DCBOOKS
Malayalam News Literature Website

ഞെരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷികദിനം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് രാമപ്പൊതുവാള്‍ ജനിച്ചു. ഭീമനാട് യു.പി. സ്‌കൂളില്‍ നാലാം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂര്‍ മാധവന്‍ നായര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. 1996 ഓഗസ്റ്റ് 13-ന് 80-ാം വയസ്സില്‍ പെരിന്തല്‍മണ്ണയിലെ ഒരു ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.

സോപാന സംഗീതത്തിന്റെ കുലപതിയായി ഞെരളത്ത് രാമപ്പൊതുവാള്‍ വിലയിരുത്തപ്പെടുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്. ക്ഷേത്രങ്ങളില്‍ ഭജനയോ പ്രാര്‍ത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് ‘ജനഹിത സോപാനം’ എന്ന ജനകീയ രൂപം തന്നെ അദ്ദേഹം ആവിഷ്‌കരിച്ചു. ‘ദൈവം സര്‍വ്വവ്യാപിയാണ്’ എന്ന ആശയം ഉപയോഗിച്ചാണ് അദ്ദേഹം സോപാനസംഗീതത്തെ ക്ഷേത്രത്തിനു പുറത്തേക്കെത്തിക്കുന്നതിന് വേണ്ടി യത്‌നിച്ചത്.

അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്, ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഞെരളത്ത് അഭിനയിച്ചിട്ടുണ്ട്. ഞെരളത്തിന്റെ ആത്മകഥ സോപാനം എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ കേരളത്തിലെ അറിയപ്പെടുന്ന ഒരു സോപാന സംഗീതജ്ഞനാണ്

Comments are closed.