കരകയറ്റാം കൈത്തറിയെ, ഇന്ന് ദേശീയ കൈത്തറിദിനം
കസവുസാരിയും കസവുമുണ്ടുമൊന്നുമില്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം? ഇന്ന്
ദേശീയ കൈത്തറിദിനം. രാജ്യത്തെ എല്ലാ കൈത്തറി നെയ്ത്തുകാരെയും ബഹുമാനിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ആഗസ്റ്റ് 7 ഇന്ത്യയില്‍ ദേശീയ കൈത്തറിനെയ്ത്തുകാരുടെ ദിനമായി ആചരിച്ചു വരുന്നു. ഇന്ത്യയുടെ കൈത്തറി വ്യവസായത്തിന് ഊര്‍ജ്ജം പകരുന്നതിനും കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ അഭിമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും ഈ ദിനാചരണം ലക്ഷ്യമിടുന്നു. 1905 ആഗസ്റ്റ് 7ന് ബംഗാള്‍ വിഭജനത്തിനെതിരേ പ്രതിഷേധിച്ച് കല്‍ക്കട്ട ടൗണ്‍ഹാളില്‍ ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ആഗസ്റ്റ് 7 കൈത്തറി നെയ്ത്തുകാരുടെ ദിനാഘോഷ ത്തിന് തിരഞ്ഞെടുത്തത്. 2015ലാണ് കൈത്തറി നെയ്ത്തുകാരുടെ ആദ്യ ദിനാചരണം നടന്നത്. ഈ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരം പരിപാടികളും പ്രദർശന വിൽപ്പന മേളകളും സംഘടിപ്പാറുണ്ട്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ ഈ പരിപാടികൾ നീണ്ടു നിൽക്കും.
പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപ്പാവയെക്കുറിച്ചോര്‍ക്കാതെ മലയാളിക്ക് ഈ ദിനം കടന്നുപോകില്ല.
ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപാവകള്‍ ഇന്ന് രാജ്യാന്തര തലത്തില്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു സംരംഭമാണ്. ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന് വഴിതെളിച്ച ചേക്കുട്ടിപ്പാവകള്‍ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പുത്തന്‍ മാതൃകയാണ് നമുക്കു മുന്നില്‍ അവതരിപ്പിച്ചു.
ദുഃഖവും ദുരിതവും വിതച്ച് പ്രളയം കടന്നുപോയപ്പോള്‍ തകര്‍ന്നടിഞ്ഞത് അനേകമാളുകളുടെ സ്വപ്‌നവും പ്രതീക്ഷയും അധ്വാനവുമായിരുന്നു. ചേന്ദമംഗലത്തെ ബാധിച്ച പ്രളയം അറുനൂറോളം നെയ്ത്തുകാരുടെ ഉപജീവനത്തെ ഗുരുതരമായി ബാധിച്ച പ്രതിസന്ധിയായിരുന്നു. ഓണവിപണി മുന്നില്‍ക്കണ്ട് വില്‍പ്പനക്ക് ഒരുക്കിവെച്ചിരുന്ന 21 ലക്ഷം രൂപയുടെ തുണിത്തരങ്ങളാണ് പ്രളയത്തില്‍ ഉപയോഗശൂന്യമായത്. ഇനിയെന്ത് എന്ന ആലോചനയില്‍ വിവിധ കൈത്തറി യൂണിറ്റുകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഫാഷന്‍ ഡിസൈനറായ ലക്ഷ്മി മേനോനും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് പാറയിലും ചേര്‍ന്ന് വ്യത്യസ്തമായ ഒരാശയത്തിന് തുടക്കമിടുന്നത്. സ്‌കൂള്‍ കുട്ടികളും വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും മുന്നിട്ടിറങ്ങി നിര്‍മ്മിച്ച ലക്ഷക്കണക്കിന് പാവകളാണ് കേരളത്തിലുടനീളം വിറ്റുപോയത്.
ചേറും ചെളിയും പുരണ്ട തുണികള്‍ കഴുകി വൃത്തിയാക്കി, അണുവിമുക്തമാക്കിയ ശേഷം അവയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ചേക്കുട്ടി പാവകള്‍ രൂപപ്പെടുന്നത്. ഒരു സാരിയില്‍ നിന്ന് ഏകദേശം 360 ചേക്കുട്ടി പാവകളെ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. വിവിധ സംഘങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും ഈ തുണികളില്‍ നിന്നും അനേക ലക്ഷം ചേക്കുട്ടിപ്പാവകള്‍ക്ക് ജീവനേകി.
പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപ്പാവയെ കഥാപാത്രമാക്കി മലയാളത്തിലെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി പുസ്തകമെഴുതി.
ഡിസി ബുക്‌സാണ് ആ പുസ്തകങ്ങള്‍ വായനക്കാരിലെത്തിച്ചത്. ഡിസി ബുക്‌സാണ് ആ പുസ്തകങ്ങള്‍ വായനക്കാരിലെത്തിച്ചത്. പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങള്‍ രൂപപ്പെടുത്തിയ കഥാപാത്രത്തെ ആസ്പദമാക്കി നോവലുകളെഴുതപ്പെടുന്നത്.
എന്നാല് കേരളത്തിലെ കൈത്തറി വിപണി ഇന്നും വലിയ പ്രതിസന്ധികളില് കൂടിയാണ് കടന്നു പോകുന്നത്. തിരുവനന്തപുരത്തെ ബാലരാമപുരം, കണ്ണൂർ കൈത്തറി, ചേന്ദമംഗലം, പാലക്കാട്ടെ കൂത്താമ്പിള്ളി എന്നിവയെല്ലാം കൈത്തറി ഗ്രാമങ്ങൾക്ക് പേരു കേട്ടവയിൽ ചിലതാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, ദേവാംഗപുരം, എലപ്പുള്ളി, പെരുവെമ്പ്, ആലത്തൂർ, ഷൊർണ്ണൂർ എന്നിവിടങ്ങളിലൊക്കെ വളരെ സജീവമായ നെയ്ത്തുഗ്രാമങ്ങൾ നമുക്കുണ്ടായിരുന്നു. എന്നാല് ഇന്ന് പാരമ്പര്യ നെയ്ത്തു തൊഴിലാളികൾ പോലും ഈ രംഗത്തു നിന്നും അപ്രത്യക്ഷമാകുകയാണ്. കൈത്തറിയെ കരകയറ്റിയെ മതിയാകൂ.
Comments are closed.