DCBOOKS
Malayalam News Literature Website

ഇത് ആവിഷ്‌കാരസ്വാതന്ത്ര്യമല്ല, ഇത്തിള്‍ക്കണ്ണി കൃഷി: എന്‍.എസ് മാധവന്‍

കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘കിത്താബ് ‘ എന്ന നാടകം വിവാദമായ പശ്ചാത്തലത്തില്‍ കഥാകൃത്ത് ഉണ്ണി ആറിന് പിന്തുണയുമായി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. രചയിതാവിന്റെ അറിവോ സമ്മതമോ കൂടാതെയാണ് നാടകം അവതരിപ്പിച്ചത്. കഥയുടെ രാഷ്ട്രീയം പൂര്‍ണ്ണമായി ചോര്‍ത്തിക്കളഞ്ഞ് പകരം ഇസ്‌ലാം ഭയം കുത്തിനിറച്ച നാടകം തന്റേതല്ലെന്ന് ഉണ്ണി ആര്‍ അസന്നിഗ്ധമായി പറയുകയായിരുന്നു. ഇതിനു മുമ്പും സാഹിത്യകാരന്‍മാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം നിയമനടപടികളിലൂടെയാണ് ഈ വിഷയത്തിന് പരിഹാരം കണ്ടതെന്നും എന്‍.എസ്.മാധവന്‍ സൂചിപ്പിക്കുന്നു. എഴുത്തുകാരെ ഇരുട്ടില്‍ നിര്‍ത്തി അവരുടെ കൃതികളിലൂടെ ആരെങ്കിലും അവരുടെ സര്‍ഗാത്മകത തുറന്നുവിടുകയാണെങ്കില്‍ അതിനെ ആവിഷ്‌കാരസ്വാതന്ത്ര്യമെന്നല്ല, പകരം ഇത്തിള്‍ക്കണ്ണി കൃഷിയെന്നാണ് വിളിയ്‌ക്കേണ്ടതെന്ന് എന്‍.എസ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു.

ഉണ്ണി ആര്‍ രചിച്ച വാങ്കിന്റെ സ്വതന്ത്രാവിഷ്‌കാരമെന്ന് അവകാശപ്പെട്ട് റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത കിത്താബ് എന്ന നാടകം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഒരുവിഭാഗം ആളുകള്‍ രംഗത്തുവന്നിരുന്നു.

എന്‍.എസ് മാധവന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

ഉണ്ണി. ആറിന്റെ പ്രശസ്ത കഥയായ ‘വാങ്ക്‘ ഒരു കൂട്ടര്‍ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ, ‘കിത്താബ്’ എന്ന പേരില്‍ നാടകമാക്കി ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ അവതരിപ്പിച്ചു. തന്റെ കഥയുടെ രാഷ്ട്രീയം പൂര്‍ണമായി ചോര്‍ത്തിക്കളഞ്ഞ്, പകരം ‘ഇസ്‌ലാംഭയം’ കുത്തിനിറച്ചതായി കഥാകൃത്തിനു തോന്നി. ആ നാടകം തന്റേതല്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു

ഇത് ആദ്യമായിട്ടല്ല നടക്കുന്നത്. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഒരു കൂട്ടര്‍ വിജയന്റെ അനന്തരാവകാശികളില്‍ നിന്നു സമ്മതം വാങ്ങാതെ നാടകമാക്കി വിജയകരമായി അവതരിപ്പിച്ചു. മഹത്തായ സാഹിത്യകൃതികളെ സമകാലികരുചികള്‍ക്കും രാഷ്ട്രീയത്തിനും അനുസൃതമായി വളച്ചൊടിച്ചു കയ്യടി വാങ്ങുന്നതില്‍ പരാന്നഭോജനത്തിന്റെ സുഖമേയുള്ളു. വിജയന്റെ മകന്‍ മധു ഇതിനെതിരായി കോടതിയില്‍നിന്നു സ്‌റ്റേ വാങ്ങി.

എഴുത്തുകാരന് അല്ലെങ്കില്‍ എഴുത്തുകാരിക്ക് സ്വന്തം സൃഷ്ടി, അതിന്റെ ഊന്നല്‍, അതിന്റെ രാഷ്ട്രീയവിവക്ഷകള്‍ എന്നിവയ്ക്കുമേല്‍ ഉടമസ്ഥാവകാശം ഉറപ്പിക്കാനാണ് കോപ്പിറൈറ്റ് നിയമം. ഇന്ത്യയില്‍ എഴുത്തുകാര്‍ മരിച്ചതിനു ശേഷം 60 കൊല്ലംവരെ കൃതികളുടെ പകര്‍പ്പവകാശം അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്കുള്ളതാണ്.

പകര്‍പ്പവകാശം എഴുത്തുകാരന് അല്ലെങ്കില്‍ എഴുത്തുകാരിക്ക്, മലയാളംപോലെ വലിയ പുസ്തകവിപണിയില്ലാത്ത ഭാഷയില്‍ വാണിജ്യപരമായ ഗുണം ചെയ്യുന്നുണ്ടെന്നത് അത്ര പ്രധാനമല്ല. അതിനപ്പുറം, തന്റെ കൃതിയുടെ അന്തഃസത്തയും സൗന്ദര്യവും രാഷ്ട്രീയവും രൂപാന്തരത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള അവസരം ലഭിക്കുന്നു. അതായത് ഒരു സാഹിത്യകൃതിയെ അതെഴുതിയ മട്ടില്‍ കുറച്ചുകാലം ജീവിക്കാന്‍ അനുവദിക്കുക. അതിനുശേഷം പൊതുമണ്ഡലത്തില്‍ എത്തുമ്പോള്‍, അല്ലെങ്കില്‍ എഴുതിയ ആളിന്റെ സമ്മതത്തോടെ, അല്ലെങ്കില്‍ രചയിതാവ് പകര്‍പ്പവകാശം സ്വയം ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രം, മറ്റുള്ളവര്‍ അതില്‍ കൈവയ്ക്കുക.

എഴുത്തുകാരെ ഇരുട്ടില്‍ നിര്‍ത്തി അവരുടെ കൃതികളിലൂടെ ആരെങ്കിലും അവരുടെ സര്‍ഗാത്മകത തുറന്നുവിടുകയാണെങ്കില്‍ അതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു വിളിക്കാന്‍ പറ്റില്ല. മറിച്ച്, അത് ഇത്തിള്‍ക്കണ്ണി കൃഷിയാണ്.

ലേഖനത്തിനു കടപ്പാട്: മലയാള മനോരമ ദിനപത്രം

Comments are closed.