രാമായണ മാസാചരണം; പുണ്യംതേടി നാലമ്പല ദര്‍ശനം
രാമായണ മാസത്തിന്‍റെ പുണ്യം തേടി നാലമ്പല ദര്‍ശനത്തിന് തുടക്കമായി. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്‍മാരെ വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തരെ സ്വീകരിക്കാന്‍ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമ സഹോദരങ്ങളുടെ പ്രതിഷ്‌ഠയുള്ള തൃപ്രയാര്‍, ഇരിങ്ങാലക്കുട , മൂഴിക്കുളം ,പായമ്മല്‍ ക്ഷേത്രങ്ങളിലായാണ് നാലമ്പല ദര്‍ശനം നടക്കുന്നത്. കര്‍ക്കിട മാസത്തില്‍ ഒരേ ദിവസം നാല് ക്ഷേത്രങ്ങളിലും തൊഴുതാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുത ശേഷം ഉഷപൂജയ്‌ക്ക് മുമ്പ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രത്തിലെത്തണം. തുടര്‍ന്ന് ഉച്ചയ്‍ക്ക് മുമ്പ് മൂഴിക്കുളത്തെ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്‍ന ക്ഷേത്രത്തിലും ദര്‍ശനം പൂര്‍ത്തിയാക്കി തൃപ്രയാറില്‍ മടങ്ങിയെത്തുന്നതോടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകും.
എറണാകുളം-കോട്ടയം ജില്ലകളിലായുള്ള തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഭരതപ്പള്ളി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയും നാലമ്പല ദര്‍ശനത്തിന് പ്രസിദ്ധമാണ്. അതുപോലെ കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയും കര്‍ക്കിടക മാസത്തില്‍ തീര്‍ത്ഥാടകരുടെ നാലമ്പല ദര്‍ശനത്തിന്റെ ഭാഗമാകാറുണ്ട്.
ദ്വാപര യുഗത്തില്‍ ശ്രീകൃഷ്‍ണന്‍ പൂജിച്ചിരുന്ന വിഗ്രങ്ങള്‍ ക്ഷേത്രം സ്ഥാനികള്‍ക്ക് ലഭിച്ചുവെന്നും ഇത് പിന്നീട് നാലിടത്തായി പ്രതിഷ്‌ഠിച്ചുവെന്നാണ് ഐതിഹ്യം. കര്‍ക്കിടക പുലരിയില്‍ നാലമ്പല ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. ഭക്തജനങ്ങള്‍ക്കായി ക്ഷേത്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകളും നടത്തും.
Comments are closed.