വർഷങ്ങളുടെ കണക്ക് കൂട്ടലുകൾ നടത്തിയ ഒരു ക്രിമിനലിന്റെ കണക്കും കഥയും!
ഒരു പെരുമഴയുള്ള സന്ധ്യയില്‍ ഒഴുകി എത്തുന്ന ഒരു തല, ഏതോ രാത്രിയില്‍ അപകടത്തില്‍ പെട്ട് മരിക്കുന്ന രണ്ട് പേര്‍, നാട്ടില്‍ നിന്നും കാണാതായ ഒരു ഭാര്യയും ഭര്‍ത്താവും, വര്‍ഷങ്ങള്‍ക്ക് ശേഷം ഒഴുകി എത്തുന്ന തലയില്ലാത്ത ഒരു സ്ത്രീ ശരീരം… അങ്ങനെ ഒരു ജിഗ്‌സോ പസില്‍ പോലെ ഒരുപാട് സംഭവങ്ങള്‍… ഇതൊക്കെ നമുക്ക് മുന്നിലേക്ക് എഴുതി വെച്ച ഒരു കുറ്റാന്വേഷകന്റെ ഡയറി. ആ പസില്‍ പൂരിപ്പിച്ച് തീരും മുമ്പേ മരിച്ചു വീഴുന്ന ഉദ്യോഗസ്ഥന്‍. ഒടുവില്‍ ആ പസില്‍ പൂരിപ്പിച്ച് തീരുമ്പോള്‍ ബാക്കിയായത് വര്‍ഷങ്ങള്‍ കാത്തിരുന്ന സമര്‍ത്ഥനായ ഒരു കൊലയാളിയുടെ കൊലച്ചിരി.
തന്റെ കേസ് അന്വേഷണങ്ങള്‍ കുറിച്ചിടുന്ന അന്വേഷകന്‍ മോഹന്‍ദാസിന്റെ ഡയറി കുറിപ്പുകളിലൂടെ ആണ് ജൈസന്‍, ദിനേശന്‍, ദീപന്‍, നാസര്‍ എന്നീ നാല്‍വര്‍ സംഘം നമ്മുടെ മുന്നില്‍ എത്തുന്നത്. കാണാതാകുന്ന തങ്കച്ചന്‍ ത്രേസ്യാമ്മ ദമ്പതികള്‍ കൂടെ കുറേ മരണ കണക്കുകളും അവര്‍ക്കൊപ്പം ചേരുന്നു. എല്ലാത്തിനും ഉത്തരം പറഞ്ഞ് തീര്‍ക്കും മുമ്പേ മോഹന്‍ദാസ് വെടിയേറ്റ് മരിക്കുന്നു. ഒടുവില്‍ അയാളുടെ ബാക്കി ഡയറി അന്വേഷിച്ച് നടക്കുന്നത് രഞ്ജന്‍ ആണോ അതോ നമ്മള്‍ ആണോ? രഞ്ജനെക്കള്‍ ആ ഉത്തരങ്ങള്‍ കാത്തിരിക്കുന്നത് ഞാനും നിങ്ങളും എന്ന വായനക്കാര്‍ അല്ലേ? അയാള് എഴുതി വെച്ച ഉത്തരങ്ങള്‍ എന്തായിരുന്നു എന്നറിയാന്‍… തലയില്ലാത്ത ഉടലും ഉടലില്ലാത്ത തലയും പറയുന്ന കഥയും ചോദ്യവും മനസ്സിലാക്കണം. ആ കണക്കും കഥയും അറിയാന്‍ വായിച്ച് നോക്കൂ നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക്. ഈ കണക്കുകള്‍ വര്‍ഷങ്ങളുടെ കണക്ക് കൂട്ടലുകള്‍ നടത്തിയ ഒരു ക്രിമിനലിന്റെ ആണ്, അത് കൊണ്ട് നിങ്ങള്‍ നിരാശപ്പെടെണ്ടി വരില്ല.
Comments are closed.