കൊലപാതക രഹസ്യങ്ങൾ തേടിയുള്ള കുറ്റാന്വേഷകന്റെ ഹരം പിടിപ്പിക്കുന്ന യാത്രകൾ
ശ്രീജേഷ് ടി പി എഴുതിയ ‘നാൽവർ സംഘത്തിലെ മരണക്കണക്ക്’ എന്ന പുസ്തകത്തിന് ജിയോ ജോർജ് എഴുതിയ വായനാക്കുറിപ്പ്
കൊലപാതകരഹസ്യങ്ങൾ തേടിയുള്ള കുറ്റാന്വേഷകന്റെ യാത്രകൾ വായനക്കാരെ ഹരം പിടിപ്പിക്കുന്നതാണ്. തോരാമഴപോലെ കുറ്റാന്വേഷണനോവലുകൾ അടിച്ചിറങ്ങുന്ന ഈ കാലഘട്ടത്തിൽ അവയിൽ എത്രയെണ്ണം ഓർമ്മയിൽ തങ്ങിനിൽക്കും എന്നതൊരു ചോദ്യചിഹ്നമാണ്. പറഞ്ഞുപഴകിയ പ്ലോട്ടാണെങ്കിൽപ്പോലും അവതരണത്തിലും, ആഖ്യാനത്തിലും കൊണ്ടുവരുന്ന പുതുമയാൽ നല്ല റീഡബിളിറ്റി നൽകുന്നവയാണ് ഈ ഴോണറിൽ വരുന്ന മിക്ക കഥകളും നോവലുകളും. ഡിസി ബുക്സിന്റെ അപ്മാർക്കറ്റ് ഫിക്ഷനിൽ അടുത്തിടെ പുറത്തിറങ്ങിയ ശ്രീജേഷ് ടി. പി യുടെ ‘ നാൽവർ സംഘത്തിലെ മരണക്കണക്ക് ‘ എന്ന നോവൽ ഇത്തരത്തിൽ റീഡബിളിറ്റി നൽകുന്ന നോവലാണ്.
നല്ല മഴയുള്ള ജൂൺ മാസം ഗ്രാമത്തിലെ പുഴയിൽ ഒരു തല ഒഴുകിയെത്തുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും അതാവർത്തിക്കുന്നു. അതോടൊപ്പം ദൂരൂഹതയുണർത്തുന്ന ചില മരണങ്ങളും സംഭവിക്കുന്നു. എന്തായിരുന്നു അതിന്റെയെല്ലാം മൂലകാരണം? ആരായിരുന്നു ഇതിന് പിന്നിൽ? അതിനെല്ലാമുള്ള ഉത്തരമാണ് ‘നാൽവർ സംഘത്തിന്റെ മരണക്കണക്ക്.’
കുറ്റാന്വേഷണനോവലുകളിലും, സിനിമകളിലും പൊതുവായി കണ്ടുവരുന്ന കൊലപാതകം, അന്വേഷണം, തെളിവുകണ്ടെത്തൽ, പ്രതിയെ പിടിക്കൽ ഇവയൊക്കെത്തന്നെയാണ്നാ ൽവർ സംഘത്തിന്റെ മരണക്കണക്കിന്റെയും ഇതിവൃത്തം. ഇതിലെന്താണ് ഇത്ര പുതുമ? പുതുമ പ്ലോട്ടിൽ അല്ല അവതരണത്തിലാണ്. ആ അവതരണമാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു. ഒരു പോലീസ് ഓഫീസറുടെ വീഷണകോണിൽനിന്നുള്ള കഥപറച്ചിലിൽ മുഷിപ്പിക്കുന്ന ഒരു വരിപോലും ഇല്ലെന്നത് ശ്രദ്ധേയമാണ്. ലളിതമായ ഒരു പ്ലോട്ടിനെ അതിന് അനുയോജ്യമായ ഭാഷയുടെ അകമ്പടിയോടെ ആദ്യ നോവലിൽത്തന്നെ ശ്രീജേഷ് ടി പിക്ക് അവതരിപ്പിക്കാനായത് ഒരു ശുഭസൂചനയാണ്. വമ്പൻ ബ്രില്യൻസുകളോ, അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളോ ഇല്ലാതെ കേവലം അവതരണമികവിലൂടെ വായനക്കാരനെ തൃപ്തിപ്പെടുത്താനുള്ള എഴുത്തുകാരന്റെ കഴിവിന് ഫുൾ മാർക്ക്.
കുറ്റവാളിയെന്ന് ഉറപ്പുള്ളയാൾ ലൂപ്പ്ഹോളുകളിലൂടെയും, വാലിഡായ തെളിവുകളുടെയും അഭാവത്തിൽ ഊരിപോകുന്ന നിയമസംവിധാനത്തിന്റെ കഴിവുകേടിനെ പ്രത്യക്ഷമായിത്തന്നെ പരാമർശിക്കുന്നുണ്ട്. കുറ്റാന്വേഷണ ലേബൽ ഒട്ടിക്കാതെതന്നെ ആ ഴോണറിനോട് നീതി പുലർത്തിയ രചനയാണ് നാൽവർ സംഘത്തിന്റെ മരണക്കണക്ക്.
Comments are closed.