DCBOOKS
Malayalam News Literature Website

ബി.ആർ.പി. ഭാസ്കറിന്റെ ‘ന്യൂസ് റൂം’ ചരിത്രത്തിന് ഒരു വിലപിടിച്ച നേട്ടം

ബി.ആര്‍.പി. ഭാസ്‌കറിന്റെ ‘ന്യൂസ് റൂം’ എന്ന പുസ്തകത്തിന് ബൈജു ചന്ദ്രന്‍ എഴുതിയ വായനാനുഭവം

ദീർഘകാലം നീണ്ടുനിന്ന സാഹസികമായ ഒരു ഔദ്യോഗിക കാലത്തിനു ശേഷം തിരുവനന്തപുരത്തെ ന്യൂസ് ഹൗസ് എന്ന വീട്ടിൽ വിശ്രമജീവിതം നയിച്ചുപോന്നിരുന്ന എം ശിവറാമാണ്, ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ടു കാണുന്ന, അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഒരു പത്രപ്രവർത്തകൻ. എന്റെ അച്ഛൻ വിവർത്തനം ചെയ്ത്, 1972 ൽ കേരളശബ്ദത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ച, “കിഴക്കനേഷ്യയുടെ ഹൃദയത്തിലൂടെ” എന്ന ശിവറാമിന്റെ ആത്മകഥാക്കുറിപ്പുകളിലൂടെയാണ് അദ്ദേഹം റിപ്പോർട്ട് ചെയ്ത ബർമ്മയിലെ ആങ്സാൻ ക്യാബിനറ്റിന്റെ വധമുൾപ്പടെ, ലോകത്തെ പിടിച്ചുകുലുക്കിയ പല ചരിത്രമുഹൂർത്തങ്ങളെക്കുറിച്ചും ആദ്യമായി മനസ്സിലാക്കുന്നത്. മാധ്യമപ്രവർത്തനത്തിന്റെ വിശാലമായ ലോകത്തിലേക്ക് കാന്തശക്തിയോടെ ആകർഷിച്ചത്, തീർച്ചയായും അമ്മാതിരി പ്രശസ്തരായ പത്രപ്രവർത്തകരുടെ പ്രചോദനം പകരുന്ന ജീവിതകഥകളായിരുന്നു.

പോത്തൻ ജോസഫ്,എം ശിവറാം, എടത്തട്ട നാരായണൻ, കാർട്ടൂണിസ്റ്റ് ശങ്കർ,സി പി രാമചന്ദ്രൻ, ടി ജെ എസ് ജോർജ്ജ്. ദേശീയ മാധ്യമലോകത്ത് തിളങ്ങിനിന്ന ഉന്നതശീർഷരായ മലയാളിവ്യക്തിത്വങ്ങളുടെ പട്ടികയിൽ ഒരുപക്ഷെ ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ എന്ന പേര് ആരും കണ്ടു കാണാനിടയില്ല.കാരണം മറ്റു പലരെയും പോലെ നിറപ്പകിട്ടാർന്ന വേഷഭൂഷാദികളോടെ അരങ്ങത്ത് നിറഞ്ഞാടാനല്ല, അണിയറയിലൊരിടത്ത് ഒതുങ്ങിമാറിനിന്നു കൊണ്ട് കളിയുടെ ഗതി നിയന്ത്രിക്കാനുള്ള നിയോഗമാണ് ബി.ആർ.പി.ഭാസ്‌കർ എക്കാലവും സ്വയം ഏറ്റെടുത്തിരുന്നത്. പത്രപ്രവർത്തനത്തിന്റെ വിശാലമായ ആകാശത്തിൽ ചിറകടിച്ചു പറന്നുയരുമ്പോഴും ദേശീയ- അന്തർദേശീയ മാധ്യമലോകത്ത് പ്രധാനപ്പെട്ട നാഴികക്കല്ലുകൾ ഓരോന്നായി പിന്നിടുമ്പോഴും, അജ്ഞാതനാമാവായി തന്നെ മുന്നോട്ടുപോകാനായിരുന്നു ബി ആർ പി എന്നും ശ്രദ്ധിച്ചു പോന്നിരുന്നത്.
പത്രപ്രവർത്തകർ അജ്ഞാതത്വത്തെ അത്രമേൽ വിലമതിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായ അദ്ദേഹം തന്റെ അനുഭവക്കുറിപ്പുകൾ രേഖപ്പെടുത്തിവെയ്ക്കാൻ ഒടുവിൽ തയ്യാറായപ്പോൾ, ചരിത്രത്തിനാണ് അതൊരു വിലപിടിച്ച നേട്ടമായി തീർന്നത്. ബി ആർ പി സാർ എഴുതിയ ‘ന്യൂസ് റൂം’ എന്ന അനുഭവക്കുറിപ്പുകൾ, അതിന്റെ സവിശേഷവും ഗംഭീരവുമായ Textഉള്ളടക്കമൊന്നുകൊണ്ടു മാത്രമല്ല വേറിട്ടുനിൽക്കുന്നത്. ഒരിടത്തുപോലും അനാവശ്യ മായി ‘ഞാൻ’ കടന്നുവരാതെ നോക്കുന്ന, പ്രതിപാദ്യ വിഷയങ്ങളിൽ നിന്നും സംഭവങ്ങളിൽ നിന്നും കൃത്യമായി അകൽച്ച പാലിച്ചുകൊണ്ട് കഥ പറയുന്ന ആഖ്യാന ശൈലിയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സംഭവബഹുലവും സംഘർഷഭരിതവുമായ ഒരു ചരിത്രകാലഘട്ടത്തിലെ രാഷ്ട്രീയനാടകവേദിയും അന്നാളുകളിൽ അരങ്ങു കീഴടക്കിയ അതികായന്മാരുമൊക്കെയാണ് ഈ അനുഭവസാക്ഷ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മദ്രാസും ഡൽഹിയും ബോംബെയും ശ്രീനഗറും ബാംഗ്ലൂരും തിരുവനന്തപുരവുമൊക്കെ യായി പരന്നു കിടക്കുന്ന ഇന്ത്യയ്ക്കകത്തു കൂടി മാത്രമല്ല അങ്ങു ദൂരെ ഫിലിപ്പൈൻസും,ഫിജിയും അമേരിക്കയും സോവിയറ്റ് യൂണിയനും കിഴക്കൻയൂറോപ്പും ചൈനയുമൊക്കെ ഉൾപ്പെടെയുള്ള അതിവിശാലവും വിസ്തൃതവും വൈവിധ്യമാർന്നതുമായ ഒരു ഭൂമികയിലൂടെയാണ് ബി ആർ പി യുടെ കർമ്മകാണ്ഡം വിടർന്നു വികസിക്കുന്നത്. എന്തെല്ലാം ഏതെല്ലാം ചരിത്രസംഭവങ്ങളുടെ ഉൾക്കാഴ്ച്ചയുള്ള പുരാവൃത്തങ്ങൾ! എടത്തട്ട നാരായണനേയും രാംനാഥ്‌ ഗോയങ്കയെയും പോലെയുള്ള അത്യപൂർവ വ്യക്തിത്വങ്ങളുടെ സവിശേഷത യുള്ള രേഖാചിത്രങ്ങൾ!
പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ സാറിനെ വിളിച്ച് എന്റെ ഒരു പരാതി രേഖപ്പെടുത്തിയിരുന്നു. കഴിയുന്നിടത്തോളം ‘ഞാൻ’ മാറിനിൽക്കണമെന്ന സാറിന്റെ പിടിവാശി കാരണം പറയാതെ വിട്ടുകളഞ്ഞ ചില കാര്യങ്ങളെ കുറിച്ചായിരുന്നു അത്. “കൊല്ലത്തെ ഒരു സ്ഥാപന”മെന്നു എൻ.ഗോപിനാഥൻ നായർ (ജനയുഗം ഗോപി) വിശേഷിപ്പിക്കുന്ന, തലയെടുപ്പുള്ള പത്രപ്രവർത്തകനും പ്രസ്സ് ഉടമയുമായ ഏ കെ ഭാസ്കറെ (പിതാവ്) പ്പറ്റിയും ആ കാലഘട്ടത്തെ കുറിച്ചും കാര്യമായ പരാമർശങ്ങളൊന്നും ഇതിലില്ല എന്നത് ഒരു കുറവായി തന്നെ കാണണം.1948ൽ നടന്ന സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിൽ കാട്ടായിക്കോണം ശ്രീധറിന്റെ പോളിംഗ് ഏജൻറ് ആയി ബി ആർ പി ഭാസ്കർ ചുമതല നിർവഹിക്കുമ്പോൾ ബൂത്തിനകത്തേക്ക് കയറി വന്ന തിരുവിതാംകൂറിന്റെ നിയുക്ത പ്രധാനമന്ത്രി പട്ടം താണുപിള്ളയ്ക്ക് ബൂത്തിനകത്തു കടക്കാൻ അനുവാദമുണ്ടോ എന്ന് ചോദ്യം ചെയ്തതും പട്ടം ഉടനെ ഇറങ്ങിപ്പോയതുമായ ഒരു സംഭവം വളരെ കാഷ്വൽ ആയി പറഞ്ഞുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ആ തെരഞ്ഞെടുപ്പിനും ആ രാഷ്ട്രീയ കാലഘട്ടത്തിനും നേരിട്ട് സാക്ഷ്യം വഹിച്ച മറ്റാരെങ്കിലും ഇന്നു ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ അപൂർവ കാലഘട്ടത്തിൽ താൻ നേരിട്ടു കാണുകയും പങ്കെടുക്കുകയും ചെയ്ത എന്തൊക്കെ ചരിത്രസംഭവങ്ങൾ ഇതിലൂടെ പറഞ്ഞുതരാൻ സാറിന് കഴിയുമായിരുന്നു! തകഴിയുടെ കയർ ദൂരദർശനിൽ പരമ്പര യായി വന്നതിനു പിന്നിലുള്ള ബി ആർ പിയുടെ നിർണ്ണായകമായ പങ്കു പോലെ എനിക്കറിഞ്ഞുകൂടാതിരുന്ന ചില സംഭവങ്ങളൊക്കെ വിശദമായി തന്നെ വിവരിക്കുമ്പോൾ,പത്രമാഫീസിൽ തന്നെ കാണാനായി വന്ന എം പി നാരായണ പിള്ളയോട് എടത്തട്ട നാരായണൻ അനിഷ്ടം കാണിച്ചതിന്റെ പേരിൽ പേട്രിയട്ട് പത്രത്തിൽ നിന്ന് രാജി വെച്ചിറങ്ങിപ്പോയ സംഭവം ഒറ്റ വാചകത്തിൽ ഒതുക്കി പറഞ്ഞു തീർത്തതിനെ കുറിച്ചാണ് എനിക്കുള്ള മറ്റൊരു പരാതി.
“എന്റെ അനുഭവങ്ങൾ എഴുതിയാൽ പുതിയ തലമുറയിൽപ്പെട്ടവർക്ക് അതിൽ നിന്ന് പാഠ ങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞേക്കും” എന്ന തോന്നലാണ് ഈ പുസ്തകമെഴുതാൻ പ്രേരിപ്പിച്ചതെന്ന് ബി ആർ പി പുസ്തകത്തിന്റെ ‘മുന്നുര’യിൽപറയുന്നുണ്ട്. മൂന്നര പതിറ്റാണ്ടു കാലത്തെ മാധ്യമ അധ്യാപനാനുഭവങ്ങളിൽ നിന്ന് മനസിലാക്കിയ ഒരു കാര്യം പറയട്ടെ. മാധ്യമരംഗത്ത്, മുൻപേ പറന്ന പക്ഷികളുടെ ജീവിതകഥകൾ ക്ലാസ്സ്‌റൂമിൽ കുട്ടികൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കാറുള്ളതായി എനിക്കറിവില്ല. ഈ കുറിപ്പിന്റെ തുടക്കത്തിൽ പേരു പറഞ്ഞ വലിയ മനുഷ്യരുടെ ജീവചരിത്ര ങ്ങളോ ആത്മകഥകളോ ചിലപ്പോൾ പഠന സ്ഥാപനത്തിന്റെ ലൈബ്രറി യിൽ കണ്ടുവെന്ന് വരാം.അതൊക്കെ വായിച്ചു വെറുതെ ‘സമയം കളയുന്നതിനു’ പകരം ക്യാമറ ഓപ്പറേറ്റ് ചെയ്തു പഠിക്കാനും ക്യാമറയുടെ മുന്നിൽ നിന്നുകൊണ്ട് ‘സ്റ്റാൻഡ് അപ്പ്’ എടുത്തു ശീലിക്കാനും ചാനലുകളിലെ സായാഹ്‌ന ചർച്ചകളിലെ ഇഷ്ടതാരത്തെ പ്പോലെ നിന്നും ഇരുന്നും നടന്നുമൊക്കെയായി ആങ്കറിംഗ് ചെയ്തു പരിശീലിക്കാനുമൊക്കെയാണ് കുട്ടികൾക്കും താൽപ്പര്യം എന്നതാണ് അപ്രിയകരമായ മറ്റൊരു വാസ്തവം. ഒരു മാധ്യമ വിദ്യാർത്ഥിയുടെ മാത്രമല്ല ചരിത്രകുതുകിയായ ഏതൊരാളിന്റെയും കരിക്കുലത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പുസ്തകമാണിത്. എത്രയോ പണ്ടേ എഴുതേണ്ടിയിരുന്ന, അനുഭവതീഷ്ണമായ ഈ ഓർമ്മക്കുറിപ്പുകൾ ഇപ്പോഴെങ്കിലും തന്നതിന് കാലം ബി ആർ പി സാറിനോട് കടപ്പെട്ടിരിക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.