മുല്ലപ്പെരിയാര്‍ അഥവാ നീരധികാരം: അ. വെണ്ണില
മെയ് ലക്കം പച്ചക്കുതിരയില്‍
പെരിയാര്‍ നദിയെ വഴിതിരിച്ച് കേണല്‍ ജോണ്‍ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ കെട്ടിഉയര്‍ത്തിയ മുല്ലപ്പെരിയാര്‍ അണയുടെ ചരിത്രകാലത്തിലൂടെ സഞ്ചരിക്കുന്ന തമിഴ് നോവലാണ് അ. വെണ്ണിലയുടെ ‘നീരധികാരം.’ ഈ നോവലിനായി അവര്‍ പെരിയാര്‍ തടത്തില്‍ തുടങ്ങി ഇംഗ്ലണ്ടില്‍ ഉള്ള പെന്നി ക്വിക്കിന്റെ കല്ലറവരെയും സഞ്ചരിച്ച് 3500 പേജുകളില്‍ കൂടുതല്‍ ചരിത്ര രേഖകള്‍ അന്വേഷിച്ചറിഞ്ഞിരിക്കുന്നു. തമിഴ് സാഹിത്യചരിത്രത്തില്‍ ഒരു നോവലിനായി നടത്തിയ ഏറ്റവും നീണ്ട വലിയ അന്വേഷണ യാത്രയാണിത്: ‘നീരധികാര’ത്തിന്റെ രചനാവഴികളെക്കുറിച്ച് ശ്രദ്ധേയയായ തമിഴ്‌നോവലിസ്റ്റ് അ. വെണ്ണില എഴുതുന്നു.
ഒരു തിരക്കഥയ്ക്കായി ഞാനും, എഴുത്തുകാരനും സിവില്‍സര്‍വീസ് അധികാരിയുമായ മ. രാജേന്ദ്രനും മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു കഥാചുരുക്കം തയ്യാറാക്കി. ഇതിനെവച്ച് ഒരു തുടര്‍ക്കഥയായി എഴുതി നോക്കാമല്ലോ എന്ന ചിന്തയുണ്ടായി. എന്നാലും ഒരു അണയെക്കുറിച്ച് എങ്ങനെ നോവല്‍ എഴുതാന്‍ സാധിക്കും എന്ന ഭയവും ഉണ്ടായിരുന്നു.
പെരിയാര്‍ ഉത്ഭവിക്കുന്ന ശിവഗിരിമല തുടങ്ങി അതിന്റെ പാത മുഴുവന്‍ ഞാന്‍ യാത്ര ചെയ്തു. പശ്ചിമഘട്ടമലയെ തമിഴ്‌നാട്ടിന്റെ അതിര്‍ത്തിവഴിയായി കടക്കുന്ന ഒന്‍പത് ചുരങ്ങള്‍ കണ്ടു. പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന പക്ഷികള്‍, സസ്യങ്ങള്‍, എല്ലാറ്റിനെയും വായിച്ചും കേട്ടും അറിഞ്ഞു.
അണകെട്ടിയ എന്‍ജിനീയര്‍മാരില്‍ ഒരാളായ മെക്കന്‍സി എഴുതിയ ‘History of the Periyar Project’ എന്ന പുസ്തകം കണ്ടെത്തിയ ശേഷം ശ്രേഷ്ഠമായ ഒരു കഥ മുല്ലപ്പെരിയാര്‍ അണകളില്‍ ഒളിച്ചിരിക്കുന്നത് ഞാന്‍ മനസ്സിലാക്കി. ആ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന രേഖകള്‍ ചെന്നൈയില്‍ ഉള്ള രേഖാവകുപ്പ് ഓഫീസില്‍ അന്വേഷിക്കാന്‍ തുടങ്ങി. അവിടെനിന്നാണ് ഇത്രയും വിശാലമായ ഒരു കഥ തുടങ്ങിയത്.
പഴയ പൂഞ്ഞാര്‍ രാജാക്കന്മാര്‍ പാണ്ഡ്യവംശക്കാര്‍ ആണെന്ന് പറയുന്നു; അതു ശരിയാണോ എന്നൊരു സംശയമുണ്ടായി. ബ്രിട്ടീഷ് രേഖകളില്‍ പാണ്ഡ്യവംശക്കാരാണെന്നുത ന്നെയാണ് പറഞ്ഞിരിക്കുന്നത്. അവര്‍ ജീവിക്കുന്ന ഭാഗത്ത് ഒഴുകുന്ന നദിയുടെ പേര് മീനച്ചില്‍. ഇന്നുവരെയും അവര്‍ മീനാക്ഷിയെത്തന്നെയാണ് കുലദൈവമായി വണങ്ങി വരുന്നതും. കണ്ണകിയെയും ആരാധിച്ചു വരുന്നു. അവരുടെ കാവല്‍ദൈവം ശാസ്താവാണ്. ഞാനും അതിനുമുമ്പ് പൂഞ്ഞാറിനെക്കുറിച്ച് വായിച്ചിട്ടില്ല. പശ്ചിമഘട്ടമലയില്‍ മുണ്ടക്കയം എന്ന സ്ഥലത്തിനരികില്‍ ഇന്നും പൂഞ്ഞാര്‍ കൊട്ടാരം നിലകൊള്ളുന്നു. അവിടെച്ചെന്ന് രാജാവ് ഗോദവര്‍മ്മ, രാജ്ഞി ജയശ്രീ പിന്നെ അവരുടെ ബന്ധുക്കളെയും ഞാന്‍ നേരില്‍ കണ്ടു. നിങ്ങള്‍ പാണ്ഡ്യവംശത്തിന്റെ തുടര്‍ച്ചയാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെ സന്തോഷിച്ചു.
അതുപോലെ മന്നാന്മാര്‍. പാണ്ഡ്യമാര്‍ സ്ഥലം മാറിപ്പോകേണ്ടി വന്നപ്പോള്‍ അവരോടൊപ്പം ചെന്ന ജോലിക്കാരാണ്. കോഴിമല എന്ന ഭാഗത്ത് വസിക്കുന്നു. നെല്‍കൃഷി ചെയ്യുന്നു. വിളവെടുപ്പിനെ കഞ്ഞിവയ്പ്പ് ഉത്സവം എന്ന പേരില്‍ ആഘോഷിക്കുന്നു. ആദ്യത്തെ നിവേദ്യം മീനാക്ഷിക്കാണ്. അന്നത്തെ ദിവസം ‘ചിലപ്പതികാരം’ പാട്ടായി പാടിവരുന്നു. പാണ്ഡ്യചരിത്രത്തിന്റെ തുടര്‍ച്ചയായി ഇവരെ കണക്കാക്കാം.
പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.