DCBOOKS
Malayalam News Literature Website

വിപ്ലവം ചെയ്യാന്‍ പോയ കുട്ടികള്‍

നക്‌സലൈറ്റുകളുടെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പ്രായം അമ്പതായി. ആക്രമിക്കാന്‍ പോയവരില്‍ നാലു വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. രണ്ടുപേര്‍ ഇന്നില്ല. രണ്ടുപേര്‍ ജീവിച്ചിരിക്കുന്നു. അന്നത്തെ വിദ്യാര്‍ഥികളായിരുന്ന ചൂര്യയി ചന്ദ്രന്റെയും ഇ. ബാലകൃഷ്ണന്റെയും ജീവിതത്തിലൂടെ ചുവപ്പന്‍രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ലേഖനം

തയ്യാറാക്കിയിരിക്കുന്നത്: സി.സരിത്

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സായുധ മുന്നേറ്റശ്രമമായിരുന്നു തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണം. 1968 നവംബര്‍ 21-ന് രാത്രി നടന്ന ആ സംഭവത്തിന് അരനൂറ്റാണ്ടായി പ്രായം. പാഴായിപ്പോയ ആ സായുധനീക്കത്തിനൊപ്പം അണിനിരക്കാന്‍ കാമ്പസ് വിട്ടിറങ്ങിയ വിദ്യാര്‍ഥികളുമുണ്ടായിരുന്നു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലെ നാല് വിദ്യാര്‍ഥികള്‍-ചൂര്യയി ചന്ദ്രന്‍, ഇ. ബാലകൃഷ്ണന്‍, കോറോത്ത് ദാസന്‍, എം. ഉണ്ണിക്കൃഷ്ണന്‍. ദാസനും ഉണ്ണിക്കൃഷ്ണനും ഓര്‍മ്മയായി.

മേലൂര്‍ സ്വദേശിയായ കോറോത്ത് ദാസന്‍ ബിരുദപഠനശേഷം സി.പി.എമ്മിലെത്തി. ധര്‍മടം ദിനേശ് ബീഡി സഹകരണസംഘത്തില്‍ ക്ലാര്‍ക്കായി ജോലിയും കിട്ടി. ചൂര്യയി ചന്ദ്രന്‍ ക്രൈസ്റ്റ് കോളജ് തുട
ങ്ങിയപ്പോള്‍ ക്ലാര്‍ക്ക് ജോലിയില്‍ നിന്ന് അവധിയെടുത്ത് കോളജിന്റെ മാനേജരായി. ശമ്പളമില്ലാത്ത സേവനം. കോളജിനുവേണ്ടി പത്തുപവന്‍ പണയം വെക്കാനും നല്‍കി. സി.എം.പി. രൂപീകരിച്ചപ്പോള്‍ അതിന്റെ ജില്ലാകമ്മിറ്റിയംഗവുമായി. കോളജിന്റെ നിലനില്‍പ്പിന് ദാസന്‍ കാര്യമായ പങ്കുവഹിച്ചുവെന്ന് ചൂര്യയി ചന്ദ്രന്‍ ഓര്‍മിക്കുന്നു. ദാസന് അര്‍ഹമായി ലഭിക്കേണ്ട ദിനേശ് ബീഡി സഹകരണസംഘം സെക്രട്ടറി തസ്തിക നല്‍കാതെ ക്ലാര്‍ക്കായി വിരമിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. 2009 നവംബര്‍ രണ്ടി
ന് ദാസന്‍ ഓര്‍മയായി. ഭാര്യ വിജയി. മകന്‍ സച്ചിന്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു.

ബ്രണ്ണനിലെ ബിരുദപഠനശേഷം ഉണ്ണിക്കൃഷ്ണന്‍ മുംബൈയില്‍ സഹോദരങ്ങളുടെ അടുത്തേക്കു പോയി. അവിടെ ചില ജോലികള്‍ ചെയ്തുകൊണ്ടുതന്നെ നിയമബിരുദമെടുത്തു. പിന്നീട് മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായി. ആശയാണ് ഭാര്യ; എന്‍ജിനീയറായ മനീഷ മകളും. 2018 സെപ്റ്റംബറില്‍ ഉണ്ണിക്കൃഷ്ണന്‍ മുംബൈയില്‍ അന്തരിച്ചു.

ചന്ദ്രനും ബാലകൃഷ്ണനും മാര്‍ക്‌സിസ്റ്റ് ചിന്തകളും എഴുത്തുമായി തലശ്ശേരിയില്‍ത്തന്നെയുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നെല്ലാം അകന്നുകൊണ്ട്; കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പൊരുളുകള്‍ അന്വേഷിച്ചും ചരിത്രവഴികളിലെ പാളിച്ചകള്‍ പരിശോധിച്ചുമുള്ള യാത്ര തുടരുകയാണ് അവര്‍. അവരുടെ അമ്പതു വര്‍ഷത്തെ ജീവിതം പലതും പറയുന്നുണ്ട്.

നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രസരിച്ചു തുടങ്ങിയ കാലം. ബ്രണ്ണന്‍ കോളജില്‍ രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയായിരുന്നു ചൂര്യയി ചന്ദ്രന്‍. ക്ലാസ് കഴിഞ്ഞാല്‍ കോളജില്‍ നിന്ന് നേരേ തലശ്ശേരി പട്ടണത്തിലേക്കു പോകും. അവിടെ കടപ്പുറത്ത് കെ.പി. നാരായണന്‍ മാഷ് നടത്തു
ന്ന ‘കേപ്പീസ്’ പാരലല്‍ കോളജുണ്ടായിരുന്നു. പഴയ പാണ്ടികശാല കെട്ടിടത്തിലെ ആ കോളജില്‍ രാപകല്‍ ചര്‍ച്ചയും കൂടിയാലോചനകളും നടന്നുകൊണ്ടിരുന്നു. കുന്നിക്കല്‍ നാരായണനും ഫിലിപ്പ് എം. പ്രസാദും കോഴിക്കോട്ടെ ചില നേതാക്കളും വരും.

ബ്രണ്ണനില്‍ കെ.വി. കുഞ്ഞികൃഷ്ണനായിരുന്നു കെ.എസ്.എഫിന്റെ യൂണിറ്റ് സെക്രട്ടറി. ഇപ്പോള്‍ ദേശാഭിമാനി വാരിക പത്രാധിപരായ സി.പി. അബൂബക്കര്‍ പ്രസിഡന്റും. കെ.എസ്.യു. ആയിരുന്നു അന്ന് ബ്രണ്ണനിലെ ആള്‍ബലമുള്ള സംഘടന. ചന്ദ്രന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പാട്യം രാജനും അഡ്വ. കെ.ഇ. ഗംഗാധരനും (അഴീക്കോടന്‍ രാഘവന്റെ മകളുടെ ഭര്‍ത്താവ്) വിദ്യാര്‍ഥികളായിരുന്നു. കെ.എസ്.യുവിനെ പ്രതിനിധീകരിച്ചിരുന്നത് റിച്ചാഡ് ഹെ എം.പി. യുടെ ചേട്ടന്‍ റോയ് ഹെയും.

കെ.എസ്.എഫിനെ ധിക്കരിക്കലായിരുന്നു ചന്ദ്രന്റെ രീതി. അവയാകട്ടെ തികച്ചും സംവാദാത്മകവും. സി.പി.എമ്മിന് അക്കാലത്ത് നക്‌സലൈറ്റുകളോടേ് ശത്രുതാമനോഭാവമുണ്ടായിരുന്നില്ല. മാവോചിന്തകളടങ്ങിയ റെഡ് ബുക്ക് ആയിരുന്നു പ്രത്യയശാസ്ത്രത്തിന്റെ കവാടം. മാവോസൂക്തങ്ങളടങ്ങിയ ആ കൊച്ചുപുസ്തകത്തിന് അഞ്ച് രൂപയായിരുന്നു വില. അത് കോളജില്‍ കൊണ്ടുപോകുകയും അതിലെ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. പെരളശ്ശേരിയില്‍ കനു സന്യാല്‍ വന്നപ്പോള്‍ കോറോത്ത് ദാസനൊപ്പം കാണാന്‍ പോയിരുന്നു. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ സി.പി.ഐ.ക്കാരനായ മേക്കിലേരി ബാലനെ കൂട്ടി. വര്‍ഗശത്രുക്കളുടെ ഉന്മൂലനാശം അനിവാര്യമാണോയെന്നായിരുന്നു ചോദ്യം. ഉന്മൂലനാശം കൂടിയേ തീരൂവെന്നായിരുന്നു മറുപടി. പക്ഷേ,വര്‍ഗശത്രുക്കളെ ഭൗതികമായി ഇല്ലാതാക്കുന്ന നിലപാട് ചന്ദ്രന് തീരെ ദഹിച്ചില്ല. എങ്കിലും അവര്‍ക്കൊപ്പംതന്നെ യാത്ര തുടര്‍ന്നു.

തുടര്‍ന്ന് വായിക്കാം

സി.സരിത് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 2019 ജനുവരി ലക്കം പച്ചക്കുതിരയില്‍

Comments are closed.