ന്യൂറോ ഏരിയയിലൂടെ ഒരു യാത്ര !
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ട ന്യൂറോ ഏരിയ(ശിവന്‍ എടമന) എന്ന പുസ്തകത്തിന് ആൽവിൻ ജോർജ് എഴുതിയ വായനാനുഭവം.
കടപ്പാട്: പത്ര പ്രവർത്തകൻ
മുന്നേ നടന്നു വഴി വെട്ടുന്നവരെ പ്രവചകരായി കണക്കാക്കാമെങ്കിൽ മലയാള ക്രൈം ത്രില്ലറുകളിലെ പ്രവാചക ശബ്ദമാണ് ശിവൻ എടമന എഴുതിയ”ന്യൂറോ ഏരിയ” എന്ന പുതിയ നോവലിന്റേത്. അഗത ക്രിസ്റ്റി എന്ന ലോകോത്തര ത്രില്ലർ നോവലിസ്റ്റിന്റെ എഴുത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഡിസി ബുക്ക്സ് നടത്തിയ ത്രില്ലർ നോവൽ മത്സരത്തിൽ ഒന്നാമത്തെത്തിയ നോവലാണിത്. ലോകനിലവാരമുള്ള ത്രില്ലറുകളുടെ ഇടയിലേക്ക് മലയാളി എഴുത്തിന്റെ രംഗപ്രവേശമായി ഈ എഴുത്തിനെ കാണാം. പ്രമേയം, എഴുത്തു രീതി എന്നിങ്ങനെ വ്യത്യസ്തമായ പല അളവുകോലുകൾ കൊണ്ട് അളന്നാലും ന്യൂറോ ഏരിയ ആഴവും പരപ്പുമുള്ള ഒരു വായനാ സമുദ്രം തന്നെ ഒരുക്കി വച്ചിരിക്കുന്നു.
ത്രില്ലർ നോവൽ എന്തായിരിക്കണം? ഈ ചോദ്യത്തിന് ലളിതമായ ഒരു ഉത്തരം ഉണ്ട്. അത് വായനക്കാരനെ ത്രില്ലടിപ്പിക്കണം! കൈയിലെടുത്താൽ താഴെ വയ്ക്കാൻ തോന്നിപ്പിക്കാതെ ഊണും ഉറക്കവും, ചിലപ്പോൾ ശ്വാസവും പോലും ഉപേക്ഷിച്ചു കഥാപരിസരങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും നമ്മളെ വലിച്ചുകൊണ്ട് പോകാൻ കഴിയണം. അവസാന പേജിലേക്ക് എത്താനുള്ള ഒരു വെപ്രാളം വായനയിൽ തോന്നണം. ഇതൊക്കെ ഒരുക്കുന്നതിൽ ന്യൂറോ ഏരിയ വിജയിച്ചിട്ടുണ്ട്.
ഇന്ന് മലയാളത്തിൽ ചർച്ച ചെയ്യപ്പെടുന്ന ക്രൈം ഫിക്ഷൻ നോവലുകളുടെ എല്ലാം തലപ്പത്താണ് ശിവന്റെ ന്യൂറോ ഏരിയയുടെ സ്ഥാനം. സയൻസിന്റെ സാധ്യതകളെ വേണ്ടുവോളം ചേർത്ത് യുക്തിയുടെ ചോദ്യചിഹ്നങ്ങളെ തലപൊക്കാൻ സമ്മതിക്കാതെ മനോഹരമായ ഭാഷയിൽ എഴുതിയിരിക്കുന്ന നോവൽ. ചടുലമായ വാക്കുകളിലൂടെ, ഉദ്യോഗം ജനിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ വായനക്കാരന്റെ കഴുത്തിൽ തുടലിട്ട് വലിച്ചുകൊണ്ട് ഓടുന്ന ഒരു എഴുത്ത്. വായിക്കുമ്പോൾ നമ്മൾ കഥയെ തേടി നിൽക്കേണ്ടതില്ല, കഥ നമ്മുടെ മുന്നിൽ പിടിതരാതെ ഓടുകയാണ്. അതിനെ കീഴടക്കാനുള്ള ഒരു വായനയുടെ വെപ്രാളമുണ്ടല്ലോ, അതാണ് ന്യൂറോ ഏരിയയുടെ മാജിക്. പതിയെ സ്റ്റാർട്ട് ചെയ്ത് ഗിയറുകൾ ഒന്നൊന്നായി മാറ്റി വേഗം ആർജിക്കുന്ന ഒരു സാധാരണ വണ്ടി അല്ല ഇത്. കയറുമ്പോൾ തന്നെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്ന ഒന്ന്. ആ വേഗത്തിനൊപ്പം എത്തുക എന്നതാണ് വായനാമനസിന്റെ ആദ്യ വെല്ലുവിളി.
ഭാവനയുടെ തൂലിക പിടിച്ചുകൊണ്ടു മാത്രം ഒരു ത്രില്ലർ എഴുതുക അത്ര എളുപ്പമല്ല. അതിൽ ശാസ്ത്രവും ശാസ്ത്രീയതയും ചേരുമ്പോഴാണ് മാറ്റു കൂടുക. ന്യൂറോ ഏരിയയെ മെനഞ്ഞെടുക്കുമ്പോൾ എഴുത്തുകാരൻ ഏറ്റവും കൂടുതൽ ശ്രമിച്ചിട്ടുള്ളത് ഇതിനു തന്നെയാണ്. സാധാരണ വായനക്കാരന് അല്പം ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രമേയം. അതാണ് ന്യൂറോ ഏരിയ ചർച്ച ചെയ്യുന്നത്. ഓരോ തലയിലും വ്യത്യസ്തമായ ചിന്തകൾ വിരിയിക്കുന്ന ന്യൂറോണുകൾ. അതിന്റെ സങ്കീർണമായ വിവരകൈമാറ്റ രീതികൾ മനസിലാക്കിയാൽ മനുഷ്യന് ലഭിക്കാവുന്ന അനന്തമായ ശക്തി. ചിന്തകൾ കൊണ്ടു പോലും ലോകം നിയന്ത്രിക്കാവുന്ന അവസ്ഥയാണ് പിന്നീട് രൂപപ്പെടുക. ശാസ്ത്രത്തിന്റെ ഗവേഷണ മേഖലകളിൽ ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ ഏരിയയിലേക്കാണ് വായനക്കാരൻ കടന്നു ചെല്ലുന്നത്.
കൊച്ചിയിൽ, റോബോട്ടുകൾ നിയന്ത്രിക്കുന്ന ഒരു ആശുപത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങൾ. അതിന്റെ പരിസമാപ്തിയിൽ ന്യൂറോണുകൾ നിയന്ത്രിക്കുന്ന ഒരു ലോകത്തേക്കുള്ള വാതിൽ തുറന്നു വരുന്നു. ഇതിനിടയിൽ ദുഖവും സന്തോഷവും പ്രണയവും പകയും കാമവും ആർദ്രതയും നിസ്സഹായതയും ആർത്തിയും ഒക്കെയുള്ള ഒരുപറ്റം കഥാപാത്രങ്ങൾ. ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ നിൽക്കുന്ന കഥ ഇവരിലൂടെ ഇടയ്ക്കൊക്കെ പുറത്തേയ്ക്ക്, പുതിയ പരിസരങ്ങളിലേക്ക് കടക്കുന്നു. മനുഷ്യനെ നിയന്ത്രിക്കുന്ന യന്ത്രങ്ങൾ. അവയ്ക്കിടയിൽ നിസ്സഹായനായി അനങ്ങാൻ പറ്റാതെ കിടക്കുന്ന ഒരാൾ. ആ യന്ത്രങ്ങളുടെ നിയന്ത്രണത്തിൽ നിസ്സഹായരായ വേറെ കുറെ ആളുകൾ. മകളെ ആക്രമിക്കുന്ന മനുഷ്യന് മുന്നിൽ നിസ്സഹായനായി അനങ്ങാൻ പറ്റാതെ കിടക്കുന്ന മറ്റൊരു മനുഷ്യൻ. ഇത്തരം നിസ്സഹായതകളാണ് വായനക്കാരനെ തൊടുന്ന ഭാഗങ്ങൾ. എന്നാൽ, മനുഷ്യർ ഇവിടെയൊക്കെ വിജയിക്കുന്നു. ആ വിജയത്തിന് വേണ്ടി തലച്ചോറിൽ ന്യൂറോണുകൾ ഒരുക്കുന്ന ചിന്തകൾ. സാധാരണക്കാരനും ശക്തനും അത് നടപ്പാക്കാനായി തിരഞ്ഞെടുക്കുന്ന രീതികൾ. രണ്ടിലും ശാസ്ത്രമുണ്ട്, ശാസ്ത്രീയതയുണ്ട്. ശാസ്ത്രം ഏതെല്ലാം തലങ്ങളിൽ മനുഷ്യനിലേക്ക് ഇഴുകി ചേർന്നിരിക്കുന്നു എന്ന കണ്ടെത്തൽ വായനക്കാരനിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് തീർച്ച.
ഏത് നോവലിന്റെയും വായനാ സുഖത്തെ നിർണയിക്കുന്നതിൽ പ്രധാനമാണ് അവ മനസിൽ ഉയർത്തുന്ന കാഴ്ചകൾ. പ്രത്യേകിച്ചു ത്രില്ലർ നോവലുകൾ. വായിക്കുന്നവന് കൂടുതൽ ആയാസപ്പെടാതെ മനസിൽ ചലിക്കുന്ന ചിത്രങ്ങളെ രൂപപ്പെടുത്താൻ എഴുത്തുകാരന് കഴിയുക ചില്ലറക്കാര്യം അല്ല. കാഴ്ചകളുടെ മിഴിവേറും തോറും വായനയ്ക്ക് ഇരട്ടി സുഖം കിട്ടും. ന്യൂറോ ഏരിയ ഇക്കാര്യത്തിൽ വായനക്കാരനെ നിരാശപ്പെടുത്തില്ല. മൂന്നു വാക്കെഴുതാം എന്നു വിചാരിക്കുന്നിടത്ത് തേച്ചു മിനുക്കിയ രണ്ടോ രണ്ടരയോ വാക്കുകൾ വയ്ക്കുമ്പോൾ എഴുത്തിനു കിട്ടുന്ന ഒരു തിളക്കമുണ്ട്. ന്യൂറോ ഏരിയയുടെ ഓരോ പേജിലും ആ തിളക്കം കാണാം. എഴുത്തുകാരൻ മികച്ച ഒരു എഡിറ്റർ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്ന കൃതിയാണ് ന്യൂറോ ഏരിയ. ഭ്രമിപ്പിക്കുന്ന വർണനകളോ, ആവശ്യമില്ലാത്ത നാടകീയതകളോ ചേർക്കാതെ അതിശയോക്തിയുടെ രസം ചാലിക്കാതെ പറഞ്ഞു പോയിരിക്കുന്ന ഒരു കഥ. ചിലയിടങ്ങളിലൊക്കെ “ഡാൻ ബ്രൗൺ” ത്രിൽ അനുഭവപ്പെടുമെന്നുറപ്പ്.
എഴുത്തിനു വേണ്ടി എഴുത്തുകാരൻ നടത്തിയ ഗവേഷണങ്ങൾ അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. നിരന്തരമായ നിരീക്ഷണത്തിലൂടെ യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്ന രീതിയിൽ കാര്യങ്ങളെ കൊണ്ടു വരാൻ എഴുത്തിൽ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിൽ സീനിയർ സബ് എഡിറ്ററായ ശിവൻ സർഗാത്മക എഴുത്തിൽ മുൻപുതന്നെ കഴിവ് തെളിയിച്ച ആളാണ്. കുട്ടികൾക്ക് വേണ്ടി എഴുതുന്ന എഴുത്തുകാർ കടലിനെ കൈക്കുമ്പിളിൽ ഒതുക്കാൻ കഴിവുള്ള മജീഷ്യന്മാരാണെന്ന് ഇത് കാട്ടിത്തരും. പത്തുവാചകത്തിൽ എഴുതേണ്ടതിനെ പകുതി വാചകത്തിൽ പതിന്മടങ്ങ് ഭംഗിയോടെ പറയാൻ സാധിക്കുന്നവരാണവർ. അത് എഴുത്തിന്റെ ഭംഗി കൂട്ടും. ശിവന്റെ എഴുത്തിൽ അത് സംഭവിച്ചിട്ടുണ്ട്. സങ്കീർണതകളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് മാറ്റിയെടുത്ത ആ കൈവഴക്കം ശ്രദ്ധേയം തന്നെ. ത്രില്ലറുകൾ ഏതു വഴിക്ക് സഞ്ചരിക്കണം എന്ന് ന്യൂറോ ഏരിയ കൃത്യമായി പറഞ്ഞു വയ്ക്കുന്നു. പ്രാദേശിക ഭാഷയുടെ ചില പ്രയോഗങ്ങളിൽ സൂക്ഷ്മതക്കുറവ് അനുഭവപ്പെട്ടേക്കാം എന്നു തോന്നാമെങ്കിലും നോവലിന്റെ വായന സുഖത്തിൽ അത് മുങ്ങിപ്പോകും.
അഗതാ ക്രിസ്റ്റി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ..? ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയ ഒരു കുസൃതി ചിന്ത അതാണ്. ന്യൂറോ ഏരിയ വായിക്കുന്ന അവർ പുസ്തകമടയ്ക്കുമ്പോൾ ഒരു ചിരി ചിരിക്കുമെന്നുറപ്പ്. താൻ വെട്ടിയ വഴി വിശാലമായതിന്റെ സന്തോഷത്തിലുള്ള ചിരി!
Comments are closed.