ബഷീറിന്റെ നിലാക്കാഴ്ചകള്‍: അബൂബക്കര്‍ കാപ്പാട്
സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
റൊമാന്റിക് മൂഡില്‍ നിലാക്കാഴ്ച കാണാനിരിക്കുന്ന ഒരു പുരുഷനെ സംബന്ധിച്ചേടത്തോളം ഒരു ചെറുമരമോ, ചെടിയോപോലെയുള്ള ഏതൊരു വസ്തുവിന്റെയും അവ്യക്തമായ നിഴല്‍ കണ്ടാല്‍ അതൊരു സ്ത്രീയാണെന്നായിരിക്കും അയാള്‍ക്ക് പെട്ടെന്നു തോന്നുക. അയാളുടെ ഉള്‍ത്തടത്തിലെവിടെയോ പെണ്‍ സാമീപ്യത്തിനുള്ള കൊതി പതുങ്ങിക്കിടപ്പുണ്ട് എന്നാണതിനര്‍ത്ഥം: ബഷീറിയന്‍ കാഴ്ചകളുടെ വായന
നിലാക്കാഴ്ചകളും പകൽക്കാഴ്ചകളും തമ്മിലുള്ള വ്യത്യാസം കാല്പനികതയും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസംപോലെയാണ്. പകൽവെളിച്ചത്തിലാകുമ്പോൾ, നമ്മുടെ ദൃഷ്ടിപഥത്തിൽ വരുന്ന കാര്യങ്ങൾ നല്ല തെളിമയോടെ കാണാം. അവ്യക്തത ഒട്ടുമില്ല. എന്നാൽ, നിഴലും നിലാവും കൂടിക്കലർന്ന, തെളിച്ചക്കുറവുള്ള വെളിച്ചത്തിൽ കാണുന്ന ഏതൊരു കാഴ്ചയും അവ്യക്തമായിരിക്കുമല്ലോ. പകൽവെളിച്ചത്തിൽനിന്നു വ്യത്യസ്തമായി നിലാവെളിച്ചത്തിനുള്ള മനംമയക്കുന്ന വശ്യതയും രാവ് കുറെ മുന്നേറുമ്പോഴുണ്ടാകുന്ന കനത്ത നിശ്ശബ്ദതയും അതുവഴി രാവിനു കൈവരുന്ന നിഗൂഢഭാവ വും കാഴ്ചകളുടെ ഭ്രമാത്മകത വർദ്ധിപ്പിക്കും.
കാഴ്ചക്കാരന്റെ മാനസികാവസ്ഥയും ദൃശ്യങ്ങളെ ഏറെ സ്വാധീനിക്കും. റൊമാന്റിക് മൂഡിൽ നിലാക്കാഴ്ച കാണാനിരിക്കുന്ന ഒരു പുരുഷനെ സംബന്ധിച്ചേടത്തോളം ഒരു ചെറുമരമോ, ചെടിയോപോലെയുള്ള ഏതൊരു വസ്തുവിന്റെയും അവ്യക്തമായ നിഴൽ കണ്ടാൽ അതൊരു സ്ത്രീയാണെന്നായിരിക്കും അയാൾക്ക് പെട്ടെന്നു തോന്നുക. അയാളുടെ ഉൾത്തടത്തിലെവിടെയോ പെൺ സാമീപ്യത്തിനുള്ള കൊതി പതുങ്ങിക്കിടപ്പുണ്ട് എന്നാണതിനർത്ഥം. മറിച്ച്, പേടിയോടെ നടന്നുപോകുന്ന ഒരാൾക്ക് അതേ നിഴൽ ഒരു ഭീകര സത്വമോ, പലരിൽനിന്നും കേട്ട് മനസ്സിൽ പതിഞ്ഞുപോയ ഭൂതമോ, യക്ഷിയോ ഒക്കെയായിട്ടാകും തോന്നുക.
വേറൊരു രീതിയിൽ പറഞ്ഞാൽ, താൻ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലുമൊരു പ്രശ്നത്തെക്കുറിച്ചുള്ള ഭയാശങ്കളോ, മറ്റേതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ മഥിക്കുന്ന ഒരാൾ ഉറക്കത്തിലേക്കു വഴുതുമ്പോൾ ഭീകരസ്വപ്നങ്ങൾ കാണുകയും ശുഭപ്രതീക്ഷകളും അഭിലാഷങ്ങളും നിറഞ്ഞ മനസ്സുമായി ഉറക്കത്തെ പുൽകുന്ന ഒരാൾ തന്റെ അഭിലാഷങ്ങൾ പൂവണിയുന്നതടക്കമുള്ള മധുര സ്വപ്നങ്ങൾ കാണുകയും ചെയ്യുന്നതുപോലെയാണിത്.
‘പൂനിലാവിൽ’, ‘നിലാവു കാണുമ്പോൾ’, ‘നിലാവിൽ തെളിഞ്ഞു കണ്ട മായാമോഹിനി’, ‘നിലാവു നിറഞ്ഞ പെരുവഴിയിൽ’, എന്നീ കഥകളിൽ വിവിധ ഭൂപ്രദേശങ്ങളിൽ നിലാവുള്ള രാത്രികളിൽ തന്റെ കഥാപാത്രങ്ങൾ കണ്ട ഭ്രമാത്മകമായ കാഴ്ചകളും അവർക്കുണ്ടായ വിചിത്രമായ അനുഭവങ്ങളും വായനക്കാരെ ത്രസിപ്പിക്കുന്ന രീതിയിൽ വരച്ചിട്ടിട്ടുണ്ട് ബഷീർ. “ജീവിതത്തിനു പരമമായ ഉദ്ദേശ്യം ഒന്നുമില്ലെന്നു” വിശ്വസിച്ച, “കൈയിൽ ധാരാളം പണവും ശരീരത്തിനുവേണ്ടത്ര ശക്തിയുമുണ്ടാ യിരുന്ന” ഒരു സഞ്ചാരിക്ക് പുരാതനമായ ഒരു നഗരം സ്ഥിതിചെയ്തി രുന്ന സ്ഥലത്തുവെച്ച്, “കുളിർമ്മയോടെ ജ്വലിക്കുന്ന തൂവെള്ളപ്പൊടി പോലെ”യുള്ള പൂനിലാവിലുണ്ടായ അതിവിചിത്രവും ഭയാനകവുമായ അനുഭവമാണ് ‘പൂനിലാവിൽ’ എന്ന കഥയിൽ അനാവരണം ചെയ്യപ്പെടുന്നത്. അവിടെയയാൾ, തന്നെ ആകർഷിച്ച എല്ലാ യുവതികളുടെയും ഛായ ഒത്തുചേർന്ന കത്തുന്ന സൗന്ദര്യമുള്ള ഒരു തരുണിയെ കണ്ടുമുട്ടി.
ഞാൻ നിന്നുപോയി… സൗന്ദര്യം… വിശ്വസൗന്ദര്യം…! നേരിയ വസ്ത്രത്തിലൂടെ ശരീരത്തിന്റെ അഴക് മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട്, അർദ്ധനിമീലിത നേത്രങ്ങളോടെ, ഒരു മൺവീടിനു മുമ്പിൽ അവൾ നിൽക്കയാണ്…(ബഷീർ: സമ്പൂർണ്ണ കൃതികൾ 1:383). അവളെ മനസ്സിൽ അവൾ മാത്രമേയുണ്ടായിരുന്നുള്ളൂ. “അവൾമാത്രമാണു സത്യമായിട്ടുള്ളത്. ആ നോട്ടം! ആ ശബ്ദം!” (1:386).
അവളെമാത്രം ധ്യാനിച്ചുകൊണ്ട്, പൂനിലാവിൽ കുളിച്ചുനിൽക്കുന്ന രാത്രിയിൽ അയാൾ പുഴക്കരയിലിരിക്കുമ്പോൾ അവൾ വീണ്ടും അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുറച്ചു നേരം അയാളുടെ മടിയിൽ തലവെച്ചു കിടന്ന് ചുംബനലഹരിയിൽ അയാളെ ആറാടിച്ചശേഷം അവളയാളെ തന്റെ വീട്ടിനകത്തേക്കു ക്ഷണിച്ചു. “അവളെ കോരിയെടുത്ത് മാറോടു ചേർത്തുകൊണ്ട്” വീട്ടിനകത്തു ചെന്നപ്പോൾ അവിടെ പൂനിലാവുപോലെ പ്രകാശം! മുകളിലേക്കു നോക്കിയപ്പോൾ അയാൾ അന്ധാളിച്ചുപോയി. ആ വീടിനു മേല്ക്കൂര ഇല്ലായിരുന്നു. വെറും നാലു ചുമരുകൾമാത്രം! പൂർണ്ണചന്ദ്രൻ ഉച്ചിയിൽ! അമ്പരപ്പോടെ അവളുടെ മുഖത്തേക്കു നോക്കിയ അയാൾ നടുങ്ങിപ്പോയി. താൻ ആലിംഗനംചെയ്തിരിക്കുന്നത് ഇളിച്ചുനോക്കുന്ന വെളുവെളെയുള്ള ഒരസ്ഥിപഞ്ജരത്തെയാണെന്നു കണ്ടപ്പോൾ വെട്ടിയിട്ട വാഴത്തടിപോലെ അയാൾ താഴെ വീണു. ആ അസ്ഥിപഞ്ജരം പൊടിഞ്ഞ്, ധൂളിയായി പൂനിലാവിൽ ലയിക്കുന്നതായി അയാൾക്കു തോന്നി (1:387).
പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.