമ്പേ ഉണ്ടായിരുന്നല്ലോ. മൊഴിയൂടുപ്പിട്ടു ഉയിർ കൊടുത്തത് മനോജ് കുറൂർ ആയിരുന്നു എന്ന് മാത്രം.. അവിടെയാണ് നല്ല എഴുത്തുകാരനും മഹാനായ എഴുത്തുകാരനും തമ്മിലുള്ള വ്യത്യാസം നാം അറിയുന്നത്. ഉള്ളിൽ ആഴത്തിൽ എവിടെയോ ഉറങ്ങിയിരുന്ന ഓർമകളുടെ പൊട്ടുകളെ തുടികൊട്ടിയുണർത്തുകയാണ് അദ്ദേഹം ഇവിടെ.
ഉണരുന്ന ഈ ഓർമ്മകൾ പിന്നീട് നമ്മുടെ മുന്നിൽ ആട്ടം തുടരുന്നു. ചിത്തിരയെ പോലെ..
ഒരിക്കലുമവസാനിക്കാത്ത നടനം.
വായനയിൽ അനുഭവപ്പെട്ട ഒന്നു പറയട്ടെ. മഹാരാജപുരം സന്താനത്തിന്റെ ഒരു ഗംഭീര കച്ചേരിയുടെ ഇടയിലെ അതിഗംഭീരമായ ഒരു നിരവൽ മനസ്സിൽ കാണുക. അതു നിലക്കാത്തിരുന്നാൽ എങ്ങനെയാകും അനുഭവം. അതാണീ നോവൽ.സമകാലീന മലയാള സാഹിത്യത്തിലെ ഈ ക്ലാസ്സിക് വായിച്ചു തുടങ്ങിയാൽ കീഴെ വയ്ക്കാതിരിക്കാൻ രണ്ട് കാരണങ്ങൾ ആണ് മുഖ്യമായി ഉള്ളതെന്ന് തോന്നുന്നു. ഒന്നാമത്തേത് അതിന്റെ ഒഴുക്ക് എത്രമേൽ നമ്മുടെ ഹൃദയതാളത്തോട് ചേർന്ന് നിൽക്കുന്നു എന്നത്.
രണ്ടാമത്തേത് , ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ടതും ഇതാകും, ഇത് നമ്മുടെ കഥയാണ് എന്നതാണ്.. കാല സ്ഥല ഭേദങ്ങൾക്കപ്പുറം നാം എന്നോ ജീവിച്ച നമ്മുടെ കഥ. അതെന്നെന്നോ എപ്പോഴെന്നോ മാത്രം അറിയില്ല. ഒരുപക്ഷെ ഉയിര് കാക്കാൻ നമുക്ക് മുന്നേ നടന്ന പൂർവികരുടെ പേരും യാത്രകളുടെ തിരുശേഷിപ്പുകളാകാം അതു.
അമ്മ മലയാളത്തിന്റെ ദ്രാവിഡപ്പഴമയുടെ സൗന്ദര്യം വെളിവാക്കുന്ന ഈ മനോഹര നോവൽ അനുഭവത്തെ വർണിക്കുക എന്നത് തന്നെ ശ്രമകരമാണ്. അത്രമേൽ ആഴത്തിൽ വ്യാപ്തിയിൽ ഒഴുകുന്ന ഒരു നദിയാണിത്.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.