ദൈവവിഭ്രാന്തിയെ പരിചയപ്പെടുത്തുന്ന ‘നാസ്തികനായ ദൈവം ‘
ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാന്‍ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തില്‍ വിശകലനം നടത്തി പഠനം തയ്യാറാക്കിയത് രവിചന്ദ്രന്‍ സിയാണ്.
പ്രസിദ്ധീകരണത്തിന്റെ ആദ്യവര്‍ഷമായ 2006ല്‍ തന്നെ പതിനഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണ് റിച്ചാഡ് ഡോക്കിന്‍സ് രചിച്ച ദി ഗോഡ് ഡിലൂഷന്‍. ഒരു വായനക്കാരനെന്ന നിലയില്‍ ഡോക്കിന്‍സിന്റെ രചനകളിലൂടെ സി രവിചന്ദ്രന്‍ വിമര്‍ശനബുദ്ധ്യാ കടന്നുപോകുകയാണ് നാസ്തികനായ ദൈവത്തിലൂടെ. ഒപ്പം മറ്റു ചില എഴുത്തുകാരുടെ ദര്‍ശനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. യോജിപ്പുള്ള കാര്യങ്ങളില്‍ പക്ഷം പിടിക്കുകയും അനുബന്ധ ഉദാഹരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി അവയെ അത്യന്തം വായനാക്ഷമമാക്കുകയും ചെയ്തിരിക്കുന്നു രവിചന്ദ്രന്‍.
2009ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നാസ്തികനായ ദൈവം വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ചതും രവിചന്ദ്രന്റെ മറ്റു കൃതികള്‍ പോലെ മാസങ്ങളോളം ബെസ്റ്റ് സെല്ലര്‍ ആയിരുന്നതുമാണ്.
1970 ല്‍ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജിലാണ് രവിചന്ദ്രന്‍ സി ജനിച്ചത്. മുഖത്തല സെന്റ് ജൂഡ് ഹൈസ്‌കൂള്‍, എന്‍ എസ് എസ് കോളജ് കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുള്ള രവിചന്ദ്രന്‍ ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.
Comments are closed.