‘നാപാം ഗേള്‍’ കിം ഫുക്കിന് സമാധാനത്തിനുള്ള ഡ്രെസ്ഡണ്‍ പുരസ്‌കാരം
‘ദി ടെറര്‍ ഓഫ് വാര്‍’ എന്ന ഒറ്റചിത്രത്തിലൂടെ 1972-ലെ വിയറ്റ്‌നാം യുദ്ധഭീകരത ലോകത്തിനു മുന്നില്‍ വെളിവാക്കിയ ‘നാപാം ഗേള്‍’ കിം ഫുക്കിന് ജര്‍മ്മനിയില്‍ നിന്ന് സമാധാനത്തിനുള്ള ഡ്രെസ്ഡണ്‍ പുരസ്‌കാരം. പതിനായിരം യൂറോയാണ് പുരസ്‌കാരമായി ലഭിക്കുന്നത്. യുദ്ധം ബാധിച്ച മേഖലകളില്‍ കുട്ടികള്‍ക്കായി ചെയ്യുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കിം ഫുക്കിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന് അവാര്‍ഡ് കമ്മിറ്റി പറഞ്ഞു. കിം ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന സംഘടന വഴി നിരവധി രാജ്യങ്ങളിലേക്ക് സഹായമെത്തുന്നുണ്ട്.
വിയറ്റ്‌നാമില്‍ അമേരിക്കന്‍ ആക്രമണകാലത്ത് നാപാം ബോംബാക്രമണത്തില്‍നിന്നും ഓടി രക്ഷപ്പെടുന്ന കുട്ടികള്‍ക്കൊപ്പം കിം ഫുക് എന്ന ഒന്‍പതുവയസുകാരി ബാലിക വിവസ്ത്രയായി ശരീരത്തരത്തില്‍ തീപ്പൊള്ളലേറ്റ് നിലവിളിച്ചുപായുന്ന രംഗം അസ്സോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന നിക് ഉട്ടാണ് പകര്‍ത്തിയത്. 1972 ജൂണ്‍ എട്ടിന് എടുത്ത ചിത്രം ലോകമാകെ യുദ്ധവെറിക്കെതിരെ പ്രതിഷേധത്തിന്റെ വന്‍ തിരമാലകളാണ് സൃഷ്ടിച്ചത്. പിന്നീട് ഈ ചിത്രത്തിലൂടെ നിക്ക് ഉട്ടിന് പുലിസ്റ്റര്‍ പുരസ്‌കാരവും ലഭിച്ചു. മാത്രമല്ല, നിക്ക് ഉട്ടിന്റെ ഈ ചിത്രം യുദ്ധം അവസാനിപ്പിക്കാന്‍ പ്രേരകമായിരുന്നു.
പൊള്ളലേറ്റ ബാലികയെ നിക്ക് ഉട്ടും ക്രിസ്റ്റഫര്‍ വെയ്ന്‍ എന്ന പത്രപ്രവര്‍ത്തകനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കിം 14 മാസത്തോളം ചികിത്സയിലായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരികെയെത്തിയ കിം കാനഡയിലേക്ക് കുടിയേറുകയായിരുന്നു. 55 വയസ്സുകാരിയായ കിം ഫുക് ഇപ്പോള്‍ യുദ്ധവിരുദ്ധ പ്രചാരണങ്ങളിലും കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമാണ്.
Comments are closed.