DCBOOKS
Malayalam News Literature Website

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ച 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. 81 ജലരാജാക്കന്മാരാണ് ഇത്തവണ നെഹ്‌റു ട്രോഫിയില്‍ പങ്കെടുക്കുന്നത്. ഇതില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരയിനത്തില്‍ 23 വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. നെഹ്‌റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. മുന്‍പ് നിശ്ചയിച്ചിരുന്നതുപോലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജലോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ നടക്കുക. മികച്ച സമയത്തില്‍ തുഴഞ്ഞെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ ഫൈനലിന് ശേഷമാണ് നെഹ്‌റു ട്രോഫി ഫൈനല്‍ മത്സരം നടക്കുക. ഒമ്പത് ക്ലബ്ബുകളാണ് ചാമ്പ്യന്‍ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 25 ലക്ഷമാണ് സമ്മാനത്തുക.

അതേസമയം ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ആലപ്പുഴ നഗരസഭാ പരിധിയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയുടെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എല്ലാ വര്‍ഷവും നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ എത്താറുണ്ട്.

Comments are closed.