DCBOOKS
Malayalam News Literature Website

പുതുകാലത്തെ വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍

സി.സാലിഹ് അമ്മിനിക്കാട്‌

സ്വാതന്ത്രത്തിനുശേഷം ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നടന്ന സമരങ്ങള്‍ക്കു നവമുന്നേറ്റങ്ങളുടെ സ്വഭാവഗുണങ്ങളുണ്ടായിരുന്നതായി കാണാം. ജാതി-മത വിവേചനവും വിദ്യാഭ്യാസത്തിന്റെ കോര്‍പറേറ്റ് വത്കരണവും ഹിന്ദുത്വഫാഷിസത്തിന്റെ അധീശത്വവും പൗരാവകാശ പ്രശ്‌നങ്ങളും പ്രസ്തുത മുന്നേറ്റങ്ങളുടെ പ്രധാന കാരണങ്ങളായി കാണാവുന്നതാണ്. സ്വതന്ത്രത്തിന് ശേഷം സമരങ്ങളിലൂടെ വിമോചിതമാവുന്ന വിദ്യാര്‍ഥി ബോധത്തിന്റെ ഏകീകരണമാണ് വാസ്തവത്തില്‍ ഡിസംബര്‍ പതിനഞ്ചിനുശേഷം ഇന്ത്യന്‍ സര്‍വകലാശാലകളില്‍ സിഎഎയ്‌ക്കെതിരേ നടന്നത്.

സര്‍വകലാശാലകള്‍ എന്ന സാമൂഹിക ഇടങ്ങള്‍ക്ക് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ക്രിയാത്മകമായിത്തന്നെ പുതിയ രൂപവും ഉള്ളടക്കവും നിര്‍മിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ് ദേശീയതലത്തില്‍ നടക്കുന്ന എന്‍ ആര്‍ സി, എന്‍ പി ആര്‍, സി എ എ വിരുദ്ധ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ജാമിയ മില്ലിയ, അലിഗഢ് സര്‍വകലാശാല, ജെഎന്‍യു, ദില്ലി യൂണിവേഴ്‌സിറ്റി, എച്ച് സി യു, നദ് വത്തുല്‍ ഉലമ, ഐ ഐ ടി ബനാറസ് സര്‍വകലാശാല തുടങ്ങിയ അനേകം സര്‍വകലാശാലകളില്‍ ഒരുമിച്ച് നടക്കുന്ന യുവവിദ്യാര്‍ഥി മുന്നേറ്റങ്ങളെ നാളിതുവരെ ഇന്ത്യയില്‍ നടന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ ചരിത്രത്തെയും അവ ഉത്പാദിപ്പിച്ച ഭൗതിക വ്യവഹാരങ്ങളെ ആധാരമാക്കിക്കൊണ്ടുതന്നെ സൂക്ഷ്മ വായനയ്ക്ക് വിധേയമാക്കേണ്ടതാണ്, കാരണം സിഎ എ വിരുദ്ധ വിദ്യാര്‍ഥി സമരങ്ങളെ സാമാന്യാര്‍ഥത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളും മാധ്യമദ്വാരാ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും സവിശേഷമായിത്തന്നെ പ്രസ്തുത സമരങ്ങളെ വിവിധ അടരുകളില്‍ നിന്ന് ആഴത്തില്‍ അപഗ്രഥിക്കുന്ന ചുരുക്കം ചില ലേഖനങ്ങളാണു പ്രസിദ്ധീകൃതമായിട്ടുള്ളത്.

ഫ്രണ്ട്‌ലൈനില്‍  പ്രഭാത് പട്‌നായിക് എഴുതിയ  എ നാഷണ്‍ അവൈക്കന്‍ഡ്, ദ ഹിന്ദുവില്‍ സോയാ ഹസന്‍ എഴുതിയ ‘ആന്‍ അനാട്ടമി ഓഫ് ആന്റി സിഎഎ പ്രോട്ടസ്റ്റ്‌സ്’  , ദ വയറില്‍ അവിജിത് പതക് എഴുതിയ റീ തിങ്കിങ് എജ്യുക്കേഷന്‍ ഇന്‍ ദ ഏജ് ഓഫ് ടോട്ടലിറ്റേറിയന്‍ പൊളിറ്റിക്‌സ് തുടങ്ങിയ ലേഖനങ്ങള്‍ ഇവയില്‍ ഏറെ പ്രധാനമര്‍ഹിക്കുന്നതാണ്. അതുകൊണ്ടുതന്നെ  ഇന്ത്യയിലെ വിദ്യാര്‍ഥി മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിശകലനം അതിന്റെ യഥാതഥമായ ചരിത്രത്തിലൂന്നി, പൗര സമൂഹം, ഹിംസ, ചരക്കുവത്കരണം , പുറന്തള്ളല്‍ , ജാതി മതരാഷ്ട്രവാദം, സ്വത്വം , കല  തുടങ്ങിയ സംജ്ഞകളെ അക്കാദമികമായി സ്പര്‍ശിക്കുമ്പോഴാണ് പ്രസ്തുത വിഷയത്തിന് ഏറെ ദൃശ്യത കൈവരുന്നത്.

Pachakuthira-March 20201969-ലെ തെലങ്കാന സമരം, 1970-ലെ ബീഹാര്‍ വിദ്യാര്‍ഥി സമരം,1980-ലെ ആസാം വിദ്യാര്‍ഥി സമരം,2014-ല്‍ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഹോകോകൊളോറൊബ് സമരം,2015-ലെ പിഞ്ജ്ര തോഡ്, ഒക്കുപ്പൈ യുജിസി സമരം, 2016 ജനുവരിയിലെ രോഹിത് വെമുല സമരം, 2016 ഫെബ്രുവരിയിലെ ആസാദി മുന്നേറ്റം എന്നീ വിദ്യാര്‍ഥി സമരങ്ങള്‍ മുതല്‍ 2020 ഡിസംബറിലെ ഫീസ് വര്‍ധനവിനെതിരേയുള്ള ജെഎന്‍യു സമരവും സിഎഎ വിരുദ്ധ ദേശീയ വിദ്യാര്‍ഥി സമരവുംവരെ എത്തിനില്‍ക്കുന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ ആഖ്യാന ചരിത്രം മേല്‍പറഞ്ഞ സംജ്ഞകളിലൂടെ ഘടനാപരമായും ധര്‍മ്മാധിഷ്ഠിതമായും എങ്ങനെ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു? അവ എങ്ങനെ രാഷ്ട്ര ബന്ധത്തെയും പൊതുബോധത്തെയും മാറ്റിയെടുക്കുന്നു? അവയെക്കുറിച്ചുള്ള പുതിയ സാമൂഹികശാസ്ത്ര ആലോചനകള്‍ എന്തൊക്കെയാവാം? തുടങ്ങിയ ചോദ്യങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കാം.

സര്‍വകലാശാലയുടെ രൂപവും ഉള്ളടക്കവും നിലവിലെ ജ്ഞാനങ്ങളെ വിമര്‍ശനാത്മകമായി പരിശോധിച്ച് ജ്ഞാനോത്പാദനത്തിന്റെ വഴികളെ സുതാര്യമാക്കുന്ന സാമൂഹിക ഇടം എന്ന രീതിയിലാണ് സര്‍വകലാശാല എന്ന പദം സാര്‍വത്രികമായി വിവക്ഷിക്കപ്പെടുന്നത്. പ്രമുഖ സാമൂഹികശാസ്ത്രജ്ഞനായ ജര്‍ഗണ്‍ ഹെബര്‍മാസ് സര്‍വകലാശാലയെ നിരീക്ഷിക്കുന്നത് ജനാധിപത്യരാജ്യത്തിലെ ജനാധിപത്യത്തിന്റെ ഇടം എന്ന രീതിയില്‍തന്നെയാണ്. യൂണിവേഴ്‌സിറ്റികള്‍ ലോകത്ത് വ്യാപിച്ചതിന്റെ ചരിത്രവും ആവിര്‍ഭാവവും അവതമ്മിലുള്ള ആദാന പ്രദാനങ്ങളും ഏറെ ഗവേഷണപരമായ ഭിന്നതകളുള്ളതാണെങ്കിലും അവ നിര്‍മിച്ച വിമര്‍ശനത്തിന്റെ പൊതു ഇടത്തെക്കുറിച്ചുള്ള ചരിത്രബോധമാണ് വിദ്യാര്‍ഥിമുന്നേറ്റങ്ങളിലേക്ക് അവരെ നയിക്കുന്നത്. നിരന്തരം പരസ്പര വിനിമയത്തിലൂടെ കൂട്ടിയും കുറച്ചും നടത്തുന്ന ധൈഷണിക വിനിമയത്തിന്റെ പൊതുമണ്ഡലം എന്ന അര്‍ത്ഥത്തിലാണ് ഹെബര്‍മാസ് തന്റെ  Toward a rational society, science and politics ഗ്രന്ഥത്തില്‍ സര്‍വകലാശാലയെ നിരീക്ഷിക്കുന്നത്. എന്നാല്‍ ഘടനാപരമായി തന്നെ സാമ്പ്രദായിക വിദ്യാഭ്യാസരീതിയില്‍നിന്ന് ഭിന്നമായ രീതിശാസ്ത്രമാണ് സര്‍വകലാശകള്‍ക്കു വേണ്ടതെന്ന് പൗലോ ഫ്രയര്‍ നിരീക്ഷിക്കുന്നുണ്ട്. ഫ്രയര്‍തന്നെ തന്റെ മര്‍ദ്ദിതരുടെ ബോധനശാസ്ത്രം  എന്ന കൃതിയില്‍ സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളെ സൂക്ഷ്മമായി തുറന്നു കാണിക്കുന്നുണ്ട്. മുതലാളിത്ത പ്രത്യയശാസ്ത്രങ്ങളെ നീതികരിക്കാനും പുനരുത്പാദിപ്പിക്കാനുമുള്ള ഭാഷയാണ് സാമ്പ്രദായ ജ്ഞാനോത്പാദന രീതിയിലുള്ളത് എന്ന വാദമായിരുന്നു അദ്ദേഹത്തിന്റേത്. അത്തരം ഉത്പാദന രീതിയെ ബാംങ്കിങ് സിസ്റ്റം എന്നാണ് അദ്ദേഹം വിളിക്കുന്നത്. പ്രസ്തുത സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥി കേവലം നിര്‍വികാരനും ചോദ്യംചെയ്യാതെ എല്ലാം കേള്‍ക്കുന്നവനും കേട്ടത് അപ്പടി വിഴുങ്ങുന്നതുമാത്രമായ ഉപകരണമായിത്തീരുന്നു.

ഇവിടെ മാക്‌സ് വെബര്‍ ബ്യൂറോക്രസിയെക്കുറിച്ച് സൂചിപ്പിച്ച അയേണ്‍ കൈജ് (ഇരുമ്പ് കൂടം) എന്ന പദാവലിയുടെ സവിശേഷത വിദ്യാഭ്യാസത്തിലും പ്രകടമായിരുന്നുവെന്ന് നിരീക്ഷിക്കാവുന്നതാണ്. അതുകൊണ്ട് മര്‍ദ്ദകന്റെ/ബൂര്‍ഷ്വാസിയുടെ സവിശേഷ അധികാരമായിരുന്ന ബോധനശാസ്ത്രത്തെ മര്‍ദ്ദിതന്റെയും ബോധനശാസ്ത്രമായി വിപുലപ്പെടുത്തുക എന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ പ്രത്യക്ഷപ്പെട്ട സര്‍വകലാശാലയുടെ ഘടനയും ഉള്ളടക്കവും.

തുടര്‍ന്നും വായിക്കാം

സി.സാലിഹ് അമ്മിനിക്കാട് എഴുതിയ ” പുതുകാലത്തെ വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍” എന്ന ലേഖനത്തിന്റെ പൂര്‍ണരൂപം മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

Comments are closed.