ചന്ദനത്തിന്റെയും അകിലിന്റെയും ഗന്ധം: സുധ തെക്കേമഠം എഴുതുന്നു
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. നീയെന്നോ ഞാനെന്നോ ഭേദമില്ലാതെ ഏറ്റവും സുന്ദരമായൊരു അനുഭവതലത്തിലേക്ക് നമ്മളെത്തുന്ന നിമിഷം. ശ്രുതിമധുരവും ലയസാന്ദ്രവുമായ തരളിത ഗാനങ്ങളാല്‍ അനുഗൃഹീതമാവുന്ന നിമിഷം. ആദികാലം മുതല്‍ ഈ ഭൂമിയില്‍ ഉടലെടുത്തിട്ടുള്ള സമസ്ത ജാതി പുഷ്പങ്ങളും ഒന്നിച്ചുവിരിയുന്ന അനുഭവതലം. പ്രണയം, എല്ലാ അന്വേഷണങ്ങളും പൂര്‍ണതയിലെത്തുന്ന നിമിഷം. പ്രകൃതി
നിശ്ചലമാവുന്ന നിമിഷം.
എന്റെ അവസാന ശ്വാസത്തിലും നിന്റെ ഗന്ധം ലയിച്ചു ചേരുവാന്‍… മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിലൊന്നിരിക്കണേ എന്നു പാടിയ കവിയുടെ നാടാണിത്.
Close ur eyes… fall in love… stay there എന്നു പഠിപ്പിച്ച പ്രണയപുസ്തകത്തിന്റെ ഇതള്‍ഗന്ധത്തിലേക്കു മുഖം പൂഴ്ത്തിയിരിക്കാന്‍ കൊതിക്കുന്നവരുടെ നാട്. മറ്റൊരാളിലേക്കു ചേക്കേറാന്‍. അവനുവേണ്ടി അല്ലെങ്കില്‍ അവള്‍ക്കു വേണ്ടി മാത്രംശ്വസിച്ചു ജീവിക്കാന്‍. ആ മിഴികളില്‍ നോക്കി രാവറിയാതെ പകലറിയാതെയിരിക്കാന്‍ കൊതിക്കാത്തവരുണ്ടോ. ഇവിടെ ഇനി പ്രണയത്തിന്റെ ഉത്സവകാലമാണ്.
ഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേന്‍മധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. നോവലിലുടനീളം പൂത്തു വിടരുന്നത് പ്രണയപുഷ്പങ്ങളാണ്.
റാഹേലിന്റെയും അന്നയുടെയും വാര്‍ദ്ധക്യ ജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്.
ചാമുണ്ഡിത്തടം എന്ന ശ്മശാനത്തിന്റെ തീച്ചുവപ്പുള്ള അന്തരീക്ഷത്തിലും ഇരുള്‍ നിറയുന്ന ചുടലക്കാട്ടിലെ പാറമടകളിലും പൊരുതി ജീവിക്കുന്ന പ്രണയത്തിന് മറ്റൊരു മുഖമാണ്.
ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയസാക്ഷ്യമോതുന്ന ഈ ദേശത്തെ അമ്പലത്തിനു പോലും പ്രണയത്തില്‍നിന്നു വിട്ടു നില്‍ക്കാനാവില്ല. തീവ്രമായ അനുരാഗത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹനോവിന്റെയും ചൂടും തീക്ഷ്ണതയുമുള്ള മിത്തുകള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണാണിത്. ഇവിടെ വിരിയുന്ന പൂക്കളിലും ചരിക്കുന്ന കാലത്തിലും പ്രണയഗന്ധമുണ്ട്.
Comments are closed.