ഹൃദയം ഇന്നും പണയത്തില്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’
മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
അമ്മയുടെ പ്രണയമനസ്സ് ചുരത്തിത്തന്ന അമ്മിഞ്ഞപ്പാലിലൂടെ തന്നെയാണു പ്രണയത്തിന്റെ ബീജം എന്നിലേക്കു പ്രവേശിച്ചതെന്ന് ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു. ഒരു പുരുഷന്‍ സ്ത്രീയിലൂടെ പുനര്‍ജ്ജനിക്കുന്നു എന്ന പ്രമാണം മാത്രംമതി എനിക്കു സാക്ഷ്യം പറയാന്‍.
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലുള്ള സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയെന്നില്‍ നട്ട പ്രണയബീജത്തിനു ഹൃദയഭൂമി ഭേദിക്കാനുള്ള മുളയനക്കം ഞാന്‍ അനുഭവിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുഭാഗങ്ങളിലിരുന്നു വിദ്യ അഭ്യസിക്കുന്ന ക്ലാസ്സുമുറി. പഠിപ്പിക്കുന്ന സമയത്തു വര്‍ത്തമാനം പറയുകയോ കുസൃതികാണിക്കുകയോ
ചെയ്താല്‍ അടിക്കുപകരം ഒരു പുതിയ ശിക്ഷാരീതി അന്നുണ്ടായി. കുറ്റവാളി ആണെങ്കില്‍ പെണ്‍കുട്ടികളുടെഇടയില്‍ പോയിരിക്കണം, മറിച്ചും. അന്നത്തെ പെണ്‍കുട്ടികള്‍ അച്ചടക്കബോധമുള്ളവരായിരുന്നതിനാല്‍ ശിക്ഷിക്കപ്പെടാറേയില്ല. എനിക്കും കിട്ടിയിട്ടുണ്ട്–ഈ തടവറ. ഇന്നു കലവറയെന്നു തോന്നുന്നത് അന്നു തടവറതന്നെയായിരുന്നു. അങ്ങനെയുള്ള ഇരിപ്പ് ശ്വാസംമുട്ടിക്കുന്ന അസ്വസ്ഥതയായിരുന്നു. ആണ്‍കൂട്ടുകാരുടെ ഇടയില്‍ ഇരിക്കുമ്പോളില്ലാത്ത ആ പിരിമുറുക്കത്തിന് അന്നു പേരില്ലായിരുന്നു. ഇന്നുണ്ട്. പരസ്പരാകര്‍ഷണമുള്ള ഒരു പ്രണയകാന്തവലയം അദൃശ്യമായി രൂപംകൊണ്ടതാണ് കാരണം. പെണ്‍കുട്ടികളോടു സംസാരിക്കരുത് എന്നു പറഞ്ഞു പഠിപ്പിക്കുന്ന അച്ഛനമ്മമാരുടെ കൂട്ടത്തിലല്ല എന്റെ മാതാപിതാക്കളെങ്കിലും എനിക്കുമുണ്ടായി ഒരു വിറയല്‍. പരീക്ഷാവേളയില്‍ മൂന്നു പേരിരിക്കുന്ന ബെഞ്ചില്‍, നടുവില്‍ ഞാനും രണ്ടറ്റത്തു പെണ്‍കുട്ടികളും. പേന ഉത്തരമെഴുതാന്‍
ഒഴുകുന്നില്ല. ചോദ്യപേപ്പറിനേക്കാള്‍ വലിയ ചോദ്യചിഹ്നമായിരുന്നു ഉള്ളില്‍. ഇന്നറിയാം, കാന്തത്തിന്റെയരികില്‍ ഇരുമ്പുപൊടികള്‍ തുള്ളും. പ്രണയകാന്തശക്തിയില്ലെങ്കില്‍ ഭ്രമണപഥവുമില്ല, പ്രപഞ്ചവുമില്ല.
പിന്നീട് ലാളനങ്ങളുടെ പേരില്‍ ലഭിച്ച ഉമ്മകള്‍, ആലിംഗനങ്ങള്‍ എന്നിവ നല്കുന്ന പോഷകാഹാരങ്ങളിലൂടെ പ്രണയം രക്തത്തിലെ ഹീമോഗ്ലോബിനായി ലയിച്ചിരുന്നു. ഇനി ചോരയില്‍നിന്നും അതിനെ വേര്‍തിരിച്ചാല്‍ മരണമല്ലാതെ മറ്റൊന്നുമില്ല. ഒരു പെണ്‍ശബ്ദം കേട്ടാല്‍ ഒന്നുമോര്‍ക്കാതെ അന്വേഷിക്കുന്ന കണ്ണുകളായിരുന്നു മുഖത്തെ പ്രധാന ജാലകങ്ങള്‍. കേട്ടറിഞ്ഞതിനെ കാണുമ്പോള്‍ ഉത്സാഹത്തിന്റെ വേലിയേറ്റമുള്ള ഹൃദയം ശാസ്ത്രത്തെ തോല്പിച്ചിട്ടുണ്ട്. പതിനാറായിരത്തിയെട്ട് തവണയെക്കാള്‍
കൂടുതല്‍ വട്ടം. മിനിറ്റിലെ എഴുപത്തിരണ്ട് (72) മിടിപ്പു വെറും കെട്ടുകഥമാത്രമാണെന്നു പലവട്ടം ബാല്യം പഠിച്ചറിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതുപോലെ, ആദ്യകുര്‍ബാന കൈക്കൊള്ളപ്പാടിലൂടെ, സുന്നത്തിലൂടെ, ഉപനയനത്തിലൂടെ ആണ്‍കുട്ടികള്‍ പുരുഷനാകുവാനുള്ള യാത്രയാരംഭിക്കുന്നതുപോലെ 1-13 വയസ്സു പ്രായത്തിലാണു സ്വന്തമായി പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടി വേണമെന്ന മോഹമുണ്ടായത്. പി. ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകള്‍മാത്രം അറിയാവുന്ന പ്രായം.
മധുരപ്പതിനേഴുകാരീ…
ഹൃദയത്തറവാടിന്‍ ഭാഗത്തിനെത്തിയ
മധുരപ്പതിനേഴുകാരീ…
Comments are closed.