DCBOOKS
Malayalam News Literature Website

പ്രണയമേ നന്ദി: ഡോ.ബി. പത്മകുമാര്‍

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

പ്രണയം ഊര്‍ജമാണ്. ജീവിതത്തിനു ചടുലതയും വേഗവും സമ്മാനിക്കുന്ന ചാലകശക്തിയാണ് അനശ്വരപ്രണയം. ഫസ്റ്റ്ഗിയറില്‍നിന്ന് ടോപ് ഗിയറിലേക്കു വണ്ടി കുതിച്ചുപായുന്നതുപോലെ പ്രതിബിംബങ്ങളെ തട്ടിത്തെറിപ്പിച്ച്, വിഷാദത്തിന്റെ മൂടുപടം ഊരിയെറിഞ്ഞ്, ജീവിതത്തെ പ്രകാശവേഗത്തില്‍ മുന്നോട്ടു പായിക്കുവാന്‍ പ്രണയോര്‍ജത്തിനു കഴിയും. പ്രതീക്ഷയുള്ളവന് അനുരാഗം ശുഭപ്രതീക്ഷകളുടെ മരുപ്പച്ചയാണ്. സ്വപ്‌നങ്ങളില്ലാത്തവന്റെ മുന്നില്‍ പ്രണയം സുവര്‍ണ്ണ സ്വപ്നങ്ങളുടെ സ്വര്‍ഗകവാടമാണു തുറക്കുന്നത്.

പ്രണയം വിരസമായ ജീവിതത്തിനു നിറവും മണവും യൗവനവും നല്കുന്നു. പ്രണയികള്‍ക്കു ചുറ്റുമുള്ള ലോകം കൂടുതല്‍ ആസ്വാദ്യമായി തോന്നാറുണ്ട്. പൂമരങ്ങള്‍ തണല്‍വിരിച്ചു നില്ക്കുന്ന കലാലയം, നീണ്ട ഇടനാഴികള്‍, വിശാലമായ ക്ലാസ്സ്‌റൂം, എന്നും കാണുന്ന അധ്യാപകര്‍, സഹപാഠികള്‍, മാറ്റങ്ങളില്ലാത്ത നിത്യകാഴ്ചകളാണിതെല്ലാമെങ്കിലും പ്രണയത്തിന്റെ പഞ്ചസാര പുരട്ടിയ കണ്ണുകളിലൂടെ നോക്കുമ്പോള്‍ മധുരിക്കുന്ന ദൃശ്യങ്ങളാണിതൊക്കെ. പ്രണയലോകത്തു ശത്രുക്കളില്ല. എല്ലാം മിത്രങ്ങള്‍ മാത്രം ‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്ന കവിവാക്യം അന്വര്‍ത്ഥമാവുകയാണിവിടെ. അതുകൊണ്ടാണ് പൗലോ കൊയ്‌ലോ പറഞ്ഞത് ‘ആരും മോചനമാഗ്രഹിക്കാത്ത രോഗമാണു പ്രണയമെന്ന്.’

പരിശുദ്ധ പ്രണയത്തിനു ജീവിതത്തെ ശുദ്ധീകരിക്കാനും നവീകരിക്കാനും കഴിയും. പ്രണയപ്പനി ബാധിച്ച എത്രയോപേര്‍ തെറ്റായ വഴികളില്‍നിന്നു ജീവിതത്തിന്റെ അനിവാര്യമായ നിയന്ത്രണങ്ങളിലേക്ക് അതിശയകരമാംവിധം തിരിച്ചു വരുന്നു—നീട്ടിവളര്‍ത്തിയ മുടിയും താടിയും വടിച്ച്, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്, വിഷാദത്തെയും ടെന്‍ഷനെയും മറികടന്നു സദാ സ്ഫുരിക്കുന്ന പ്രസന്നഭാവത്തോടെ പ്രണയദിനങ്ങളെ വരവേല്ക്കുന്നു–പ്രണയചികിത്സയുടെ ഫലമാണിത്—എറിക് ബേണ്‍ പറഞ്ഞതുപോലെ പ്രകൃതിയൊരുക്കുന്ന മനഃശാസ്ത്രചികിത്സയാണ് പ്രണയം. ‘പിടിച്ച് കെട്ടിക്കുക’ എന്നതു തലതിരിഞ്ഞു നടക്കുന്നവനെ നന്നാക്കാനുള്ള മാര്‍ഗമായി സമൂഹം എന്നും കണ്ടിരുന്നു. പ്രണയവും ആ വഴിക്കുപകരിക്കുന്ന പ്രതിഭാസമാണ്. പാളം തെറ്റിയ ജീവിതശകടത്തെ പാളത്തില്‍ വീണ്ടും കയറ്റി ശരവേഗത്തില്‍ പായിക്കുവാന്‍ അനുരാഗത്തിന്റെ മാസ്മരിക പ്രഭാവത്തിനു കഴിയും.

എന്നാല്‍ ആദ്യാനുരാഗം മനസ്സില്‍ മൊട്ടിട്ടത് സ്‌കൂളില്‍ പഠിക്കുമ്പോഴല്ല. എല്‍.പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മയുടെ ട്രങ്കുപെട്ടിയില്‍നിന്നും അച്ഛന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും നാണയങ്ങള്‍ കട്ടെടുത്തു സ്‌കൂളിലെ അക്കയുടെ
കടകളില്‍നിന്നും ശര്‍ക്കരമിഠായി വാങ്ങാനും മുതിര്‍ന്ന ക്ലാസ്സിലെ ചേട്ടന്മാര്‍ക്കു ബീഡിയും സിഗററ്റും വാങ്ങിക്കൊടുക്കാനുമായിരുന്നു താല്‍പര്യം. ചങ്ങാത്തമെല്ലാം ആണ്‍കുട്ടികളുമായിട്ടായിരുന്നു. വീട്ടില്‍ മര്യാദക്കാരനായിരുന്നതുകൊണ്ട് സ്‌കൂളിലെ കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. അവസാനം സഹികെട്ടപ്പോഴാണ് നാലാം ക്ലാസ്സിലെ അന്നക്കുട്ടിടീച്ചര്‍ അമ്മയെ വിളിച്ചുവരുത്തി പറഞ്ഞത്. ഇവനെ സ്‌കൂളില്‍ നിന്നു ടി.സി. കൊടുത്തു പറഞ്ഞുവിടാന്‍ പോവുകയാണ്. ഇനിയും ഇവനെ ഇവിടെ പഠിപ്പിച്ചാല്‍ സ്‌കൂളിലെ മറ്റു പിള്ളാരും
ചീത്തയാകും. പിന്നീട് എന്നെ അവിടെത്തന്നെ പഠിപ്പിക്കാന്‍ അച്ഛന്‍ ഹെഡ്മാസ്റ്ററുടെ മുമ്പില്‍ ഒത്തിരി താഴേണ്ടിവന്നു.

മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോഴും സൗഹൃദം ക്ലാസ്സിലെ ആണ്‍കുട്ടികളുമായിട്ടായിരുന്നു. പ്രത്യേകിച്ചും തുടര്‍ച്ചയായി ഒരു ക്ലാസ്സില്‍തന്നെ പഠിച്ച് ഇരുത്തംവന്ന ചേട്ടന്മാരോട് ഒരാരാധനതന്നെയായിരുന്നു. പെണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂള്‍ ആയിരുന്നെങ്കിലും പാട്ടും മൃദംഗവും കവിതാപാരായണവുമൊക്കെ ഒപ്പമുണ്ടായിരുന്നെങ്കിലും പ്രണയം മുള പൊട്ടിയിരുന്നില്ല. പെണ്‍സൗഹൃദങ്ങള്‍പോലും
ഉണ്ടായിരുന്നില്ല. സഹജമായുണ്ടായിരുന്ന ലജ്ജാശീലംതന്നെയായിരുന്നു പ്രധാന കാരണം.

പ്രണയത്തിന്റെ സുഖാനുഭൂതികള്‍ ആദ്യമായി മനസ്സില്‍ നിറയുന്നതു ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഒരു ട്യൂഷന്‍ ക്ലാസ്സില്‍ വച്ചാണ്. സുവോളജിയായിരുന്നു ഡിഗ്രിയുടെ വിഷയം. ട്യൂഷന് എത്തിയിരുന്ന വനിതാകോളജിലെ പെണ്‍കുട്ടിയാണ് പ്രണയത്തിന്റെ രസതന്ത്രം ആദ്യമായി മനസ്സിലാക്കിത്തന്നത്. കണ്ണുകള്‍ക്കും സംസാരിക്കാന്‍ കഴിയുമെന്ന് അന്നാണ് ഞാനറിയുന്നത്. കണ്ണുകള്‍ തമ്മില്‍ ഉടക്കുമ്പോള്‍ ശരീരത്തിലെ രാസസന്ദേശവാഹകരുടെ വികൃതികള്‍ മനസ്സിനെ ഉത്തേജിതമാക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. പഠിക്കാന്‍ മിടുക്കിയായിരുന്ന ആ പെണ്‍കുട്ടിയുടെ പ്രസരിപ്പാണ് സൗന്ദര്യത്തെക്കാളേറെ എന്നെ ആകര്‍ഷിച്ചത്‌.

ഡോ.ബി.പത്മകുമാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.