DCBOOKS
Malayalam News Literature Website

കനകമഞ്ചാടിപോലൊരു പ്രണയം: ശരത്

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ആദ്യത്തേതെന്തും നമുക്ക് വളരെ വിലപ്പെട്ടതാണ്. അതിലേറ്റവും വിലപ്പെട്ടത് നമ്മുടെ ആദ്യപ്രണയമായിരിക്കുമെന്നു തീര്‍ച്ച. പ്രണയം എന്ന പദത്തിന് ഇതുവരെ ആരും ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. ഒരാളോട് എന്താണെന്നറിയാത്ത ഒരു ‘ഇഷ്ടം’ തോന്നുക എന്നതാണ് ആദ്യത്തെ ലക്ഷണം. ആദ്യ പ്രണ യത്തിന്റെ തിളക്കവും സുഖശീതളിമയും മറ്റൊന്നിനുമുണ്ടാവില്ല. പിന്നീട് അത് ശീലമാകുമെങ്കിലും!!

പ്രണയം ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നയാളാണു ഞാന്‍.  എന്റെ ജീവിതത്തിലും ‘അതിദാരുണമായ’ ഒരു പ്രണയകാലം ഉണ്ടായിട്ടുണ്ട്. ആ ഓര്‍മ്മകള്‍ ശിഥിലമായിക്കഴിഞ്ഞു. അത് ഏറക്കുറെ പെറുക്കിക്കൂട്ടി ഞാന്‍ പ്രിയ വായനക്കാര്‍ക്കായി കോറിയിടുകയാണ്.

ഞാനന്ന് ഒന്‍പതാം ക്ലാസ്സില്‍ വര്‍ഷാവസാനപരീക്ഷയോട് അടുക്കുകയാണ്. ആ വര്‍ഷവും പതിവുപോലെ മാര്‍ക്കു ഷീറ്റുകള്‍ നോക്കി നെടുവീര്‍പ്പിടാനായിരുന്നു എന്റെ വിധി. ജില്ലാതല യുവജനോത്സവം നടക്കുന്ന സമയത്താണ് കാവ്യ എന്ന എന്റെ പ്രേമഭാജനത്തെ ഞാനാദ്യം കാണുന്നത്. കാവ്യ അതിമനോഹരമായി പാടും. സംഗീതവുമായുള്ള ബന്ധമായിരിക്കാം എന്നെ പ്രേമിക്കുക എന്ന ദുര്‍ബുദ്ധിയിലേക്ക് ആ കുട്ടിയെ എത്തിച്ചത്.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം ബാല്യമാണ് എന്നു പറയാറുണ്ട്. അച്ഛനമ്മമാരുടെ തണലില്‍, യാതൊരു അല്ലലുമില്ലാതെ, സ്‌കൂളില്‍ പോവുകയും കോളജില്‍ പോവുകയും ചെയ്യുന്ന കാലം. എന്റെ ബാല്യവും കൗമാരവും ഒരു ആഘോഷംതന്നെയായിരുന്നു. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമടങ്ങുന്ന സന്തോഷം കളിയാടുന്ന ഒരു വീടായിരുന്നു എന്റേത്. അതുകൊണ്ടുതന്നെയായിരിക്കാം ആ കാലഘട്ടത്തില്‍ ഞാനെ ത്തിച്ചേര്‍ന്ന പ്രണയത്തിനും അതിന്റേതായ മനോഹാരിതയും
ആഴവും സുഖവുമുണ്ടായിരുന്നു.

യുവജനോത്സവേദികളില്‍ ഇന്നു കാണുന്നതുപോലെ മാതാപിതാക്കളും വിധികര്‍ത്താക്കളും തമ്മിലുള്ള വാക്കേറ്റങ്ങളും കൈയാങ്കളിയും അന്നുമുണ്ട്. മത്സരത്തിന്റെ തീച്ചൂടിന് ഒരല്പം ആശ്വാസം തന്നിരുന്നത് ഒളിഞ്ഞും മാറിയും
നിന്നുള്ള ചെറുപുഞ്ചിരികള്‍ മാത്രമായിരുന്നു. ഒരു പെണ്‍കുട്ടിയോട് ഇതുവരെ തോന്നാത്ത ഒരു ഇഷ്ടം തോന്നുകയും, ആ ഇഷ്ടം പുറത്തുപറയാതെ കൊണ്ടുനടക്കുകയും ചെയ്യുമ്പോള്‍ അതേ പെണ്‍കുട്ടി ഒന്നുമറിയാത്തവളെപ്പോലെ നമ്മോടു ചിരിച്ചു കാണിക്കുമ്പോഴുണ്ടാകാവുന്ന ഇളിഭ്യത ഊഹിക്കാവുന്നതേയുള്ളൂ. എനിക്കുണ്ടാകുന്ന ചമ്മല്‍ കണ്ട് സന്തോഷിക്കാനാണോ അവള്‍ വീണ്ടും ചിരിച്ചുകൊണ്ടിരുന്നത് എന്നെനിക്കു സംശയമുണ്ട്! വന്നുവന്ന് ഒടുവില്‍ ചിരിമാറി ചമ്മല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സത്യസന്ധമായി പറയട്ടെ, അവള്‍ പാടുന്നത് കേള്‍ക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരുപക്ഷേ, എന്നെ അവളിലേക്കടുപ്പിച്ചതും അതുതന്നെയായിരിക്കാം. യുവജനോത്സവ മത്സരങ്ങളെക്കുറിച്ചറിയാമല്ലോ. ചില മത്സരങ്ങള്‍ പാതിരാക്കോഴി കൂവിയാലും അവസാനിക്കില്ല. ഇതേപോലെ ഒരിക്കല്‍ സംഘഗാനമത്സരം അര്‍ദ്ധരാത്രിയായിട്ടും അവസാനിച്ചില്ല. അവളുടെ മത്സരം നേരത്തേ കഴിഞ്ഞിരുന്നു. ഞാന്‍ പാടുന്നതു കേള്‍ക്കാന്‍വേണ്ടി മാത്രം അവള്‍ വേദിയില്‍ കാത്തിരിക്കുന്നുണ്ട്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ‘പൂവേ പൊലി പൂവേ, നിറയോ നിറ നിറയോ’… ഈ പാട്ടുകളൊക്കെയായിരുന്നു ഗ്രൂപ്പ് സോങ്ങിന് അന്നു ഞങ്ങള്‍ പാടിയത്.

ഇതുവരെയും ഞാനവളോട് ഒരക്ഷരം ഉരിയാടിയിട്ടില്ല. ഇതൊരു കാരണമാക്കി ‘പാട്ടു കൊള്ളാരുന്നോ, ഇഷ്ടായോ’ എന്ന് മത്സരം കഴിയുമ്പോള്‍ ചോദിക്കണം എന്നു മനസ്സില്‍ കരുതിയിരിക്കുകയാണ് ഞാന്‍. സ്‌റ്റേജില്‍ നിന്നപ്പോള്‍ത്തന്നെ
അവള്‍ നില്ക്കുന്ന സ്ഥലം ഞാന്‍ നോക്കിവച്ചു. അതൊരു സ്‌കൂളിന്റെ ഇടനാഴിയാണ്. വെളിച്ചത്തിന്റെ തരിപോലുമില്ല, ഇരുട്ട് കട്ടപിടിച്ചു നില്ക്കുന്നു. അവള്‍ ആ തിണ്ണയില്‍ നില്ക്കുകയാണ്. ഞാന്‍ താഴെനിന്ന് ഏറ്റവും മൃദുവായി തേനില്‍ കുഴച്ച ശബ്ദത്തില്‍ ചോദിച്ചു:

‘പാട്ടു കൊള്ളാമായിരുന്നോ, ഇഷ്ടായോ?’

എന്നാല്‍ മറുപടി ഘനഗംഭീരമായ സ്വരത്തില്‍ വളരെ ഉറപ്പോെടയായിരുന്നു.

‘പാട്ടൊക്കെ കൊള്ളാരുന്നു. പക്ഷേ, കുറേംകൂടിയൊക്കെ നിങ്ങള്‍ പ്രാക്ടീസ് ചെയ്യണം.’

ഞാന്‍ ഞെട്ടിപ്പോയി. ഇവളുടെ ശബ്ദത്തിനെന്താ ഇത്രയും കനം? ഇനി രാത്രിയായതുകൊണ്ടായിരിക്കുമോ? വളരെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്. അതു കാവ്യ ആയിരുന്നില്ല. കാവ്യയുടെ ചിറ്റപ്പനായിരുന്നു! പിന്നെ അവിടുന്ന് ഒരു ഓട്ടംതന്നെയായിരുന്നു. എവിടെ ഇടിച്ചു വീണെന്ന് എനിക്കുമറിയില്ല എന്റെ കൂടെയുള്ളവര്‍ക്കും അറിഞ്ഞുകൂടാ. അങ്ങനെ ആ യുവജനോത്സവം കഴിഞ്ഞു. അവളെ കണ്ടുപിടിച്ച് എന്റെ മനസ്സിലുള്ളത് പറയണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. ഞാനാണെങ്കില്‍ പത്താം ക്ലാസ്സിലേക്കു കാലെടുത്തു വയ്ക്കുന്നതേയുള്ളൂ. എങ്ങനെയെങ്കിലും അവളെ ലൊക്കേറ്റ് ചെയ്യണമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു.

പ്രണയപുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.