എന്‍.പി.മുഹമ്മദിന്റെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എന്‍.പി മുഹമ്മദ് 1928 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി. അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോയില്‍ റസിഡന്റ് എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു.
ദൈവത്തിന്റെ കണ്ണ്, എണ്ണപ്പാടം, മരം, ഹിരണ്യകശിപു, അറബിപ്പൊന്ന് (എം.ടി വാസുദേവന്‍നായരുമായി ചേര്‍ന്ന്), തങ്കവാതില്‍, ഗുഹ, നാവ്, പിന്നെയും എണ്ണപ്പാടം, മുഹമ്മദ് അബ്ദുറഹ്മാന്‍ ഒരു നോവല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. പ്രസിഡന്റിന്റെ ആദ്യത്തെ മരണം, എന്‍.പി മുഹമ്മദിന്റെ കഥകള്‍, ഡീകോളനൈസേഷന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ എന്നിവ പ്രധാന കഥാസമാഹാരങ്ങളാണ്. ഇതിന് പുറമേ നിരവധി നിരൂപണങ്ങളും ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. 2003 ജനുവരി മൂന്നിന് അദ്ദേഹം അന്തരിച്ചു.