ശാന്തന്റെ ‘നീലധാര’ പ്രകാശനം ചെയ്തു
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കവി ശാന്തന്റെ പുതിയ കവിതാ സമാഹാരം ‘നീലധാര ‘ പ്രഭാവർമ്മ റോസ്മേരിക്ക് നൽകി പ്രകാശനം ചെയ്തു. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കവടിയാർ രാജ്ഭവന് എതിർവശമുള്ള വിസ്മയാസ്മാക്സ് അനക്സ് സ്ഥിതി ചെയ്യുന്ന കെസ്റ്റൻ ബംഗ്ലാവിലായിരുന്നു പരിപാടി. അയ്യപ്പപ്പണിക്കരുടെ കവിതപോലെ പാരമ്പര്യവും പുതുമയും ഒന്നു ചേർന്ന കവിതകളാണ് ശാന്തന്റെ കവിതകൾ എന്ന് പ്രഭാവർമ്മ പറഞ്ഞു. വേദന നിറഞ്ഞു നിൽക്കുന്ന രുധിതാനുസാരിയായ ശാന്തന്റെ കവിതകൾ അയ്യപ്പപ്പണിക്കർ കവിതയുടെ തുടർച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കവിയും മാധ്യമ പ്രവർത്തകനുമായ മഞ്ചു വെള്ളായണി അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത നിരൂപകനായ ഡൊമിനിക് ജെ കാട്ടൂർ സ്വാഗതം ആശംസിച്ചു. കെ. സജീവ്കുമാർ പുസ്തകം പരിചയപ്പെടുത്തി. വിനോദ് വൈശാഖി, ഡോ. സി. ഉദയകല, ഡോ. അനിൽകുമാർ ഡി എന്നിവർ ആശംസകൾ അറിയിച്ചു. കവി ശാന്തൻ മറുമൊഴിയും അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി പ്രിയദാസ് ജി മംഗലത്ത് നന്ദിയും പറഞ്ഞു. വൈകിട്ട് 3.30 മുതൽ പ്രശസ്തകവികൾ പങ്കെടുത്ത കവിയരങ്ങ് അഭിജിത് പ്രദീപ് ഉദ്ഘാടനം ചെയ്തു. തിരുമല ശിവൻകുട്ടി, ബി.ഷിഹാബ്, എം.എസ് ബാലകൃഷ്ണൻ, സി.ആർ പ്രസാദ്, നീരദ സുരേഷ് , ക്ലാപ്പന ഷൺമുഖൻ, എൻ. ആർ.സി നായർ, മീര രാജലക്ഷ്മി, ഡോ.പി.കെ സുകുമാരൻ, സാബു വി.പി എന്നിവർ കവിതകൾ അവതരിപ്പിച്ചു.
മനുഷ്യാനുഭവങ്ങളുടെ തീക്ഷ്ണതയും ജീവിതത്തിന്റെ നിസ്സംഗതയും വികാരനിർഭരമായി ഉൾച്ചേർത്ത ‘നീലധാര’ എന്ന സമാഹാരത്തിലെ കവിതകൾ ദാർശനിക ഉൾക്കാഴ്ചയുടെ മഹാപ്രവാഹമാണ്. നീലധാര, നിറങ്ങൾ മറയുന്നത്, നിഴൽചന്ദ്രൻ, അധരമറ, കാറ്റാടിവയൽ, ആഴക്കിണർ, ചുംബനരഹസ്യം, മഴവണ്ടി, നിറമുള്ള പട്ടങ്ങൾ, എ. അയ്യപ്പൻ, തിരുത്ത്, വഴിക്കല്ല് തുടങ്ങിയ അമ്പതുകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഡോ. അജയപുരം ജ്യോതിഷ്കുമാർ അവതാരികയും ഡൊമിനിക് ജെ. കാട്ടൂർ പഠനവും നിർവഹിച്ചിരിക്കുന്നു.
Comments are closed.