ഇണക്കനടത്തങ്ങള്‍
പി.രാമന്‍
മുറിപ്പെടുത്തുന്ന കവിതയും മുറിവുണക്കുന്ന കവിതയുമുണ്ട്. മനുഷ്യര്‍ക്ക് സ്വാസ്ഥ്യം നല്‍കുന്ന ശുശ്രൂഷിക കവിതപോലെ മറ്റില്ല എന്നു വൈലോപ്പിള്ളി. എന്നിരുന്നാലും മുറിപ്പെടുത്തലാണ് മുറിവുണക്കലിനെക്കാള്‍ പ്രധാനം എന്ന ചിന്ത മലയാള കവിതയില്‍ പ്രബലമാണ്. സങ്കീര്‍ണ്ണമായ സമകാലത്ത്, ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടായിക്കഴിഞ്ഞതുമായ മുറിവുകളെപ്പറ്റി കവിത പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു.
മുറിവുണക്കുന്ന കവിത തീര്‍ത്തും അസാധ്യമെന്നു തോന്നുന്ന ഈ സാഹചര്യത്തിലാണ് ബാബു സക്കറിയയുടെ കവിത നമ്മളിലേക്ക് പച്ചക്കൊടി വീശി വരുന്നത്. പിണക്കത്തിന്റെയും നിഷേധത്തിന്റെയും കൊടികളല്ല, ഇണക്കത്തിന്റെ പച്ചക്കൊടിയാണ് ഈ കവി വീശിക്കാണിക്കുന്നത്. സുഗമതയുടെ ഒരടയാളമാണ് പച്ചക്കൊടി. അത്രമേല്‍ സുഗമതയോടെ, ഒരു ബഹളവുമില്ലാതെ വന്ന് എന്നെ സമ്പൂര്‍ണ്ണമായി കീഴിണക്കിയ കവിതയാണ് ബാബു സക്കറിയയുടേത്. സമകാല മലയാള കവിതയില്‍ അത്യപൂര്‍വമായേ എനിക്ക് ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടുള്ളൂ.
ഇണങ്ങലാണ്, ബാബുവിന് കവിത. ഒരു പക്ഷേ, ലോകത്തോട് ഇണങ്ങാനുള്ള ഒരേയൊരു വഴി. പിണക്കത്തിന്റെ ചെകുത്താനും കവിതയുടെ വഴിയേ പിന്തുടരുമ്പോള്‍ നെഞ്ഞത്തൊരു കവിത കമഴ്ത്തിവെച്ച് ഉറങ്ങുന്നതായി, ഉറക്കത്തില്‍ ചിരിക്കുന്നതായി കാണപ്പെടുന്നു. ‘ജസീന്ത’ എന്നൊരു കവിതയുണ്ട്. അതില്‍, വലിയ നീലക്കണ്ണുള്ള ജസീന്ത, മുലകള്‍ക്കുള്ളില്‍ കടലുപോലെന്തോ തുടിച്ചിരുന്ന ജസീന്ത, ആദ്യമായി പെരുങ്കടലിന് മുന്നില്‍ നില്‍ക്കുകയാണ്. നനഞ്ഞ മണലില്‍ രണ്ടു വരിക്കവിതയെഴുതി കടലിനെ ഇണക്കുകയാണ് ജസീന്ത. അതെ, കവിതകൊണ്ട് ഈ പെരും ലോകത്തെ ഇണക്കാന്‍ പുറപ്പെട്ട ജസീന്തയാണ് ബാബു സൃഷ്ടിക്കുന്ന കാവ്യലോകത്തിലെ രാജകുമാരി.
ചെകുത്താനും മരങ്ങള്‍ക്കിടയിലൂടെ കാണുന്ന കുഞ്ഞാപ്പുവിന്റെ വീടും ഷട്ടില്‍ കളിക്കുന്ന ലതയും ഇലകള്‍ക്കപ്പുറത്ത് ജപമാലയുമായി നില്‍ക്കുന്ന വെയിലും നട്ടുച്ച വെയിലില്‍ മുറ്റത്തു ദാഹിച്ചു നില്‍ക്കുന്ന മരിച്ചുപോയ അമ്മയും കെട്ടിടങ്ങളുടെ ഉയര്‍നിലകളും അവിടന്ന് നോക്കിയാല്‍ കാണുന്ന അഗാധനഗരങ്ങളും നിലവിളികളാല്‍ മാത്രം പിന്തുടരാവുന്ന വിദൂരതകളും അടുത്തും അകലെയുമുള്ള മരങ്ങളിലെ പച്ചിലകളും പ്രേതം പിടിച്ച കരിയിലകളും പല പോസിലിരിക്കുന്ന കിളികളും ഈ അസ്വസ്ഥപ്രപഞ്ചമാകെത്തന്നെയും ജസീന്തയ്ക്കരികില്‍ ഇണങ്ങിനില്‍ക്കുന്നു. ഇപ്പോള്‍ ജസീന്തയെ കാണുന്നില്ലെങ്കിലും ഇണക്കത്തിന്റെ ലയം നിറഞ്ഞുകാണാകുന്നു. കവിതയില്ലായിരുന്നെങ്കില്‍ ലോകം എന്തുമാത്രം പിണങ്ങിയിരുന്നേനെ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും.
ഇണങ്ങണമെങ്കില്‍ അറിയണം. അറിയാന്‍ ഇറങ്ങിച്ചെല്ലണം. ആ ഇറങ്ങിനടത്തങ്ങളാണ് ഇക്കവിതകളെ ചലനാത്മകമാക്കുന്നത്. അകം, ഒരു വീട്ടുകോലായ, മരിച്ചുപോയ അമ്മ ദാഹിച്ചുനില്‍ക്കുന്ന മുറ്റം, മുറ്റത്തെ വെയില്‍, മുറ്റത്തിനപ്പുറത്ത് ഇലവീശി നില്‍ക്കുന്ന തൊടി, പുറത്തെ പാത, റെയില്‍പ്പാതകളും തീവണ്ടികളും, പാതകള്‍ നയിക്കുന്ന നഗരങ്ങള്‍, രാത്രി മാനത്ത്, മുറിവില്‍നിന്ന് ചോരയിറ്റിച്ചുകൊണ്ട് നായയെപ്പോലെ കിതച്ചോടുന്ന ചന്ദ്രന്‍ ഇങ്ങനെ പടര്‍ന്നു പടര്‍ന്നു പോകുന്ന ഒരു വിസ്തൃതിയിലൂടെ ഇണങ്ങാന്‍ വേണ്ടിയുള്ള ഇറങ്ങിപ്പോക്കാണ് ബാബുവിന് ഹരം.
കാല്‍ക്കീഴില്‍ തട്ടകം നില്‍ക്കുവാനാവാതെ പൊള്ളുമ്പോഴാണ് പൊതുവേ മലയാളി ഇറങ്ങിപ്പോകാറ്. ഇതങ്ങനെയല്ല. ആ ഇറങ്ങിപ്പോക്ക് ഹാര്‍മണിയിലേക്ക് നയിക്കുന്നതിന്റെ മനോഹരമായ ഒരാവിഷ്‌കാരമാണ് ‘പച്ചക്കൊടി’ എന്ന കവിത. താനിരിക്കുന്ന തീവണ്ടിയുടെ പിറകേ പ്ലാറ്റ്‌ഫോമിലൂടെ ഓടി വന്ന് ചാടിക്കയറാനായുന്ന ഒരു മനുഷ്യനെ ആ കവിതയില്‍ കാണാം. അയാള്‍ ചക്രങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നോ എന്ന് ഉല്‍ക്കണ്ഠപ്പെടുന്ന നിമിഷത്തില്‍ പെട്ടെന്ന് എതിര്‍ സീറ്റില്‍ അയാളെ കാണുന്നു. രണ്ടുപേരും തമ്മില്‍ നോക്കുന്നു. നോട്ടങ്ങള്‍ ചേരുന്നേടത്ത് ഒരു ചിരി മുളയ്ക്കുന്നു. ഓരോ ഇലയും പച്ചക്കൊടി വീശി നില്‍ക്കുന്ന കാടായി ആ തീവണ്ടിമുറി മാറുന്നു. പച്ചക്കൊടി, സുഗമതയുടെ വഴിയടയാളമാണ്. ഇറങ്ങി നടക്കുന്നവന് വഴിയടയാളങ്ങള്‍ പ്രധാനമാകുന്നു. കാണുന്ന ഓരോന്നും, പ്രകൃതി മുഴുവന്‍, ഇവിടെ പച്ചക്കൊടി വീശിനില്‍ക്കുകയാണ്. ബ്രാന്‍ഡിമണവും സിഗററ്റുകുറ്റിയും കിളിക്കണ്ണില്‍ പതിഞ്ഞ മായാരൂപങ്ങളുമെല്ലാം ചെകുത്താനിലേക്കുള്ള വഴിയടയാളങ്ങളായിരിക്കുമ്പോലെ. കുന്നിന്‍മോളിലേക്ക് പണ്ട് കയറിപ്പോയ ഒരുണ്ണി, കന്നും പൈക്കളും മേയുന്നതും ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നിന്ന് എത്തിനോക്കി ചിരിക്കുന്നതും മൊട്ടപ്പാറയില്‍ കേറിയൊരാട്ടിന്‍പറ്റം തുള്ളിക്കളിക്കുന്നതും കണ്ടുകണ്ട് നടന്ന് പൂതത്തിനടുത്തേക്ക് എത്തുന്ന രംഗം ഇവിടെ ഓര്‍ക്കാം.
പോകുംവഴിയെല്ലാം ഉറ്റി വീണു കിടക്കുന്ന ചോരത്തുള്ളികളാണ് നായ്ച്ചന്ദ്രനെ കാണിച്ചുതരുന്നത്. വഴിയടയാളങ്ങള്‍ ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. നോക്കിക്കണ്ടുനടക്കണം. കാണുക, നോക്കുക ഈ ക്രിയകള്‍ പന്തലിച്ചു കിടക്കുകയാണ് ബാബുവിന്റെ കവിതകളിലെല്ലാം. അറിയാന്‍ വേണ്ടിയുള്ള സൂക്ഷ്മമായ തേടലുകളാണ്, ചുഴിഞ്ഞുനോട്ടങ്ങളാണ്, ഉയരങ്ങളിലേക്കും ആഴങ്ങളിലേക്കും അകലങ്ങളിലേക്കും അടുപ്പങ്ങളിലേക്കും പുറമേക്കും ഉള്ളിലേക്കുമുള്ള നോട്ടങ്ങളാണ്, നിറയെ. കാണുക, നോക്കുക എന്നീ വാക്കുകളില്ലാത്ത കവിതകള്‍ ബാബു സക്കറിയ എഴുതിയിട്ടുണ്ടോ എന്നുതന്നെ സംശയമാണ്.
ബാബു സക്കറിയയുടെ ‘നീ ജനാലകള്‍’ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.