മുന്നോട്ടു നടത്താത്ത പുതിയ കേരളചരിത്രം
മനോജ് കെ. പുതിയവിള
യക്ഷിയെയും മാടനെയും വസൂരിമാലയെയും തുരത്തിയ ശാസ്ത്രസാങ്കേതികവിദ്യകള്‍ നാടണയുമ്മുമ്പേ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുംനിന്നു പ്രാകൃതസമൂഹത്തെ പരിഷ്‌ക്കൃതസമൂഹമായി പരിവര്‍ത്തനം ചെയ്യാന്‍ വഴി വെട്ടിത്തുറന്ന സാമൂഹികപരിഷ്‌ക്കര്‍ത്താക്കളുടെ കാലത്തുനിന്നു തുടങ്ങണം മാറ്റങ്ങളുടെ വിശകലനം.
അവരാണ് ഈ മാറ്റത്തിനുള്ള ആശയതലം തീര്‍ത്തതും അതിനായുള്ള പോരാട്ടങ്ങളും പോരാട്ടപ്രസ്ഥാനങ്ങളും നയിച്ചതും.: ശബരിമലയിലെ മകരജ്യോതി ഒരു കൃത്രിമ നിര്‍മ്മിതിയാണെന്ന് തെളിയിച്ച മാധ്യമ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായ ഒരാളുടെ ആത്മാനുഭവവും സാമൂഹികാനുഭവവും നിറഞ്ഞ ഓര്‍മ്മപ്പെടുത്തല്‍.
പതിനാലാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനത്തിനുശേഷം മറ്റൊരു ഭക്തിപ്രസ്ഥാനം രൂപംകൊള്ളുന്നത് 2018ലാണ്. നമ്മുടെകേരളത്തിനാണ് ആ ഭാഗ്യമുണ്ടായത്. എഴുത്തച്ഛനും തുളസീദാസും മീരയുമൊക്കെ നേതൃത്വം നല്കിയ ഭക്തിപ്രസ്ഥാനം അന്നത്തെ നിലയില്‍ സാമൂഹികപരിഷ്‌ക്കരണപ്രസ്ഥാനമായിരുന്നെങ്കില്‍ 2018ലേത് നേരേ എതിര്‍ദിശയില്‍ ഉള്ളതായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും അശാസ്ത്രീയതകളു
മൊക്കെ പുനഃസ്ഥാപിക്കാനുള്ള പ്രസ്ഥാനം.
അതിന്റെ രണ്ടാംതരംഗം 2020 നവംബര്‍-ഡിസംബര്‍ കാലത്ത് തദ്ദേശഭരണതെരഞ്ഞെടുപ്പിനു മുന്നോടിയായും, മൂന്നാം തരംഗം ഈ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായും ഉയര്‍ന്നത് മെല്ലെ അടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ വിഷയം ഇങ്ങനെ കാലാകാലം പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച് തെരഞ്ഞെടുപ്പുകളില്‍ ജനകീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരം ഇല്ലാതാക്കുന്നത് ഒരു സമൂഹമെന്നനിലയില്‍ കേരളത്തിനു ഗുണകരമല്ല. അതിനാല്‍, വോട്ടുകള്‍ പെട്ടിയിലാകുകയും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കാത്തിരിപ്പിനു വഴിമാറുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഇക്കാര്യങ്ങള്‍ സമചിത്തതയോടെ ചര്‍ച്ചചെയ്യുന്നതു നന്നായിരിക്കും എന്നു തോന്നുന്നു. തെരഞ്ഞെടുപ്പുകാലത്തു സൃഷ്ടിക്കപ്പെടുന്ന അതിവൈകാരികതക്കു പകരം സമചിത്തതയോടെ ചര്‍ച്ച സാദ്ധ്യമാകും.
നേര്‍മുത്തശ്ശിക്കാലം
ചില മനുഷ്യര്‍ തൊടാനും അടുത്തുവരാനും കാണാന്‍കൂടിയും കൊള്ളാത്തവരാണെന്നു കരുതിയിരുന്ന കാലത്തിനു നൂറുകൊല്ലംപോലും പഴക്കമില്ല. അങ്ങനെ ‘അശുദ്ധി’ ഉണ്ടാക്കിയാല്‍ അവരെ കെട്ടിയിട്ടു തല്ലുകയും കൊല്ലുകയുംവരെ ചെയ്യുന്നതു നാട്ടുനടപ്പായിരുന്ന കാലം. നാടുവാഴികളുടെ നിര്‍മ്മിതികള്‍ക്കു ബലവും അതിര്‍ത്തിക്കിടങ്ങുകള്‍ക്കു ശത്രുക്കളെ തടയാനുള്ള ശേഷിയുമൊക്കെ കിട്ടാന്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെയോ ബലികഴിച്ചോ കുഴിച്ചുമൂടിയിരുന്ന കാലം. യക്ഷി ചോരകുടിച്ചും മറുത പിടിച്ചും മാടന്‍ അടിച്ചും ഒടിയന്‍ ഒടിച്ചും മന്ത്രവാദി കൂടോത്രം ചെയ്തുമൊക്കെ ആളുകള്‍ ‘മരിച്ചി’രുന്ന കാലം. സന്ധ്യ കഴിഞ്ഞാല്‍ ഇവരെയൊക്കെ പേടിച്ച് പല വഴികളിലൂടെയും നടക്കാന്‍ ആളുകള്‍ ഭയന്നിരുന്ന കാലം.ആടിനെയും കോഴിയെയുമൊക്കെ ബലികൊടുത്താല്‍ ദൈവങ്ങള്‍ പ്രസാദിക്കുമെന്നും ആഗ്രഹങ്ങള്‍ സാധിക്കുമെന്നും വിശ്വസിച്ച കാലം. മസൂരിയും കോളറയും ദേവീകോപമാണെന്നു കരുതി തലമുറകള്‍ മരിച്ചൊടുങ്ങിയ കാലം. നാമജപസമരം നടത്തിയവരിലടക്കം മഹാഭൂരിപക്ഷം പേരുടെയും വല്യമ്മൂമ്മമാര്‍ ‘അനുവാദം’ ഇല്ലായിരുന്നതിനാല്‍ മാറു തുറന്നിട്ടു നടന്നിരുന്ന കാലം. കൊതിച്ചാലും ആഭരണങ്ങള്‍ അണിയാന്‍ കഴിയാതെ ചരടില്‍ കല്ലു കോര്‍ത്തു ധരിക്കാന്‍ വിധിക്കപ്പെട്ട കാലം.
ഇന്നുള്ള മിക്കവരുടെയും രണ്ടുതലമുറയ്ക്ക് അപ്പുറം പോലുമല്ല ആ കാലം. വെറും 50 കൊല്ലത്തിനിപ്പുറം 1970 കളില്‍പ്പോലും മാറുമറയ്ക്കാത്ത വൃദ്ധകളെ എന്റെ പരിഷ്‌കൃതഗ്രാമത്തില്‍ കാണാമായിരുന്നു. ഞാന്‍ കോളെജില്‍ എത്തിയ 1979 ല്‍, സംവരണത്തിലൂടെ അടുത്ത പഞ്ചായത്തില്‍ പ്രസിഡന്റായ മരംകയറ്റ
ത്തൊഴിലാളിക്ക് പഞ്ചായത്തു കമ്മിറ്റിയിലെ ‘തമ്പ്രാന്മാ’രുടെ മുന്നില്‍ ഇരിക്കാന്‍ കഴിയുമായിരുന്നില്ല.അടിയന്തരാവസ്ഥ കാരണം ഒരു പത്രം ഉടുമ്പിനെപ്പറ്റി ലേഖനപരമ്പര
എഴുതിയില്ലായിരുന്നെങ്കില്‍ രാത്രി ‘തീഗോളംപോലെ ഉരുണ്ടുപോകാറു’ണ്ടായിരുന്ന ഈനാമ്പേച്ചി പിന്നെയും ഏറെക്കാലം പേടിസ്വപ്നമായേനെ.
നാട്ടില്‍ വൈദ്യുതിവെട്ടം വന്നതോടെ ഈ ‘പ്രകൃത്യാതീത’ ശക്തികളെല്ലാം കടപൂട്ടി. യക്ഷികളൊക്കെ ചോരകിട്ടാതെ പട്ടിണിമരണത്തിന് ഇരയായി. കരിമ്പനകള്‍ നൊങ്കും പനയോലയും തരുന്ന വെറും മരങ്ങളായി. ഗോവസൂരിപ്രയോഗം എ
ന്ന അച്ചുകുത്ത്, മസൂരി പരത്തുന്ന പണിയില്‍നിന്നു ദേവിക്കു വിടുതല്‍ നല്കി. ശാസ്ത്രസാങ്കേതികവിദ്യകളും പുതിയ അറിവുമൊക്കെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കപ്പുറം അടിസ്ഥാനപരമായി അത്ര പരിഷ്‌കൃതരൊന്നുമല്ല കേരളീയര്‍.
കൊടിയ ആചാരലംഘകന്‍!
യക്ഷിയെയും മാടനെയും വസൂരിമാലയെയും തുരത്തിയ ശാസ്ത്രസാങ്കേതികവിദ്യകള്‍ നാടണയുമ്മുമ്പേ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുംനിന്നു പ്രാകൃതസമൂഹത്തെ പരിഷ്‌ക്കൃതസമൂഹമായി പരിവര്‍ത്തനം ചെയ്യാന്‍ വഴി വെട്ടിത്തുറന്ന സാമൂഹികപരിഷ്‌ക്കര്‍ത്താക്കളുടെ കാലത്തുനിന്നു തുടങ്ങണം മാറ്റങ്ങളുടെ വിശകലനം. അവരാണ് ഈ മാറ്റത്തിനുള്ള ആശയതലം തീര്‍ത്തതും അതിനാ യുള്ള പോരാട്ടങ്ങളും പോരാട്ടപ്രസ്ഥാനങ്ങളും നയിച്ചതും.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.