‘നായര്‍ മേധാവിത്വത്തിന്റെ പതനം’; ഒരു കാലഘട്ടത്തിന്റെ ചരിത്രം
ആധുനിക കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതിയാണ് റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനം. അനേക നൂറ്റാണ്ടുകാലം നായന്മാര്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ മണ്ഡലങ്ങളില്‍ പുലര്‍ത്തിയിരുന്ന പ്രാബല്യത്തിനും മരുമക്കത്തായ സമ്പ്രദായത്തിനും എങ്ങനെ ശൈഥില്യവും അധഃപതനവും സംഭവിച്ചു എന്ന അന്വേഷണമാണ് ഈ ഗ്രന്ഥത്തിന്റെ കേന്ദ്രവിഷയം.1847 മുതല്‍ 1908 വരെ തിരുവിതാംകൂറില്‍ നടന്ന സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെയും പരിവര്‍ത്തനങ്ങളെയും ആസ്പദമാക്കിയാണ് ഈ പഠനം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗമനം, മതപ്രചരണം, പാശ്ചാത്യവിദ്യാഭ്യാസം, ബ്രിട്ടീഷ് ആധിപത്യം, നാണയ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം എന്നിവ സാമൂഹികതലത്തിലും ഭരണതലത്തിലും വരുത്തിയ മാറ്റങ്ങള്‍ ഇതില്‍ വിവരിക്കുന്നു.
ഒരു സമുദായത്തിന്റെ പരിവര്‍ത്തനം മാത്രമല്ല, റോബിന്‍ ജെഫ്രി എന്ന പണ്ഡിതന്‍ വായനക്കാര്‍ക്കു മുന്‍പാകെ അവതരിപ്പിച്ചിരിക്കുന്നത്. മറിച്ച്, അന്നേവരെ നിലനിന്നിരുന്ന സകല സമവാക്യങ്ങളെയും തിരുത്തിക്കൊണ്ടുള്ള കേരളദേശത്തിന്റെ സമൂലമായ മാറ്റത്തെയാണ്. കേരളചരിത്രത്തിന്റെ ഇരുള്‍വീണുകിടക്കുന്ന ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂര്‍വ്വവും അനന്യവുമായ ഈ ഗ്രന്ഥം ചരിത്രാന്വേഷികള്‍ക്കും വായനാപ്രേമികള്‍ക്കും എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും.
പ്രസ്തുത കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ നടന്ന ചെറുതും വലുതുമായ മിക്കവാറും എല്ലാ സംഭവങ്ങളും വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച ശേഷമാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതു നായന്മാരുടെ ചരിത്രമല്ല, അതിവേഗം പരിവര്‍ത്തനവിധേയമായ ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രമാണ്. പുതുപ്പള്ളി രാഘവനും എം.എസ് ചന്ദ്രശേഖര വാരിയരും ചേര്‍ന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്ന ഈ കൃതി ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ ആറാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.