നവരാത്രി വ്രതം എങ്ങനെ? എന്തിന്?
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ…
(ഭക്തരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നവളും വരദായിനിയുമായ സരസ്വതീ, അവിടത്തേക്ക് നമസ്‌ക്കാരം. ഞാന്‍ വിദ്യാരംഭം ചെയ്യട്ടെ. എല്ലായ്‌പ്പോഴും എനിക്ക് വൈദഗ്ധ്യം നല്‌കേണമേ…)
നവരാത്രി കാലം ആദിപരാശക്തിയുടെ ഒന്‍പത് ഭാവങ്ങളെ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിയ്ക്കുമുള്ള ഉത്തമ മാര്‍ഗ്ഗമാണ് നവരാത്രി വ്രതം.കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന ദുര്‍ഗാപൂജ നടക്കുന്ന കാലം. അവിദ്യയുടെ തമസ്സകറ്റി മനസ്സുകളെല്ലാം വിദ്യകൊണ്ട് പ്രഭാപൂരിതമാകുന്നു. ലോകത്തിന്റെ മുഴുവന്‍ അമ്മയാണ് ദേവി. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചു പൂജയും ഉപാസനയും നിര്‍വ്വഹിക്കാറുണ്ട്.
നവരാത്രി വ്രതം പ്രഥമമുതല്‍ ആരംഭിക്കുന്നു. വ്രതം ആരംഭിക്കുന്നതിനു ചില ചിട്ടവട്ടങ്ങളുണ്ട്. മുതിര്‍ന്നവര്‍ നാലാംയാമത്തില്‍ ഉണര്‍ന്നു ദൈനംദിനകൃത്യങ്ങള്‍ക്കുശേഷം ഏഴുതിരിയിട്ട വിളക്കുകൊളുത്തി നാമം ജപിക്കണം. ലളിതാസഹസ്രനാമവും ചൊല്ലുന്നത് നല്ലതാണ്. വ്രതം എടുക്കുമ്പോള്‍ ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും ശ്രദ്ധയുണ്ടാവണം. അരിഭക്ഷണം ഒരുനേരം മാത്രമാക്കുക. ഒരുനേരം ഫലമൂലാദികളാവണം. മുട്ട, മത്സ്യം, മാംസം എന്നിവ വര്‍ജ്ജിക്കുക.വിദ്യാരംഭം കുറിക്കാന്‍ പോകുന്ന കുട്ടികളും വിദ്യ അഭ്യസിക്കുന്നവരും വ്രതമെടുക്കുന്നത് നല്ലതായിരിക്കും. ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്. ദേവപ്രീതിയിലൂടെ സര്‍വ്വൈശ്വര്യത്തിനും നവരാത്രി വ്രതം കാരണമാകുന്നു.
Comments are closed.