DCBOOKS
Malayalam News Literature Website

ഒരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന കഥ!

ശ്രീജേഷ് ടി പി എഴുതിയ “നാൽവർ സംഘത്തിലെ മരണക്കണക്ക്” എന്ന നോവലിന്  ഹരികൃഷ്ണൻ രവീന്ദ്രൻ  എഴുതിയ വായനാനുഭവം 

പൗർണമി ദിനത്തിൽ തെളിയുന്ന പൂർണ്ണ ചന്ദ്രനെ പോലെ തെളിച്ചമുള്ളതും മനോഹരവുമായ ഭാഷയിൽ, ഒരു നാടിനെ പിടിച്ചുലച്ച വർഷങ്ങളുടെ ഇടവേളയിൽ നടന്ന തിരോധാനങ്ങളുടെയും മരണങ്ങളുടെയും ചുരുളുകൾ അഴിക്കുന്ന വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന നോവലാണ് ശ്രീജേഷ് ടി പി എഴുതിയ “നാൽവർ സംഘത്തിലെ മരണക്കണക്ക്” എന്ന പുതിയ നോവൽ. കൊലപാതകത്തിൻ്റെയും കണ്ടെത്തലുകളുടെയും രണ്ട് വഴികളിൽ കൂടിയുള്ള കാഴ്ച്ചകൾക്കാണീ നോവൽ വേദിയൊരുക്കുന്നത്..ആദ്യ വഴി അവസാനം തേടിയുള്ള അന്വഷകൻ്റെയാണെങ്കിൽ,രണ്ടാമത്തേത്ത് വഴികളിൽ യാതൊരു വിധ സൂചനകളും അവശേഷിക്കാതെ ഒളിഞ്ഞിരുന്ന കുറ്റവാളിയുടേതാണ്. കുറ്റാനേഷ്വണ നോവലുകളിലെ തീർത്തും പുതുമയുള്ളൊരു വായനനാനുഭവം സമ്മാനിക്കുന്ന നോവൽ പുതു കഥനരീതികളും അവതരിപ്പിക്കുന്നു…!

Textഒരു ഗ്രാമപ്രദേശത്തെ ചുറ്റുപറ്റി നടക്കുന്ന കഥ..ആ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒഴുകി വന്ന ഒരു മനുഷ്യന്റെ തല, സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് മനസ്സിലാകും മുന്നേ അപ്രത്യക്ഷമാകുന്നു. വർഷങ്ങൾക്ക് ശേഷം അതേ പുഴയിലൂടെ ഒഴുകി വരുന്ന തലയില്ലാത്ത ഒരു സ്ത്രീയുടെ ശരീരം. ഈ വർഷങ്ങൾക്കിടയിൽ സംഭവിച്ച മറ്റ് അപകടമരണങ്ങൾ. കുഴപ്പം പിടിച്ച ഈ മരണങ്ങളുടെ നിഗൂഡതയുടെ മറ നീക്കി ചുരുളഴിക്കാൻ ചുമതലപ്പെട്ട പോലീസുദ്യോഗസ്ഥൻ,അയാളുടെ അന്വേഷണങ്ങൾ,കണ്ടെത്തലുകൾ എല്ലാം അയാളുടെ ഡയറി കുറിപ്പുകളിൽ രേഖപ്പെടുത്തിയ രഹസ്യങ്ങളായി കാലം ചെയ്ത് പോകുന്നതിന് മുന്നേ വീണ്ടെടുത്ത് അയാളുടെ തന്നെ കാഴ്ച്ചപ്പാടിൽ കാണിച്ച് തരുന്നു. ഒത്ത എതിരാളി എന്ന നിലയിൽ യഥാർത്ഥ കുറ്റവാളിയും നേർക്ക് നേർ നിന്ന് അയാളുടെ കാഴ്ച്ചപ്പാടിലും കഥ പറയുമ്പോൾ സിനിമകളിൽ കാണുന്ന പോലെ ഒരേ രംഗം തന്നെ പല കോണുകളിൽ നിന്ന് കാണിച്ച് തന്ന് കറുപ്പും വെളുപ്പും വേർതിരിക്കുന്നു. മൃതദേഹങ്ങളുടെ അവസ്ഥാന്തരങ്ങൾ ഭയാനകമാണെങ്കിലും നമ്മുടെ നാട്ടിൽ ദിവസേന ഇപ്പോൾ കേൾക്കുന്നതും കാണുന്നതുമായ വാർത്തകൾ വച്ച് നോക്കുമ്പോൾ നടക്കുന്ന നടുക്കുന്ന സംഭവങ്ങൾ തന്നെയാണ് പലവിധമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അരുംകൊലകൾ. പണത്തിന് വേണ്ടിയോ അധികാരത്തിന് വേണ്ടിയോ പ്രതികാരത്തിൻ്റെയോ തെറ്റിദ്ധാരണയുടെ പേരിലോ എങ്ങനെയുമാകാമത്. തെളിഞ്ഞവയെക്കാൾ ചിലപ്പോൾ എത്രയോ ഉണ്ടാകാം മറഞ്ഞിരിക്കുന്നവ.!!!

നല്ല ഒഴുക്കുള്ള ഭാഷയും, കൈയടക്കമുള്ള ഭാഷാപ്രയോഗങ്ങളും, ആകാംക്ഷാപൂർവമായ വായനക്കിടയിലും ചെറു കാര്യങ്ങളുടെ പോലും ആകർഷകമായ ഉപമകളും, കേസ് അന്വഷണത്തിലെ സംഭവങ്ങളുടെ ആധികാരികതയും, സാഹിത്യത്തിൻ്റെ അതിപ്രസരണമില്ലാതെ വലിച്ച് നീട്ടലുകളില്ലാതെ 150 താളുകളിൽ ഒരു വിസ്മയയാത്ര തന്നെ ഒരുക്കുന്നു ശ്രീജേഷ് തൻ്റെ നോവലിലൂടെ. ഒരു തുടക്കക്കാരന് ഉണ്ടാകാവുന്ന ചെറു തെറ്റുകൾ സുഗമമായ വായനക്കിടയിൽ പൊറുക്കാവുന്നതാണ്. ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ തക്കവണ്ണം രൂപപ്പെടുത്തിയ ഈ പരീക്ഷണ കുറ്റാനേഷ്വണ നോവലിലൂടെ, തൻ്റെ ഉദ്യമത്തിൽ ശ്രീജേഷ് ടിപി ഉയർന്ന മാർക്കോടെ പാസായി എന്ന് തന്നെ ഉറപ്പിച്ച് പറയാം. വായനക്കായി ചിലവാക്കുന്ന സമയം നഷ്ടമാകില്ല, നിരാശ സമ്മാനിക്കാത്ത കൊടും ഭീകരരായ ഈ നാൽവർ സംഘവും, ആകാംക്ഷയുടെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന അവരുടെ മരണക്കണക്കും….!!!

നിങ്ങളുടെ കോപ്പി  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.