ഇതിഹാസവും പരമാര്‍ത്ഥവും
കേരള സാഹിത്യോത്സവത്തിന്റെ 2-ാം ദിനത്തില്‍ The Myth That Mystifies എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ദേവ്ദത്ത് പട്‌നായിക്, പ്രൊഫ. ലത നായര്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
പൗരാണിക സാഹിത്യകാരന്‍ എന്ന നിലയില്‍ ഹിന്ദു പുരാണത്തെ വിമര്‍ശിക്കാനല്ല, പുതിയ മാനങ്ങള്‍ കൃതികളിലൂടെ പറയാനാണ് ശ്രമിക്കുന്നതെന്ന് ദേവ്ദത്ത് പട്‌നായിക് പറഞ്ഞു. ഓരോ വ്യക്തിക്കും ഓരോ രീതിയിലാണ് ഓരോ പുസ്തകവും മനസ്സിലാകുന്നത്. ഏതൊരു ക്ഷേത്രത്തിന്റെയും ഏറ്റവും മുകളില്‍ കാണുന്ന വലിയ കണ്ണുകളാല്‍ നോക്കുന്ന തലയുടെ ശില്‍പം, നമ്മുടെ കൃതികളിലുള്ളതിനേക്കാള്‍ ഉയര്‍ന്ന ഒരു കാഴ്ചപ്പാടാണ് നല്‍കുന്നത്. നമ്മുടെ കാഴ്ചപ്പാട് എന്തു തന്നെയായാലും അതിനെക്കാള്‍ ഉപരി നമ്മെ നോക്കുന്ന മറ്റൊരു വ്യക്തിയും കാഴ്ചപ്പാടുമുണ്ടെന്ന് പറയാതെ പറയുന്നതാണ് ഓരോ ക്ഷേത്രഗോപുരവും. വൈവിധ്യപൂര്‍ണ്ണമായ ഇന്ത്യന്‍ ജനത, ബഹുസ്വരതയോടും കൂടുതല്‍ അടുത്തുനില്‍ക്കുന്നു എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമം യാഥാസ്ഥിതികമായ ചിന്താഗതിയില്‍നിന്നാണ് ആരംഭിക്കുന്നത്. ശ്യാമ എന്ന പുസ്തകം, കൃഷ്ണനെപ്പറ്റി, സ്‌നേഹത്തെപ്പറ്റിയാണ് പറയുന്നത്. ഈ കാലത്ത് നാം സ്‌നേഹം, വികാരം, പ്രണയം എന്നിവയെപ്പറ്റി പുറത്ത് പറയാന്‍ മടിക്കുമ്പോള്‍, പുരാണകാലത്ത് സ്‌നേഹം ദൈവീകമായാണ്; ദേവ്ദത്ത് പറയുന്നു. മോഹഭോഗങ്ങളെ തിരസ്‌ക്കരിക്കുന്ന നിയമം ആശ്രമകാലത്ത് നിലനിന്നിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീത്വത്തില്‍ ഊന്നല്‍ നല്‍കിയ ഹൈന്ദവ പുരാണങ്ങള്‍, അന്നത്തെ വികസിത മനോഭാവത്തെ സൂചിപ്പിച്ചു. ശ്രീകൃഷ്ണന്‍ ശൃംഗാര ഭാവം അലങ്കാരമാക്കിയപ്പോള്‍, പരമശിവന്‍ താണ്ഡവം ചെയ്തു. കലാസാംസ്‌കാരിക രംഗങ്ങള്‍ സ്ത്രീകളുടെ കുത്തകയായിരുന്നെങ്കില്‍ ഇന്ന്, ഏതൊരു കലാരംഗത്തും, സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു. പൗരാണികതയില്‍നിന്ന് പഠിക്കേണ്ട കാര്യങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി.
ഒരു കൃതി ഒരിക്കലും നന്മയും തിന്മയും എങ്ങനെ നോക്കിക്കാണമെന്ന് വായനക്കാരോട് പറയില്ല. മറിച്ച് വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് ചെയ്യുക. ഇന്ത്യയില്‍ തന്നെ പുരാണത്തിന്റെ പലപതിപ്പുകള്‍ കേള്‍ക്കാമെങ്കിലും ഏറ്റവും യുക്തിപരമായതാണ് നാം എന്നും സ്വീകരിക്കുകയെന്ന് അദ്ദേഹം കാണികളുടെ ചോദ്യത്തിന് മറുപടി നല്‍കി.
Comments are closed.