DCBOOKS
Malayalam News Literature Website

പുതിയ വിദ്യാഭ്യാസ നയം; പ്രൊഫഷണൽ കോഴ്‌സുകളും വൊക്കേഷണൽ കോഴ്‌സുകളും: മുരളി തുമ്മാരുകുടി എഴുതുന്നു

Muralee Thummarukudy
Muralee Thummarukudy

അറുപത് പേജുകളുള്ള പുതിയ വിദ്യാഭ്യാസ നയത്തിൽ ഒരു പേജാണ് പ്രൊഫഷണൽ എഡ്യൂക്കേഷൻ എന്ന വിഷയത്തിന് മാറ്റിവെച്ചിരിക്കുന്നത്. അതിൽ തന്നെ നിയമ വിദ്യാഭ്യാസത്തിന്, ആരോഗ്യ വിദ്യാഭ്യാസത്തിന്, എഞ്ചിനീറിങ്ങിന്, കൃഷിക്ക് എല്ലാം ഓരോ ഖണ്ഡിക, പൊതുവായി രണ്ട്. പുതിയ പോളിസിയിൽ വയോജന വിദ്യാഭ്യാസത്തിന് നീക്കിവെച്ചിരിക്കുന്നത് രണ്ടു പേജും പത്ത് ഖണ്ഡികയുമാണ്. ഇന്ത്യയുടെ ഭാഷ, സംസ്കാരം, കല എന്നിവക്ക് നാല് പേജും ഇരുപത് ഖണ്ഡികയുമുണ്ട്.

വലുപ്പത്തിലല്ല കാര്യം. എന്നാൽ ഈ ഒരു പേജിൽ എന്തെങ്കിലും ഗഹനമായി പറഞ്ഞിട്ടുണ്ടോ?

1. ഒറ്റക്കാര്യമാണ് എൻറെ ശ്രദ്ധയിൽ പെട്ടത്. എൻജിനീയറിങ്ങ് യൂണിവേഴ്സിറ്റി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, ആരോഗ്യ സർവ്വകലാശാല എന്നിവ വലുതാക്കി എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ആക്കണം. അതുപോലെ സാധാരണ യൂണിവേഴ്സിറ്റികൾ വികസിപ്പിച്ച് പ്രൊഫഷണൽ വിഷയങ്ങൾ പഠിപ്പിക്കുകയും വേണം. നമ്മുടെ പ്രൊഫഷണൽസ് അവരുടെ വിഷയങ്ങൾ കൂടാതെ ഭാഷയും മറ്റുകാര്യങ്ങളും അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ്.

2. വിദേശ രാജ്യങ്ങളിൽ ആർട്സും സ്പോർട്സും പ്രൊഫഷണൽ വിഷയങ്ങളും മെഡിസിനും ഒരേ കാന്പസിൽ പഠിപ്പിക്കുന്ന വന്പൻ യൂണിവേഴ്സിറ്റികളുണ്ട്. അത് നല്ല കാര്യവുമാണ്. ഇന്ത്യയിലെ യൂണിവേഴ്സിറ്റി സംവിധാനത്തിന്റെ അടിസ്ഥാനം നൂറു കണക്കിന് ചെറിയ സ്ഥാപനങ്ങളും (ആർട്സ്, എഞ്ചിനീയറിങ്ങ്, മെഡിക്കൽ, ലോ കോളേജുകൾ) അവയിൽ ഓരോന്നിലും പരീക്ഷ നടത്തി ഡിഗ്രി കൊടുക്കുന്ന പ്രാദേശികമായ യൂണിവേഴ്സിറ്റികളും ആയിരുന്നു. സമീപകാലത്ത് വരെ ഇത്തരം യൂണിവേഴ്സിറ്റികൾ എല്ലാ വിഷയങ്ങളിലും ഡിഗ്രി കൊടുക്കുകയും ചെയ്തിരുന്നു. ഈയിടെയാണ് ആ സംവിധാനം മാറ്റി എല്ലാ മെഡിക്കൽ കോളേജുകളും ആരോഗ്യ സർവ്വകലാശാലയുടെ കീഴിലും എല്ലാ എഞ്ചിനീയറിങ്ങ് കോളേജുകളും ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലും ആക്കിയത്. അവിടുന്ന് നമ്മൾ തിരിച്ചു പോകണമെന്നാണോ പറയുന്നത്? അങ്ങനെ ചെയ്തത് കൊണ്ട് എങ്ങനെയാണ് ഇന്റർ ഡിസിപ്ലിനറി പഠനം സാധ്യമാകുന്നത് ? അഫിലിയേറ്റഡ് കോളേജുകൾ ഉണ്ടാകില്ല എന്ന് പറയുന്പോൾ ഓരോ മെഡിക്കൽ കോളേജും ഇംഗ്ളീഷും കണക്കും സംഗീതവും പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി ആയി വികസിപ്പിക്കും എന്നാണോ? നിർഭാഗ്യവശാൽ പോളിസി ഇക്കാര്യത്തിൽ ഒട്ടും കൃത്യത തരുന്നില്ല.

3. ഡിഗ്രിയും ഡിപ്ലോമയും ഒരുമിച്ചു കൈകാര്യം ചെയ്യുന്നതും ഫർമസിയും മാനേജ്‌മെന്റും ഹോട്ടൽ മാനേജ്‌മെന്റും സാങ്കേതിക വിദ്യാഭ്യാസത്തിൽ (പ്രൊഫഷണൽ) സാങ്കേതിയ വിദ്യാഭ്യാസത്തിന്റെ കീഴിൽ കൊണ്ടുവരുന്നതും ഒക്കെയാണ് പിന്നീട് പോളിസിയിൽ കാണുന്നത്. “Technical education includes degree and diploma programmes in, engineering, technology, management, architecture, town planning, pharmacy, hotel management, catering technology etc., which are critical to India ’s overall development.”

4. ഇന്ത്യയിൽ സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമ നൽകുന്ന 2100 പോളിടെക്നിക്കുകളുണ്ട്. ഇവ സാധാരണഗതിയിൽ യൂണിവേഴ്സിറ്റിയുടെ കീഴിലല്ല വരുന്നത്. പുതിയ നയത്തിൽ പോളിടെക്നിക്കുകളെ യൂണിവേഴ്സിറ്റിയുടെ കീഴിലാക്കുമോ?. അതുപോലെ തന്നെ നാലു വർഷ ഡിഗ്രി കോഴ്സിൽ രണ്ടു വർഷം കഴിഞ്ഞാൽ ഡിപ്ലോമ നൽകുമെന്ന് പോളിസി പറയുന്നു. എൻജിനീയറിങ്ങ് കോളേജുകളിൽ രണ്ടു വർഷം പഠനം കഴിഞ്ഞാൽ ഡിപ്ലോമ കിട്ടുമോ? അത് പോളിടെക്നിക്കിലെ മൂന്നു വർഷ ഡിപ്ലോമക്ക് തുല്യമായിരിക്കുമോ?

5. പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് ബാർ കൗൺസിലിനും മെഡിക്കൽ കൗൺസലിനും അല്ലാതെ മറ്റുള്ള എല്ലാ പ്രൊഫഷണൽ കൗൺസിലുകൾക്കും അവരവരുടെ വിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം എടുത്തു കളഞ്ഞിട്ടുണ്ട്.

“The first vertical of HECI will be the National Higher Education Regulatory Council (NHERC). It will function as the common, single point regulator for the higher education sector including teacher education and excluding medical and legal education, thus eliminating the duplication and disjunction of regulatory efforts by the multiple regulatory agencies that exist at the current time.”

എൻജിനീയറിങ്ങ് വിദ്യാഭ്യാസത്തിൽ എഞ്ചനീയർമാർക്കും ആർക്കിടെക്ച്ചർ വിദ്യാഭ്യാസത്തിൽ ആർക്കിടെക്ടിനും നഴ്സിംഗ് വിദ്യാഭ്യാസത്തിൽ നഴ്സിംഗ് കൗൺസിലിനും കൊടുക്കാത്ത അവകാശങ്ങൾ എന്തുകൊണ്ടാണ് മെഡിക്കൽ കൗൺസിലിനും ബാർ കൗൺസിലിനും കൊടുക്കുന്നത്?

ചുരുക്കിപ്പറഞ്ഞാൽ പുതിയ വിദ്യാഭ്യാസ നയം വായിച്ചു കഴിയുന്പോൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ രീതികളെപ്പറ്റി സംശയങ്ങൾ ബാക്കിയാണ്.

ഇനി വൊക്കേഷണൽ വിദ്യാഭ്യാസത്തിന്റെ കാര്യം പറയാം.

വൊക്കേഷണൽ എഡ്യൂക്കേഷന്റെ പ്രാധാന്യം പുതിയ വിദ്യഭ്യാസ നയം എടുത്തു പറയുന്നുണ്ട്.

“The 12th Five-Year Plan (2012–2017) estimated that only a very small percentage of the Indian workforce in the age group of 19–24 (less than 5%) received formal vocational education Whereas in countries such as the USA the number is 52%, in Germany 75%, and South Korea it is as high as 96%. These numbers only underline the urgency of the need to hasten the spread of vocational education in India”

വൊക്കേഷണൽ വിദ്യാഭ്യസം ലഭിക്കുന്നവരുടെ എണ്ണം അഞ്ചു വർഷം കൊണ്ട് അഞ്ച് ശതമാനത്തിൽ നിന്നും അന്പത് ശതമാനമാക്കുക എന്നതാണ് പ്ലാൻ.

By 2025, at least 50% of learners through the school and higher education system shall have exposure to vocational education, for which a clear action plan with targets and timelines will be developed.

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം രണ്ടുകോടി കുട്ടികളാണ് സ്‌കൂളുകളിലെത്തുന്നത്. അതിൻറെ പകുതിയായ ഒരു കോടി ആളുകൾക്ക് വൊക്കേഷണൽ വിദ്യാഭ്യാസം നൽകാനുള്ള പദ്ധതികൾ ഒരു പേജിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം വിശദീകരിച്ചിരിക്കുന്നത്. ഹയർ സെക്കണ്ടറി സ്‌കൂളുകൾ തൊട്ട് യൂണിവേഴ്സിറ്റി വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വൊക്കേഷണൽ ട്രെയിനിങ്ങിനുള്ള അവസരമുണ്ടാക്കും. അതിലൂടെയാണ് വൊക്കേഷണൽ പരിശീലനത്തിന് സാമൂഹികമായ അംഗീകാരം ലഭിക്കുന്നത് എന്നാണ് പോളിസി പറയുന്നത്.

Vocational education will be integrated in the educational offerings of all secondary schools in a phased manner over the next decade. Towards this, secondary schools will also collaborate with ITIs, polytechnics, local industry, etc. Skill labs will also be set up and created in the schools in a hub and spoke model which will allow other schools to use the facility.

സ്‌കൂളുകളും ഐ ടി ഐ യും പൊളി ടെക്നിക്കും ഒക്കെ പരസ്പരം ബന്ധിപ്പിച്ച് വൊക്കേഷണൽ പരിശീലനം കൂട്ടുന്നത് നല്ല കാര്യം തന്നെയാണ്. അതുപോലെ തന്നെ ഉന്നത വിദ്യഭ്യാസത്തിന് എത്തുന്നവർക്കും വൊക്കേഷണൽ പരിശീലനം നൽകാനുള്ള പദ്ധതി ഗുണപ്രദമാണ്.

Higher education institutions will offer vocational education either on their own or in partnership with industry and NGOs. The B.Voc. degrees introduced in 2013 will continue to exist, but vocational courses will also be available to students enrolled in all other Bachelor’s degree programmes, including the 4-year multidisciplinary Bachelor ’s programmes.

ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ രംഗത്ത് എഞ്ചിനീയറിങ്ങ് ഉൾപ്പടെയുള്ള ഡിഗ്രികൾക്ക് പോകുന്ന ഏറെ കുട്ടികൾക്ക് ആ വിഷയത്തിൽ തൊഴിൽ കിട്ടാറില്ല എന്നത് വസ്തുതയാണ്. അപ്പോൾ അവർക്ക് എന്തെങ്കിലും തൊഴിൽ അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ്.

ഏതെങ്കിലും പ്രത്യേക തൊഴിലിൽ താല്പര്യവും അഭിരുചിയും ഉള്ളവരെ ചെറുപ്പത്തിലേ കണ്ടെത്തി അവർക്ക് വേണ്ടത്ര തൊഴിൽ വിദ്യാഭ്യാസം നൽകുകയും, പരിചയ സന്പന്നരായ മുതിർന്ന ആളുകളോടൊപ്പം പണിയെടുക്കാൻ (apprenticeship) അവസരം നൽകുകയും, അതിലൂടെ ജോലിയും ശന്പളവും ഉറപ്പാക്കുകയും ചെയ്യുകയാണ് മറ്റു രാജ്യങ്ങൾ വൊക്കേഷണൽ വിദ്യാഭ്യാസത്തിൽ ചെയ്യുന്നത്. സന്പദ്‌വ്യവസ്ഥക്കാവശ്യമായ പരിചയ സന്പന്നരായ തൊഴിലാളികളെ ലഭിക്കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനാവശ്യമായ തിരക്ക് കുറക്കാനും ഇത് സഹായിക്കും. വൊക്കേഷണൽ പരിശീലനം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നതുകൊണ്ട് എന്താണ് പോളിസി യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് എന്നത് ഒറ്റ വായനയിൽ വ്യക്തമല്ല.

മുരളി തുമ്മാരുകുടി

Comments are closed.