നക്‌സലൈറ്റുകള്‍ മലയാള സിനിമയില്‍
വി.വിജയകുമാര്‍
നക്‌സലൈറ്റുകളുടെ ആശയലോകത്തെ ഒരു ആദിവാസി കുടുംബത്തിന്റെയോ ദലിത് കുടുംബത്തിന്റെയോ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന ഒരു ചലച്ചിത്രത്തിന് മദ്ധ്യവര്‍ഗപ്രേക്ഷകനില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്ന് ഇവയെ സാക്ഷാത്കരിച്ചവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. നമ്മുടെ കലാസൃഷ്ടികള്‍ യഥാര്‍ത്ഥ മനുഷ്യജീവിതത്തില്‍ നിന്ന് എങ്ങനെയല്ലാം അന്യമായിപ്പോകുന്നുവെന്നതിന്റെ തെളിവുകൂടിയാണിത്. അതില്‍ മൂലധനവും സാമൂഹികമായ മുന്‍ഗണനാക്രമങ്ങളും വഹിക്കുന്ന പങ്കിനെയും തിരിച്ചറിയേണ്ടതുണ്ട്.
നക്‌സലൈറ്റുകളെന്നോ ഇടതുപക്ഷതീവ്രവാദികളെന്നോ വിളിക്കപ്പെട്ട കേരളത്തിലെ മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് വിപ്ലവകാരികളെ ഇവിടുത്തെ മദ്ധ്യവര്‍ഗം എങ്ങനെയാണ് നോക്കിക്കണ്ടത്? ഈ വിപ്ലവകാരികളിലേറെയും മദ്ധ്യവര്‍ഗവിഭാഗങ്ങളില്‍നിന്നു വന്നവരായിരുന്നെന്നും ഇവര്‍ക്കു തൊഴിലാളിവര്‍ഗവുമായോ പണിയെടുക്കുന്ന ജനവിഭാഗങ്ങളുമായോ അകന്ന ബന്ധങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണുന്നവരുണ്ട്. മദ്ധ്യവര്‍ഗത്തിന്റെ കാല്പനികമായ വിമോചനാകാംക്ഷകളും കാമനകളുമായിരുന്നു ഇവരിലൂടെ പ്രകടിതമായിരുന്നതെന്നു മൂല്യനിര്‍ണ്ണയം ചെയ്തവരുണ്ട്.
സജീവമായ യുവത്വത്തിന്റെ അനീതിയോടുള്ള പ്രതിഷേധമായും ചോരത്തിളപ്പിന്റെ കാലത്ത് പ്രകടിപ്പിച്ച ലോകത്തെ മാറ്റിത്തീര്‍ക്കാനുള്ള അഭിനിവേശമായും മറ്റും സാഹിതീയാഖ്യാനങ്ങളില്‍ ഇതു രേഖിതമായിരിക്കുന്നു. ജനജീവിതത്തില്‍നിന്നും അകന്നു നിന്ന സിദ്ധാന്തപ്രേമികളായ മദ്ധ്യവര്‍ഗബുദ്ധിജീവിവൃന്ദത്തിന്റെ കലാപവാസനകളുടെ പ്രകടനമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്.
മലയാളത്തിലെ മദ്ധ്യവര്‍ത്തിചലച്ചിത്രങ്ങളില്‍; അത് ചലച്ചിത്രത്തിലെ കച്ചവടസംസ്‌കാരത്തിനും കലാസംസ്‌കാരത്തിനുമിടയില്‍ നിലകൊണ്ട മദ്ധ്യവര്‍ഗക്കാരുടെ ചലച്ചിത്രങ്ങളാണല്ലോ, നക്‌സലൈറ്റുകള്‍ എങ്ങനെയാണ് ആവിഷ്‌കരിക്കപ്പെട്ടത്? മലയാളത്തിലെ മദ്ധ്യവര്‍ത്തിചലച്ചിത്രകാരന്മാരായ ഭരതന്‍(മര്‍മ്മരം), ഹരിഹരന്‍(പഞ്ചാഗ്നി, ആരണ്യകം), ജയരാജ് (ഗുല്‍മോഹര്‍), മധുപാല്‍ (തലപ്പാവ്) എന്നിവരുടെ ആവിഷ്‌കാരങ്ങളുടെ വിശകലനത്തിലൂടെ ഇവിടുത്തെ ചലച്ചിത്രങ്ങളില്‍ രേഖിതമായ നക്‌സലൈറ്റ് പ്രഭാവത്തെ നോക്കിക്കാണാനുള്ള ശ്രമമാണിത്. അമ്മ അറിയാന്‍ (ജോണ്‍ ഏബ്രഹാം), രാജന്‍ പറഞ്ഞ കഥ (മണിസ്വാമി), കബനിനദി ചുവന്നപ്പോള്‍ (പി.എ. ബക്കര്‍), ഇത്തിരിപ്പൂവേ ചുവന്നപൂവേ (ഭരതന്‍), ഒരു ബൊളീവിയന്‍ ഡയറി/ഡി കമ്പനി(എം. പത്മകുമാര്‍), ഒളിപ്പോര് (എ.വി. ശശിധരന്‍) തുടങ്ങിയവയും നക്‌സലൈറ്റുകളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങളെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ചലച്ചിത്രങ്ങളാണ്.
എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആരണ്യകം. ഒരു നക്‌സലൈറ്റിന്റെ ജീവിതം മുഖ്യപ്രമേയമായി വരുന്ന ചലച്ചിത്രമാണിതെന്നു പറയുക വയ്യ. എങ്കിലും, നക്‌സലൈറ്റുകളുടെ ജീവിതം ഇല്ലെങ്കില്‍ ഈ ചലച്ചിത്രം അസാദ്ധ്യവുമാണ്. ഇളംപ്രായത്തിലേ അമ്മ നഷ്ടപ്പെട്ട, അച്ഛനില്‍നിന്നും അകന്നു കഴിയുന്ന, സ്‌കൂള്‍ ഹോസ്റ്റലില്‍നിന്നും മടങ്ങി വന്ന് ജന്മിയായ വല്യച്ഛന്റെ വീട്ടില്‍ അധികപ്പറ്റായി താമസിക്കുന്ന അമ്മിണിയുടെ കുറെ ദിവസങ്ങളിലെ ജീവിതമാണ് ചലച്ചിത്രം ആവിഷ്‌കരിക്കുന്നത്. ചലച്ചിത്രത്തിലെ ജന്മി വീടിനുള്ളില്‍ ഒരു സജ്ജന-ദുര്‍ജ്ജന നിര്‍മ്മിതിയും വിഭജനവും സംഭവിക്കുന്നുണ്ട്. പ്രേക്ഷകന് അമ്മിണിയോട് സ്‌നേഹവും സഹാനുഭൂതിയും ഉണ്ടാകണമെന്ന ലക്ഷ്യം ചലച്ചിത്രകാരനുണ്ട്. അവള്‍ സജ്ജനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടേണ്ടവളാണ്. അവളോടു പ്രണയം കാണിക്കുകയും അതു തുറന്നുപറയുകയും ചെയ്യുന്ന മോഹനേട്ടനും സുജനങ്ങളുടെ പട്ടികയിലാണ്. ഇവര്‍ക്കിടയിലേക്കാണ് നക്‌സലൈറ്റുകള്‍ കടന്നുവരുന്നത്. അമ്മിണിയുടെ വല്യച്ഛന്റെ വീട് നക്‌സലൈറ്റുകള്‍ ആക്രമിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് അമ്മിണിയുടെ മോഹനേട്ടനാണ്. അരക്ഷിതയായ നായികയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന ചലച്ചിത്രത്തിലെ സജ്ജനനിര്‍മ്മിതിയായ മോഹനേട്ടന്‍ വിപ്ലവകാരികളുടെ വെടിയേറ്റു മരിക്കുന്നു. നക്‌സലൈറ്റുകളുടെ പ്രവര്‍ത്തനം ദോഷകരമായി ബാധിക്കുന്നത് സജ്ജനങ്ങളെയാണ്. നക്‌സലൈറ്റുകളുടെ ഇടപെടല്‍ സജ്ജനദ്രോഹമായി മാറുന്നു. വിപ്ലവകാരികളിലൂടെ നിവര്‍ത്തിക്കപ്പെടുന്നത് സുജനഹോമമാണ്. അത് പ്രണയത്തെ, സ്‌നേഹത്തെ, തടയുകയോ നിരസിക്കുകയോ ചെയ്യുന്ന ഇടപെടലാണ്. ചലച്ചിത്രത്തിന്റെ അബോധം പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. സ്വൈരപൂര്‍ണ്ണമായ മദ്ധ്യവര്‍ഗജീവിതത്തെ തകരാറിലാക്കുന്ന ഇടപെടലുകള്‍ നടത്തുന്നവരായാണ് മറ്റു മദ്ധ്യവര്‍ത്തി ചലച്ചിത്രങ്ങളിലെന്നപോലെ ഈ ചലച്ചിത്രത്തിലും നക്‌സലൈറ്റുകള്‍ പ്രത്യക്ഷപ്പെടുന്നതെന്നു പറയാം. ഇത്തരം ഇടപെടലുകള്‍ സമൂഹത്തിലെ ദുര്‍ജ്ജനങ്ങളെയല്ല, സജ്ജനങ്ങളെയാണ് പെട്ടെന്നു ബാധിക്കുന്നതെന്നും അവരുടെ ജീവിതമാണ് സങ്കടങ്ങളിലേക്കും നിസ്സഹായതകളിലേക്കും എറിയപ്പെടുന്നതെന്നും കാണാം.
അമ്മിണി കണ്ടുമുട്ടുന്ന രണ്ടു പേരാണ് ചലച്ചിത്രത്തിലെ നക്‌സലൈറ്റുകള്‍. കാട്ടിലെ ഇടിഞ്ഞു പൊളിഞ്ഞ അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്മിണി നിര്‍മ്മിച്ചെടുത്ത സ്വകാര്യയിടത്തില്‍ അവള്‍ കണ്ടെത്തുന്ന യുവാവും വായനശാലയ്ക്കടുത്തു താമസിക്കുന്ന കൃഷ്ണന്‍ മാഷും. ഇവര്‍ മറ്റുള്ളവരുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലില്ല. നക്‌സലൈറ്റുകള്‍ക്ക് ജനസാമാന്യവുമായി ബന്ധമില്ലെന്ന് ധ്വനിപ്പിക്കുന്നുണ്ട് ഇത്. അമ്മിണിയുടെ സ്വകാര്യ ഇടം കവര്‍ന്നയാള്‍ അവളുടെ സ്വകാര്യസുഖങ്ങളെക്കൂടി കവരുന്നത് നാം പിന്നെ കാണുന്നു. മോഹനേട്ടന്റെ വധത്തിനുശേഷവും അവള്‍ തന്റെ നക്‌സലൈറ്റ് സുഹൃത്തിനോട് സൗഹൃദവതിയായി തുടരുന്നു. കലാപകാരികളുടെ നേതാവിനെ തന്ത്രത്തില്‍ വലയിലാക്കിയവളാകാന്‍ കിട്ടിയ അവസരം ഉപേക്ഷിക്കേണ്ടെന്ന വിപ്ലവകാരിയുടെ പുച്ഛം കലര്‍ന്ന ഉപദേശം അവളില്‍ വലിയ വികാരങ്ങളൊന്നും ഉണര്‍ത്തുന്നില്ല. മദ്ധ്യവര്‍ഗകാരുണ്യത്തിന്റെ തിരി ചലച്ചിത്രകാരന്‍ തെളിയിച്ചു കാണിക്കുന്നത് മദ്ധ്യവര്‍ഗക്കാരനായ നക്‌സലൈറ്റിലൂടെ എന്നതിലേറെ കുസൃതിക്കാരിയായ അമ്മിണിയിലൂടെയാണ്. അവള്‍ വിപ്ലവകാരിയായ യുവാവിനോട്, ”ഉപകാരം ചെയ്യുന്നവരോട് ദുര്‍മ്മുഖം. മൃഗങ്ങള്‍ ഇതിലും ഭേദമാണ്” എന്നു പറയുന്ന സന്ദര്‍ഭവും ചലച്ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.
വിപ്ലവകാരി സമ്പന്നമായ ഏതോ കുടുംബത്തിലെ അംഗമാണ്. സമ്പത്തും ഐശ്വര്യവും തനിക്കു മാത്രം പോരെന്നു കരുതുന്ന ഒരാള്‍. ”നല്ല വീട്, നല്ല കുടുംബത്തിലെ ഭക്ഷണം, ധാരാളം പുസ്തകങ്ങള്‍ എനിക്കും ഇഷ്ടം ഇതൊക്കെ. എനിക്കുമാത്രം പോരല്ലോ ഇതൊക്കെ” എന്നു പറയുന്നു അയാള്‍. നക്‌സലൈറ്റുകളുടെ രാഷ്ട്രീയാദര്‍ശം അവര്‍തന്നെ പറയുന്ന ചലച്ചിത്രത്തിലെ ഏക പ്രകരണം ഇതാണ്. എന്നാല്‍, നക്‌സലൈറ്റുകളെ കുറിച്ചുള്ള ജന്മിയുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും സംഭാഷണത്തില്‍ ചെറുപ്പക്കാര്‍ക്കൊക്കെ എന്താണു പറ്റിയതെന്ന ഖേദം മുഴങ്ങുന്നുണ്ട്. മുരളി മിടുക്കനായ വിദ്യാര്‍ത്ഥിയാണെന്നു പറയുന്നു. ജോസഫ് നിയമത്തില്‍ ബിരുദധാരിയാണെന്നു പറയുന്നു. അവര്‍ വീട്ടുകാരെയും നാട്ടുകാരെയും പരിഗണിക്കുന്നില്ല. യുവത്വത്തിന് വലിയ അപഭ്രംശം എന്തോ സംഭവിച്ചിരിക്കുന്നു എന്ന ധാരണയെ ഈ വര്‍ത്തമാനങ്ങള്‍ പ്രേക്ഷിക്കുന്നു.
അമ്മിണിയുടെ വല്യച്ഛന്‍ മാധവന്‍ നായര്‍ സ്ഥലത്തെ പ്രമാണിയും പ്രതാപിയും ജന്മിയുമാണ്. ആ വീട്ടില്‍ പണി ചെയ്തിരുന്ന കാളിത്തള്ളയുടെ മകന്‍ പരമേശ്വരന്‍ കവലയിലെ ചുമരിലൊക്കെ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നതിനെക്കുറിച്ച് അമ്മിണി ഹോസ്റ്റലില്‍ നിന്നും വരുമ്പോള്‍തന്നെ കേള്‍ക്കുന്നുണ്ട്. മാധവന്‍ നായര്‍ പരമേശ്വരന്റെ ആളുകളുടെ ഊമക്കത്തിനെയും ചുമരെഴുത്തിനെയും പുച്ഛിച്ചു സംസാരിക്കുന്നുമുണ്ട്. ആ വീട് നക്‌സലൈറ്റുകളുടെ നോട്ടത്തിലാണ്. അതിനു കാരണമുണ്ട്. മാധവന്‍നായരുടെ താത്പര്യപ്രകാരം പോലീസ് ഉദ്യോഗസ്ഥന്മാര്‍ മോഷണത്തിന്റെ പേരില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചലച്ചിത്രത്തിലുണ്ട്. പാവങ്ങളായ കുടികിടപ്പുകാരുടെ ആവലാതികള്‍ക്കു ചെവി കൊടുക്കാതിരിക്കുന്നതിന്റെയും സഹായമഭ്യര്‍ത്ഥിച്ചു വരുന്നവരെ ആട്ടിപ്പായിക്കുന്നതിന്റെയും ഒപ്പം പോലീസ് ഉദ്യോഗസ്ഥന്മാരെ സല്‍ക്കരിക്കുന്നതിന്റെയും മദ്യം വിളമ്പുന്നതിന്റെയും മറ്റും ദൃശ്യങ്ങളും കാണാം. നക്സലൈറ്റുകള്‍ ഇടപെടുന്നത് ഈ പശ്ചാത്തലത്തിലാണ്. നക്‌സലൈറ്റുകള്‍ ആദിവാസികളുമായോ അധഃസ്ഥിതരായ ജനങ്ങളുമായി ഇടപെടുന്നതോ സഹവസിക്കുന്നതോ ആയ ദൃശ്യങ്ങള്‍ ചലച്ചിത്രത്തിലില്ല. ചലച്ചിത്രത്തിന്റെ ഫോക്കസ് നക്‌സലൈറ്റുകളുടെ ആന്തരികലോകമല്ല, മറിച്ച്, നക്‌സലൈറ്റുകളാല്‍ മുറിവേല്‍ക്കപ്പെടുന്നവരുടെ ജീവിതമാണ്. എന്നാല്‍, യുവാവിനെ വളഞ്ഞ് കീഴ്‌പ്പെടുത്തി വെടിവച്ചു കൊന്നതിനു ശേഷം പത്രക്കാര്‍ക്ക് ഏറ്റുമുട്ടലിന്റെ ഫോട്ടോ വേണ്ടിവരുമെന്നു പറയുന്ന പോലീസ് മേധാവിയെ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങള്‍ വിപ്ലവകാരികളോടു കാണിക്കുന്ന ക്രൂരവും നൃശംസവുമായ അക്രമത്തെ വെളിവാക്കുന്നുണ്ട്. സഖാവ് വര്‍ഗീസുള്‍പ്പെടെ കാട്ടിനുള്ളില്‍ പോലീസിന്റെ നരനായാട്ടില്‍ കൊല്ലപ്പെട്ട അനേകം പേരെ ഇത് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
മദ്ധ്യവര്‍ഗമനസ്സിനോടു കൂറു പുലര്‍ത്തുകയും നക്‌സലൈറ്റുകളുടെ ആന്തരികലോകത്തോടു നീതി പുലര്‍ത്താതിരിക്കുകയും ഭരണകൂടത്തിന്റെ ക്രൗര്യം നിറഞ്ഞ ഇടപെടലുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന സങ്കീര്‍ണ്ണമായ ഒരു സമീപനരീതിയാണ് ആരണ്യകം എന്ന ചിത്രത്തില്‍ ആവിഷ്‌കൃതമായത്. നക്‌സലൈറ്റായി മാറിയ കോളജ് വിദ്യാര്‍ത്ഥി ഉണ്ണി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മനോനില തെറ്റിപ്പോയ അമ്മയുടെ ദുരന്തകഥയെ ആവിഷ്‌കരിക്കുന്ന ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ എന്ന ഭരതന്‍ ചിത്രത്തിലും മദ്ധ്യവര്‍ഗജീവിതത്തിന്റെ താളം തെറ്റിക്കുന്ന പ്രസ്ഥാനത്തെ കാണാം. മാതൃസ്‌നേഹത്തിന്റെ മഹത്ത്വവും മൂല്യവും അറിയാതിരിക്കുകയും സ്‌നേഹനിധിയായ അമ്മയെ കുരുതി കൊടുക്കുകയും ചെയ്യുന്നവരായി നക്‌സലൈറ്റുകളെ വ്യാഖ്യാനിച്ചെടുക്കാനോ ആ പൊതുബോധത്തെ ഉറപ്പിക്കാനോ ഈ ചലച്ചിത്രം ഉത്സുകമാകുന്നുണ്ട്. പാരമ്പര്യ മൂല്യങ്ങളുമായി വിപ്ലവകാരികളുടെ മൂല്യങ്ങളെ സംഘര്‍ഷത്തിലാക്കുകയും സാമാന്യബോധത്തിന്റെ ശക്തിയില്‍ വിപ്ലവരാഷ്ട്രീയത്തിനെതിരായ സന്ദേശമാകുകയും ചെയ്യുന്ന ഒരു പ്രക്രിയ ഇത്തരം ചലച്ചിത്രങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്നു. എന്നാല്‍, സമീപഭൂതകാലത്ത് ഏറ്റവുമേറെ ധര്‍മ്മനിഷ്ഠ പുലര്‍ത്തിയ ഒരു പ്രസ്ഥാനത്തെ വക്രീകരിക്കുന്ന ആഖ്യാനങ്ങള്‍ നിറയെ സന്ദിഗ്ദ്ധതകളെ നിറച്ചുവെക്കുന്നുണ്ടായിരുന്നു. ഭാഗികമായി മദ്ധ്യവര്‍ഗത്തിന്റെ സര്‍ഗാത്മകതയുടെ ലക്ഷണമായി ഈ സന്ദിഗ്ദ്ധതകളെ കാണാമെങ്കിലും പശ്ചാത്താപത്തിന്റെയോ ഒറ്റികൊടുക്കുന്നതിലെ പാപബോധത്തിന്റെയോ ലാഞ്ഛനകളും അതിലുണ്ടായിരുന്നു.
അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന ഉണ്ണി വലിയ വായനക്കാരനായി മാറുകയും പെട്ടെന്നു വിപ്ലവകാരിയാകുകയും ചെയ്യുന്നതായാണ് ചലച്ചിത്രത്തിലെ ദൃശ്യാഖ്യാനം. തൊഴിലില്ലാതെ വായനശാല നെരങ്ങുന്നവര്‍ വരുത്തിവയ്ക്കുന്ന കുരുത്തക്കേടുകളെക്കുറിച്ചൊരു പരാമര്‍ശം ‘ആരണ്യക’ത്തിലും കാണാം. വിദ്യാസമ്പന്നര്‍ നക്‌സലൈറ്റുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനെയാണ് ഈ ചലച്ചിത്രങ്ങള്‍ ഭയവിഭ്രാന്തികളോടെ നോക്കിക്കണ്ടത്. അധികമൊന്നും വിദ്യാഭ്യാസം ലഭിക്കാത്ത എത്രയോ ദരിദ്രരായ മനുഷ്യര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. അവരുടെ ജീവിതങ്ങളോട് മദ്ധ്യവര്‍ത്തിസിനിമകള്‍ താത്പര്യം കാണിക്കുന്നില്ല. മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നുമുള്ള വിദ്യാസമ്പന്നരുടെ വ്യതിചലനങ്ങളോടാണ് ഈ മദ്ധ്യവര്‍ത്തിസിനിമകള്‍ മമത കാണിച്ചത്. വിദ്യാസമ്പന്നരും ആദര്‍ശവാന്മാരും ചലച്ചിത്രത്തിനുള്ളില്‍ കിടിലന്‍പ്രകടനം നടത്തുന്നവരുമായ നായകന്മാരെ മദ്ധ്യവര്‍ത്തി സിനിമയ്ക്കുള്ളില്‍ സൃഷ്ടിക്കുമ്പോള്‍ അവര്‍ക്ക് ഒരു നക്‌സലൈറ്റ് ഭൂതകാലം കല്പിച്ചു നല്‍കുന്ന പ്രവണതയും ശക്തമായി കാണാം. ഉരുളയ്ക്കുപ്പേരിപോലെ വാഗ്‌സാമര്‍ത്ഥ്യംകൊണ്ടും മെയ്യഭ്യാസങ്ങള്‍കൊണ്ടും സ്ത്രീവിദ്വേഷപരമായ സംഭാഷണങ്ങള്‍കൊണ്ടും വെള്ളിത്തിര തകര്‍ത്താടിയ ‘കിങ്ങി’ലെ ജോസഫ് അലക്‌സ് എന്ന ഐ. എ. എസ് ഓഫീസര്‍ക്ക് നക്‌സലൈറ്റ് ഭൂതകാലം കല്പിക്കപ്പെടുന്നത് ഒരു ഉദാഹരണം മാത്രമാണ്. ചില നക്‌സലൈറ്റ് പ്രവര്‍ത്തകരുടെ കൊലയ്ക്കു കാരണമായ ഉരുട്ടല്‍ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരനായ ഒരു പോലീസ് മേധാവിയെ പ്രാഗ്രൂപമാക്കി ‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ എന്നൊരു ചിത്രം ഇവിടെ നിര്‍മ്മിക്കപ്പെട്ടതും ഓര്‍ക്കുക…
വി.വിജയകുമാര്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
Comments are closed.