DCBOOKS
Malayalam News Literature Website

‘നമ്മെ വിഴുങ്ങുന്ന മൗനം’; നടന്‍ പ്രകാശ് രാജിന്റെ ലേഖനസമാഹാരം

അഭിനേതാവെന്നതിലുപരി തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരമാണ് ‘നമ്മെ വിഴുങ്ങുന്ന മൗനം’ എന്ന കൃതി. തന്റെ ജീവിതയാത്രയില്‍ നേരിടേണ്ടി വന്ന അറിവനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. തന്റെ കാഴ്ചപ്പാടുകളെ അദ്ദേഹം വായനക്കാര്‍ക്കായി തുറന്നുകാട്ടുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതില്‍ പ്രതികരിക്കാനാകാത്ത മൗനത്തെ കുറിച്ചും അദ്ദേഹം ഈ പുസ്തകത്തില്‍ കുറിയ്ക്കുന്നു.

സമകാലിക ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ വളരെയധികം പ്രസക്തമാണ് പ്രകാശ് രാജിന്റെ ഈ കൃതി. വെറുപ്പിന്റെ രാഷ്ട്രീയത്തിനു നേരെ വിരല്‍ ചൂണ്ടുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നാമേവരും വായിച്ചിരിക്കേണ്ടതാണ്. ഡി. സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത് സുധാകരന്‍ രാമന്തളിയാണ്.

പ്രകാശ് രാജ് പുസ്തകത്തിന്റെ ആമുഖമായി എഴുതുന്നു…

“എന്റെ ജീവിതത്തിലെ പല യാത്രകള്‍ എങ്ങുനിന്നോ ആരംഭിച്ച് എങ്ങോ എത്തിനില്‍ക്കുന്നു. തിരക്കേറിയ മെട്രോ സ്‌റ്റേഷനില്‍ നമ്മളറിയാതെ കയറുന്നവര്‍ നമ്മളെയും വണ്ടിയില്‍ കയറ്റി എവിടെയോ ഒരിടത്ത് ഇറക്കി, നന്ദിയൊന്നും പ്രതീക്ഷിക്കാതെ തന്നെ പുറപ്പെട്ടു പോകുന്നു. അത്തരം യാത്രയാണ് ഇതും. എന്റെ യാത്രകള്‍ ഞാന്‍ തീരുമാനിക്കുന്നു എന്നതിനെക്കാള്‍ പലപ്പോഴും എന്റെ യാത്രകള്‍ തന്നെ എന്റെ ജീവിതത്തെ തീരുമാനിക്കുകയാണ്. ഈ ലേഖനസമാഹാരവും ഇതുപോലൊരു പ്രയാണംതന്നെ. എനിക്കു മുഖപരിചയമില്ലാത്ത എന്റെ വായനക്കാര്‍ തന്നെയാണ് ഈ യാത്രയില്‍ എന്റെ കരുത്ത്. ഓടക്കുഴല്‍ വായിക്കുന്ന കലാകാരനെക്കാള്‍ അതുകേട്ട് ആനന്ദിക്കുന്ന ആസ്വാദകരാണ് എല്ലാ അനുഭവങ്ങളെയും ആവാഹിച്ചു കൊണ്ടുപോവുക. ഉയരത്തില്‍ നിന്നു നോക്കുമ്പോള്‍ എല്ലാം ചെറുതായി കാണപ്പെടുന്നു. കുഴിയിലിറങ്ങി തലയുയര്‍ത്തി മുകളിലേക്ക് നോക്കുമ്പോള്‍ കണ്ണില്‍പ്പെടുന്നതൊക്കെയും ദൈത്യാകാരമായി തോന്നും. എവിടെ നിന്നുകൊണ്ടാണ് ജീവിതത്തെ വീക്ഷിക്കുന്നത് എന്നതത്രേ മുഖ്യം.ഞാന്‍ ഏറെ മുകളില്‍ നിന്നുതന്നെ എല്ലാം കണ്ടു. പക്ഷെ, ഉറപ്പായും ആ ഉയരം ഏന്റേതല്ല. ഉത്സവത്തിനു പോകുമ്പോള്‍ അച്ഛന്റെ ചുമലിലേറി ഇരിയ്ക്കുന്ന കുട്ടിക്കു പെട്ടെന്നു ഈശ്വരദര്‍ശനം കിട്ടുന്നു. ഞാന്‍ അനേകം ചുമലുകളില്‍ കയറിയിരുന്ന് ജീവിതത്തെ നോക്കിക്കണ്ടവനാണ്. സാഹിത്യം, നാടകം, സിനിമ, ഭാഷകള്‍, എന്റെ ജീവിതത്തിലെ സഹയാത്രക്കാരായ സ്‌നേഹിതന്‍മാരും സ്‌നേഹിതകളും, ബന്ധങ്ങള്‍- ഇങ്ങനെ ഒരു വലിയ പട്ടികയുണ്ട്. എല്ലാവര്‍ക്കും നന്ദി.

ഇനിയും തീര്‍ന്നിട്ടില്ലാത്ത ഈ യാത്രയുടെ സുദീര്‍ഘമായ വഴിയിലെ ചില ഓര്‍മ്മകള്‍ നിങ്ങളുടെ മുമ്പില്‍ വെക്കുകയാണ്. വായനയുടെ സുഖം അറിയാമായിരുന്നു. എഴുത്തിന്റെ സുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അത് ഇത്രയേറെ തീവ്രമായിരിക്കുമെന്നും തളര്‍ത്തുന്നതായിരിക്കുമെന്നും അറിയില്ലായിരുന്നു. അനുഭവിച്ചതിനെ അക്ഷരങ്ങളില്‍ക്കൂടി ഇനിയൊരിക്കല്‍ക്കൂടി അനുഭവിച്ചുകൊണ്ടേ പോകുന്നതിന്റെ ആഹ്ലാദം ഒന്നുവേറെ തന്നെ…”

Comments are closed.