‘ന്യൂറോ ഏരിയ’ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്ന നോവൽ
ന്യൂറോ ഏരിയ(ശിവന്‍ എടമന) എന്ന പുസ്തകത്തിന് ഗാനരചയിതാവ് നിധീഷ് നടേരി എഴുതിയ വായനാനുഭവം.
മലയാളത്തില്‍ ക്രൈം ഫിക്ഷന്‍ ജനപ്രീതിയാര്‍ജിച്ച ഒരു സാഹിത്യശാഖയായി വളരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. ജനപ്രിയഭാവനയുടെ ആഖ്യാനപരവും സ്ഥാപനപരവും സാംസ്കാരികവുമായ വഴികളിലേക്ക് മലയാള ജനപ്രിയ നോവലുകള്‍ പിന്നീട് അതിവേഗം സഞ്ചരിക്കുന്ന കാഴ്ചയാണ് പിന്നീടുള്ള കാലത്ത് ദൃശ്യമായത്. കോട്ടയം പുഷ്പനാഥും തോമസ് ടി അമ്പാട്ടും ബാറ്റണ്‍ ബോസും മെഴുവേലി ബാബുജിയും വെട്ടിത്തെളിച്ച പാതകളിലൂടെ ഒട്ടേറെ വായനക്കാര്‍ ഉദ്വേഗം നിറഞ്ഞ മനസ്സുമായി നടന്നു. 21-ാം നൂറ്റാണ്ടിന്റെ തുടക്കകാലം മലയാളത്തില്‍ ക്രൈം ഫിക്ഷന്റെ തളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. പക്ഷേ, 2010-നു ശേഷം അതു വീണ്ടും പൂവിട്ടു തുടങ്ങി. ഒട്ടേറെ ക്രൈം നോവലുകള്‍ മലയാളത്തില്‍ 2010-നു ശേഷം പുറത്തിറങ്ങി. എങ്കിലും അതിവേഗം മാറുന്ന കാലത്തിന്റെ സാങ്കേതികത്തികവുകള്‍ ഉള്‍ക്കൊള്ളാനാകാതെ പലതും കിതയ്ക്കുന്നത് ദൃശ്യമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഡി സി ബുക്സ് ക്രൈം ഫിക്ഷന്‍ 2020 പുരസ്കാരം നേടിയ ശിവന്‍ എടമനയുടെ ന്യൂറോ ഏറിയ എന്ന നോവല്‍ പ്രസക്തമാകുന്നത്. ഒരു ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എത്രമാത്രം സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അതെങ്ങനെ കുറ്റകൃത്യങ്ങള്‍ക്കുള്ള ഉത്പ്രേരകമായി മാറുന്നുവെന്ന കാര്യങ്ങളെല്ലാം ഏറെക്കുറെ വിശദമായിത്തന്നെ ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യന്ത്രവും മനുഷ്യനും തമ്മിലുള്ള ഇഴ പിരിയാത്ത ബന്ധം മനുഷ്യഭാവനയ്ക്ക് സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമുള്ള ഒരു ലോകത്തെയാണ് സൃഷ്ടിക്കുക. സമൂഹത്തിലെ ഉയര്‍ന്ന തട്ടില്‍ മാത്രമല്ല, തെരുവോരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരിലേക്കും അതിന്റെ അനുരണനങ്ങള്‍ എത്തിച്ചേരുന്നുവെന്ന് കാണാം. ഈ കാര്യങ്ങളെല്ലാം വിശദമായി, എന്നാല്‍ അങ്ങേയറ്റം ലളിതമായിത്തന്നെ നോവലില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു വെറും ക്രൈം ഫിക്ഷനപ്പുറത്തേക്ക് സാങ്കേതികതയുടെ തണലില്‍ പൂത്തുലയുന്ന ഒരു പ്രണയ കഥ കൂടി ഇതില്‍ വായിച്ചെടുക്കാം. പുസ്തകം തിരഞ്ഞെടുത്ത വിധികര്‍ത്താക്കളിലൊരാളായ ജി ആര്‍ ഇന്ദുഗോപന്‍ പറഞ്ഞതുപോലെ ക്രൈം ഫിക്ഷനില്‍ കാലം അറച്ചു നില്‍ക്കുന്നു എന്ന പരാതി ഈ നോവല്‍ തീര്‍ക്കുമെന്ന കാര്യം തീര്‍ച്ച.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.