വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു; പ്രഖ്യാപനവുമായി ആഷിഖ് അബു
അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് സിനിമയൊരുക്കാന്‍ ആഷിക്ക് അബു. ‘നീലവെളിച്ചം’ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം. ‘നീലവെളിച്ച’ വും മറ്റ് പ്രധാന കഥകളും എന്ന പേരില്‍ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം ഇപ്പോള്‍ ഇ-ബുക്കായി വായനക്കാര്‍ക്ക് ലഭ്യമാണ്.
ഗുഡ്‌നൈറ്റ് മോഹൻ്റെ നിർമ്മാണത്തിലാണ് സിനിമ പുറത്തിറങ്ങുക. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുക. ബിജിപാലും റെക്സ് വിജയനും ചേർന്ന് സംഗീതം. എഡിറ്റർ സൈജു ശ്രീധരൻ. ചിത്രം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.
ആഷിഖ് അബുവിൻ്റെ കുറിപ്പ്:
സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.
നീലവെളിച്ചത്തിന്‍റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥ നേരത്തെ ഭാർഗ്ഗവീനിലയം എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു. 1964-ല്‍ സംവിധായകൻ ഏ.വിൻസെന്‍റാണ് ഭാർഗ്ഗവീനിലയം സംവിധാനം ചെയ്തത്. വിന്‍സെന്‍റിന്‍റെ ആദ്യചിത്രമായിരുന്നു അത്. പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Comments are closed.