ഉദ്വേഗജനകമായ സിനിമാറ്റിക് നോവല്‍
ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ചുചെറുപ്പക്കാര്‍’ എന്ന നോവലിന് അര്‍ജുന്‍ ഗിരിജ ശര്‍മ്മ എഴുതിയ വായനാനുഭവം
ഇന്ദുഗോപന്റെ ‘മുതലലായനി’എന്ന നോവല് വായിച്ചതിനുശേഷം അടുത്ത പുസ്തകം ഏതാവണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു സഹപ്രവർത്തകൻ വഴി ഇന്ദുഗോപന്റെ തന്നെ “നാലഞ്ചു ചെറുപ്പക്കാർ” എന്ന പുസ്തകത്തെ കുറിച്ച് അറിയുന്നത്. ഉടനെ തന്നെ സിനിമയാകാൻ പോകുന്ന പുസ്തകമാണത് എന്നതുകൊണ്ട് ആ പുസ്തകം വായിക്കാൻ ഒരാവേശം തോന്നി, വാങ്ങി, വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ ഇതൊരു അസ്സൽ സിനിമാറ്റിക് നോവലായി തന്നെയാണ് തോന്നിയത്. എന്തുകൊണ്ടും നല്ല ഒരു സിനിമയാക്കാൻ പറ്റുന്ന, ത്രില്ലര് സ്വഭാവമുള്ള, അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാന് സാധിക്കാത്തതരം ആഖ്യാന ശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ ഇഷ്ടമായ, എന്നാല് തെല്ലൊന്നത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം മുതലലായനിയും നാലഞ്ചു ചെറുപ്പക്കാരും 2 വിഭിന്ന തലങ്ങളില് നില്ക്കുന്ന പുസ്തകങ്ങളാണ് എന്നതാണ്. ആഖ്യാനശൈലിയാകട്ടെ, കഥാപാത്ര നിർമ്മിതിയാകട്ടെ രണ്ടും ഒരാളുടെ സൃഷ്ടിയാണെന്ന് മനസിലാക്കാനാവാത്തവിധമാണ്.
പുസ്തകത്തിലേക്ക് വന്നാല് കൊല്ലം കടപ്പുറത്തെ ഒരു വിവാഹത്തിന് മുന്കൂറായെടുത്ത സ്വര്ണം കല്യാണത്തലേന്ന് വസൂലാക്കാന് വേണ്ടി അവിടെയെത്തുന്ന ജൂവലറി പ്രതിനിധിയായ അജേഷിന് പിരിവ് കുറഞ്ഞതിനാല് അതു സാധിക്കാതെ വരുന്നതും തുടര്ന്ന് അതിനായി ഏതറ്റം വരെയും പോകുന്ന സ്വഭാവമുള്ള അയാള് സഞ്ചരിക്കുന്ന വഴികളുമാണ് കഥാഗതി. കടപ്പാക്കട ശ്രീലക്ഷ്മി ലോഡ്ജില് താമസിക്കുന്ന, എണ്ണം എത്രയെന്ന് കൃത്യമായി വ്യക്തമാകാത്ത നാലഞ്ചു ചെറുപ്പക്കാര് അജേഷിന്റെ ഈ സാഹസിക സഞ്ചാരത്തിന് പലപ്പോഴും മൂകമെങ്കിലും സാക്ഷികളാണ്. മുന്നോട്ടുപോകുന്തോറും കഥാപാത്രങ്ങളുടെ സ്വഭാവങ്ങളെല്ലാം തന്നെ മാറുന്നതായും അതിനൊപ്പം കഥാപാത്രങ്ങളോടുള്ള വായനക്കാരന്റെ ആദ്യത്തെ കാഴ്ചപ്പാടും മാറുന്നതായും കാണാം. അജേഷിനെക്കൂടാതെ കല്യാണപ്പെണ്ണ്, സഹോദരനായ ടെറര് ബ്രൂണോ, അമ്മ, കല്യാണച്ചെക്കൻ മരിയാനോ, എന്നിങ്ങനെ പളളീലച്ചന് വരെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും കഥയുടെ ഏതെങ്കിലുമൊരു ഘട്ടത്തില് നിസ്സഹായരാകുന്നുണ്ട്. പ്രതിബന്ധങ്ങൾ വളരെയുണ്ടെങ്കിലും, എതിരെ നിൽക്കുന്നവർ വളരെ ശക്തരാണെങ്കിലും സ്വന്തം ശരീരത്തിൽ നിന്ന് ജീവൻ പോയാലല്ലാതെ സ്വർണം വാങ്ങാതെ മടങ്ങില്ല എന്നുപറഞ്ഞ് നടക്കുന്ന അജേഷിന്റെ മനോവ്യാപാരം നമുക്ക് മനസ്സിലാകാത്ത തരത്തിലുള്ളതും, കൂടാതെ അവൻറെ ആത്മവിശ്വാസവും എടുത്തു പറയേണ്ട ഒന്നുമാണ്. വളരെയധികം ഉദ്വേഗം ജനിപ്പിക്കുന്ന കഥാസന്ദർഭങ്ങളിലൂടെ കടന്നുപോയതിനു ശേഷം നമ്മൾ വിചാരിക്കാത്ത ഒരു സ്ഥലത്ത്, വിചാരിക്കാത്ത ഒരു രീതിയിലാണ് ഈ നോവൽ അവസാനിക്കുന്നത്. ഒരു ത്രില്ലർ സിനിമയിലെ ക്ലൈമാക്സ് പോലെ തന്നെ വളരെയധികം സസ്പെൻസ് ഉൾക്കൊള്ളുന്നതാണ് ഈ നോവലിന്റെ ക്ലൈമാക്സ് അഥവാ അവസാനം.
നോവലിസ്റ്റ് കൊല്ലംകാരനായതുകൊണ്ടുതന്നെ ഇതിലെ പല സ്ഥലങ്ങളും, അവിടുത്തെ ആളുകളുടെ സ്വഭാവവും യഥാർത്ഥ ജീവിതത്തിൽ കാണാൻ പറ്റുന്നതാണ്. നോവൽ വായിച്ചു തുടങ്ങുമ്പോൾ മുതൽ ഇതിൻറെ അവസാനം വരെ അതിൻറെ ഉദ്വേഗം നിലനിർത്താൻ നോവലിസ്റ്റിന് കഴിഞ്ഞു എന്ന് വേണം കരുതാൻ. വായിച്ചുതുടങ്ങിയാൽ അവസാനം വരെ ഒറ്റയിരുപ്പിൽ തീർക്കാൻ പറ്റുന്ന “നാലഞ്ചു ചെറുപ്പക്കാരെ” ഒന്നു പരിചയപ്പെടേണ്ടതു തന്നെയാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.