DCBOOKS
Malayalam News Literature Website

നിത്യപ്രണയത്തിന്റെ ‘നഷ്ടപ്പെട്ട നീലാംബരി’

അവതരണത്തിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. പ്രണയിനിയുടെ വികാരതീഷ്ണത, ബാല്യത്തിന്റെ നിഷ്‌കളങ്കത, മാതൃത്വത്തിന്റെ മഹത്വം, സ്ത്രീയുടെ സഹജമായ നിഷ്‌കളങ്കത, ചാപല്യം എന്നിങ്ങനെയുള്ള വിവിധ ഭാവങ്ങളാണ് മാധവിക്കുട്ടിയുടെ കഥകളില്‍ പ്രതിഫലിക്കുന്നത്. ഓരോ കഥയുടേയും ഭാഷയുടെ നീലാംബരികള്‍ വിടര്‍ത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു. നിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയില്‍ ജ്വലിച്ചു നില്‍ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളെ ആവിഷ്‌ക്കരിക്കുന്ന പതിമൂന്ന് കഥകളാണ് നഷ്ടപ്പെട്ട നീലാംബരിയില്‍.

കൗമാരത്തില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ പ്രണയം തേടി മധുരയിലെത്തുന്ന ഡോക്ടര്‍ സുഭദ്രയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി പറയുന്നത്. മധുര വിട്ട് മദ്രാസില്‍ പഠിച്ചപ്പോഴും പിന്നീട് ഭര്‍ത്താവിനൊപ്പം കോഴിക്കോട്ട് ജീവിച്ചപ്പോഴും മധുര മറക്കാനാവാത്ത ഓര്‍മ്മയായി സുഭദ്രയുടെ മനസ്സില്‍ തങ്ങിനിന്നിരുന്നു. മുല്ലയും പിച്ചകവും ജമന്തിയും മണക്കുന്ന തെരുവുകളില്‍, മധുരമീനാക്ഷി ക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങളില്‍ സുഭദ്ര അന്വേഷിച്ചത് നഷ്ടപ്പെട്ട നീലാംബരിയെ മാത്രമല്ല, സ്വന്തം സ്വത്വത്തെ തന്നെയായിരുന്നു.

മുഖമില്ലാത്ത കപ്പിത്താന്‍, നഗ്നശരീരങ്ങള്‍, മീനാക്ഷിയമ്മയുടെ മരണം, ശസ്ത്രക്രിയ, ജീനിയസിന്റെ ഭാര്യ, അന്ത്യകൂദാശ, പുതിയ ടിവി സെറ്റ്, സഹൃദയര്‍, ചന്ദനച്ചിത, അവശിഷ്ടങ്ങള്‍, റോസിക്കുട്ടി, എന്നെന്നും താര തുടങ്ങി പതിമൂന്ന് കഥകളാണ് ഈ ചെറുകഥാസമാഹാരത്തിലുള്ളത്.

യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്ന കഥാലോകത്തില്‍ സഞ്ചരിച്ച കഥാകാരിയായിരുന്നു മാധവിക്കുട്ടി. സ്‌നേഹത്തിന്റെ വ്യത്യസ്തമുഖങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ പുതിയ നിര്‍വ്വചനങ്ങളുമാണ് അവര്‍ തന്റെ കഥകളിലൂടെ വരച്ചു കാട്ടിയത്.

Comments are closed.