DCBOOKS
Malayalam News Literature Website

നീല്‍സണ്‍ ബുക്ക്സ്‌കാന്‍ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ ഇടം നേടിയ മലയാളം പുസ്തകങ്ങള്‍

(15 ജൂലൈ 2023 -ല്‍ പ്രസിദ്ധീകരിച്ചത്)

നീല്‍സണ്‍ ബുക്ക് സ്‌കാന്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ഇടം നേടി ആറ് മലയാളം പുസ്തകങ്ങള്‍. ഡി സി ബുക്‌സാണ് എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, കെ ആര്‍ മീരയുടെ നോവൽ ഖബര്‍, അഖില്‍ പി ധര്‍മ്മജന്റെ റാം C/O ആനന്ദി, റോബര്‍ട്ട് റ്റി. കിയോസാകിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്, തകഴിയുടെ രണ്ടിടങ്ങഴി, കെ ആര്‍ മീരയുടെ മരത്തെയും മറന്നു മറന്നു ഞാന്‍  എന്നീ പുസ്തകങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്.

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളാണ് നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളവ.

Textപ്രേമലേഖനം, വൈക്കം മുഹമ്മദ് ബഷീര്‍

”ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.” കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. ‘സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം’ ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.

ഖബര്‍- കെ ആര്‍ മീരText

ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന നോവലാണ്  ‘ഖബര്‍. ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക്ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.

Textറാം C/O ആനന്ദി-അഖില്‍ പി ധര്‍മ്മജന്‍

ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്…!

റിച്ച് ഡാഡ് പുവര്‍ ഡാഡ്- റോബര്‍ട്ട് റ്റി. കിയോസാകിText

അതിസമ്പന്നരുടെ പട്ടികയിലെ പേരുകള്‍ വായിച്ച് അന്തം വിട്ടു നില്‍ക്കുകയല്ല, മറിച്ച് തനിക്കും അതു സാധിക്കും എന്നുറച്ചു വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കുന്നു ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ റോബര്‍ട്. റ്റി. കിയോസാക്കി. താൻ പഠിക്കുകയും മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത സാമ്പത്തിക സൂത്രവാക്യങ്ങൾ മറ്റുള്ളവർക്കു പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ 1997 ഏപ്രിൽ മാസത്തിൽ ‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ആയിരം കോപ്പികള്‍ മാത്രമേ അച്ചടിച്ചുള്ളൂ. എന്നാല്‍ പ്രസാധകരുടെയും എഴുത്തുകാരന്റെയും ധാരണകളെ തകിടം മറിച്ചുകൊണ്ട് ഒരു കോടിയിലധികം പ്രതികള്‍ വിറ്റഴിച്ച് ഈ ഗ്രന്ഥം പുസ്തക വിപണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. അമേരിക്കയിലും ജപ്പാനിലും ചൈനയിലും ഉള്‍പ്പടെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ പല പ്രമുഖരും ഈ പുസ്തകം തങ്ങളെ എത്രമാത്രം പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിന്റെ മലയാളപരിഭാഷയ്ക്കും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ന്യൂയോര്‍ക്ക് ടൈസ് ബെസ്റ്റ് സെല്ലറായ റിച്ച് ഡാഡ് പുവര്‍ ഡാഡ് കെ.കെ. ജയകുമാറാണ് വിവര്‍ത്തനം ചെയ്തത്.

Textരണ്ടിടങ്ങഴി-തകഴി

പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ആവിഷ്‌കാരമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി. കുട്ടനാട്ടിലെ പാടത്ത് പണിയെടുത്ത് കേരളത്തിനുണ്ണാന്‍ നെല്ലു വിളയിച്ച കര്‍ഷകത്തൊഴിലാളിയുടെ ജീവിതം യഥാര്‍ത്ഥമായി ആവിഷ്‌ക്കരിക്കുയാണ് തകഴി ഈ നോവലില്‍.  എല്ലാ ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ഒട്ടുവളരെ വിദേശഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി തകഴിയുടെ വിശ്വവിഖ്യാതമായ നോവലുകളിലൊന്നാണ്. കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന രണ്ടിടങ്ങഴി 1948ലാണ് പ്രസിദ്ധീകരിക്കുന്നത്. നോവലിനെ അസ്പദമാക്കി നിര്‍മിച്ച മലയാള ചലച്ചിത്രവും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. തകഴി ശിവശങ്കര പിള്ളയുടെ വിഖ്യാത നോവലിന് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി.

ആ മരത്തെയും മറന്നു മറന്നു ഞാന്‍- കെ ആര്‍ മീരText

ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. ഈ പരിണാമത്തില്‍ മലയാളത്തിനു ലഭിച്ച ആദ്യ നോവെല്ലയാണ് ‘ആ മരത്തെയും മറന്നു ഞാന്‍’.

👉ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്‌

Comments are closed.